അഹന്താസുരന്‍ അഹങ്കാരമെല്ലാം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് ധൂമ്രവര്‍ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം അറിയിക്കാനാണ് താന്‍ ദൂതനായി വന്നതെന്ന് ശ്രീനാരദര്‍ അഹന്താസുരനോട് വ്യക്തമാക്കി.
കീഴടങ്ങാന്‍ അഹന്താസുരന്റെ അഹങ്കാരം സമ്മതിക്കുന്നില്ല. ‘ധൂമ്രവര്‍ണനോ? അവനാരാ എന്നോട് നിര്‍ദേശിക്കാന്‍. ഞാന്‍ ആരുടെ മുമ്പിലും കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ആരെയും ഭയപ്പെടുന്നുമില്ല. ഏതു ധൂമ്രവര്ണനായാലും അവനെ വെറും പുകയാക്കി മാറ്റാന്‍ എനിക്കധികം നേരമൊന്നും വേണ്ട’.
പെട്ടെന്നായിരുന്നു അഹന്താസുരന്റെ മറുപടി. ദൂതനായി വന്ന നാരദരോടുള്ള ദേഷ്യം വഴിയില്‍ കണ്ട മറ്റു മഹര്‍ഷിമാരോടാണ് അഹന്താസുരന്‍ തീര്‍ത്തത്.
ആ മഹര്ഷീ ഗണങ്ങള്‍ അവരുടെ ദുരിതങ്ങള്‍ ശ്രീഗണേശന്റെ മുന്നില്‍ അവതരിപ്പിച്ചു.
അവരെ ആശ്വസിപ്പിച്ച ശ്രീഗണേശന്, ധൂമ്രാവതാരമൂര്ത്തി ഒട്ടും താമസിയാതെ തന്നെ തന്റെ കൈയിലിരുന്ന കയറ് അഹന്താസുരന്റെ നേരെ പ്രയോഗിച്ചു. അഹന്താസുരന്റെ സൈനികരില്‍ പലരേയും ധൂമ്രവര്‍ണന്‍ തന്റെ കയറിനാല്‍ കെട്ടി വലിച്ചു.
തന്റെ സൈനികരെല്ലാം നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാകുന്നതു കണ്ട് അഹന്താസുരന്‍ ഭയപ്പെട്ടു. ഭയം കൊണ്ട് ഭ്രാന്തുപിടിച്ചതു പോലെയായി. ഇതുകണ്ട് അഹന്താസുരന്റെ സന്താനങ്ങള്‍ അടുത്തെത്തി ആശ്വസിപ്പിച്ചു. ‘അങ്ങ് ഇവിടെ ഇരുന്നാല്‍ മതി. ഞങ്ങള്‍, മക്കള്‍ പോയി ധൂമ്രവര്‍ണന്റെ മായാപ്രയോഗങ്ങളെ ജയിച്ചു വരാം. ഇതും പറഞ്ഞ് അഹന്താസുരനെ വെല്ലുന്ന അഹന്തയോടെ അവര്‍ ധൂമ്രവര്ണനു നേരെ ചീറിയടുത്തു. എന്നാല്‍ ധൂമ്രവര്‍ണന്റെ ഒരു നോട്ടം കൊണ്ടു തന്നെ അവരെല്ലാം ഭസ്മമായി.
ഇതെല്ലാം കണ്ട്് പേടിച്ചരണ്ട, അഹന്താസുരന്‍ ശുക്രാചാര്യരുടെ മുന്നിലെത്തി അഭയം തേടി. ശുക്രാചാര്യര്‍ തന്റെ ദിവ്യദൃഷ്ടിയാല്‍ പരതി. ധൂമ്രവര്ണനായി വന്നിരിക്കുന്നത് സാക്ഷാല്‍ ശ്രീഗണേശന് തന്നെയെന്ന് വ്യക്തമായി. അഹന്താസുരനെ ശുക്രാചാര്യര്‍ ശകാരിച്ചു. ധൂമ്രവര്‍ണന്‍ ആരെന്നും ആ മൂര്‍ത്തിയുടെ ശക്തിയെന്തെന്നും തിരിച്ചറിഞ്ഞാണോ നീ ധൂമ്രവര്ണനെതിരെ പോരാട്ടവുമായി ഇറങ്ങിയത്. ഈ ധൂമ്രവര്ണനാണ് നിനക്ക് ശക്തിപകര്‍ന്നു തന്ന് നിന്നെ ശക്തനാക്കിയതെന്ന് നീ മറന്നത് പോരായ്കയാണ്. ഇനി നിന്നെ രക്ഷിക്കാന്‍ മറ്റാരും വരില്ല. അതിനാല്‍ ശ്രീഗണേശനെത്തന്നെ നീ അഭയം പ്രാപിച്ചാലും.
ഇതുകേട്ട് അഹന്താസുരന്‍ ഗണേശമന്ത്രം ജപിച്ചുകൊണ്ട് ധൂമ്രവര്ണനെത്തന്നെ അനുസ്മരിച്ചു.
ഇനി മുതല്‍ ഭക്തരുടെ പരിസരത്തു പോലും കാണരുതെന്ന് ശാസിച്ച് അന്തഹാസുരനെ ഗണേശന് തിരിച്ചയച്ചു. അസുരന് പാതാളത്തില്‍ പോയി ഒളിച്ചു.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: