തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂർക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലായി 9.57 ലക്ഷം വോട്ടര്‍മാരാണുള്ളത്.
ഇതുവരെയുള്ള കണക്ക് പ്രകാരം മഞ്ചേശ്വരത്താണ് പോളിങ് കൂടുതല്‍ നടന്നത്. 11.98 ശതമാനം. എറണാകുളം – 4.93%, അരൂര്‍ – 9.66%, കോന്നി 10.25%, വട്ടിയൂര്‍ക്കാവ് – 9.10%. വൈകിട്ട് ആറു മണിവരെയാണ് പോളിങ്ങ് . കനത്ത മഴ പോളിങ്ങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മുന്നണികള്‍.
എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്‌റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കുന്നുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ പെയ്യുന്നുണ്ട്. കോന്നിയില്‍ 25 ബൂത്തുകളില്‍ വൈദ്യുതി മുടങ്ങി. മഴ തുടരുന്നതിനാല്‍ പോളിങ് ബൂത്തുകളിലേക്ക് പോകാന്‍ വോട്ടര്‍മാരും മടിക്കുകയാണ്. വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം നിലവില്ലെന്നും ബന്ധപ്പെട്ടവരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വേറൊരു വഴിയുമില്ലെങ്കില്‍ റീപോളിങ് പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
















