കല കച്ചവടത്തിനുപയോഗിക്കാന് തുടങ്ങിയിട്ട് നാളേറെയായി. അതുകൊണ്ടു ചില ദോഷങ്ങളുമുണ്ടായി. കള്ളക്കച്ചവടം കലയുടെ പേരിലും വന്നു; മെച്ചം കലാകാരന്മാര്ക്ക് ‘കഞ്ഞികുടിച്ച്’ കഴിയാമെന്ന കഥയില്‍നിന്ന് നിലമെച്ചപ്പെട്ടുവന്നതാണ്. പക്ഷേ, കച്ചവടക്കാലത്ത് കല സംതൃപ്തിക്കും സ്വന്തമായ അന്വേഷണത്തിനും കൂടെ ജീവനത്തിനും വിനിയോഗിക്കുന്നതാണ് യാഗാ ശ്രീകുമാറിന്റെ പ്രത്യേകത. തുടക്കത്തിലേ പറയട്ടെ യാഗാ ശ്രീകുമാര്‍ ‘യജ്ഞ’ങ്ങള് കൂടുതല്‍ പ്രൊഫഷണലാക്കണം; നടത്തിപ്പുകാര്യത്തില്.
പത്തു വയസു മുതല്‍ തുടങ്ങിയതാണ് കലാ പ്രവര്‍ത്തനം. വരയ്ക്കും, ശില്‍പ്പം രചിക്കും, കൂറ്റന്‍ കലാ നിര്‍മാണം നടത്തും; അത് കലാ സങ്കലനമാണ്. അതിശയിപ്പിക്കുന്ന തരത്തില്‍ ആശയം സങ്കല്‍പ്പിക്കും, അത് അപ്പടി രൂപപ്പെടുത്തും. യാഗാ ശ്രീകുമാര്‍ ഇന്ന് കേരളത്തിലെ കലാ മേഖലയില്‍ ബ്രാന്‍ഡ് നെയിം ആയിക്കഴിഞ്ഞു.
തൃശൂരില്‍, ആയിരത്തിയൊന്ന് ചിത്രങ്ങള്‍ ശേഖരിച്ച് അവതരിപ്പിച്ചാണ് തിരുവനന്തപുരം മണക്കാട് സ്വദേശി ശ്രീകുമാര്‍ പ്രത്യേക ശ്രദ്ധ നേടിയത്. മദര്‍ ഓഫ് ക്രൈസ്റ്റ്- കന്യാമറിയത്തിന്റെ, 1001 ചിത്രങ്ങള്‍. ലോകത്ത് വിവിധ ഭാഗങ്ങളില്‍ കലാകാരന്മാര് രചിച്ച ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചു. ഡാവിഞ്ചിയും വാന്‍ഗോഗും തുടങ്ങി അതിപ്രശസ്തര്‍ രചിച്ചവയുടെ പകര്‍പ്പായിരുന്നു അവ. പ്രദര്‍ശന നഗരിയുടെ പ്രത്യേകത, ചിത്ര ശേഖരണം, വിന്യാസം തുടങ്ങിയവ പ്രദര്‍ശനം കൂടുതല്‍ ആകര്‍ഷകമാക്കി. കേരളത്തിലെ ക്രൈസ്തവ സഭകള്‍പോലും അതുവരെ സങ്കല്‍പ്പിക്കാത്ത ആശയം.
മൂന്നു ദിവസത്തെ പ്രദര്‍ശനം ഒരു ലക്ഷം പേര് കണ്ടു. തൃശൂര്‍ അതിരൂപത ചില സഹായങ്ങള്‍ ചെയ്തു. തീര്‍ത്ഥാടന കേന്ദ്രം പോലെയായിരുന്നു പ്രദര്‍ശന നഗരി. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മൂന്ന് രജിസ്റ്റര്‍ പോരാതെ വന്നു. അങ്ങനെ തൃശൂര്‍ കേന്ദ്രമാക്കി യാഗാ ശ്രീകുമാര്‍ കലാ പ്രവര്‍ത്തന കേന്ദ്രം തുടങ്ങി. ശ്രീകുമാറിന്റെ നിര്‍ഭയ എന്ന ആര്‍ട്ട് ഗാലറി ശ്രദ്ധേയമായി. കലാകാരന്മാരില് പലര്‍ക്കും പൊതുവേയുള്ള മടി, അശ്രദ്ധ, കലയില്‍ കച്ചവടം ചേര്‍ക്കായ്ക തുടങ്ങിയ പ്രശ്നങ്ങള്‍ ശ്രീകുമാറിലും കണ്ടു.
അതിനിടെ, കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് സമ്മേളന നഗരിയില്‍ ചരിത്രം ചിത്രത്തിലാക്കി നടത്തിയ ഗ്യാലറി ശ്രദ്ധിക്കപ്പെട്ടു. പിന്നാലേ കോഴിക്കോട്ട് ബിജെപിയുടെ ദേശീയ സമ്മേളനം നടത്തിയപ്പോള്‍ യാഗായുടെ പ്രദര്‍ശനം ചരിത്ര പ്രസിദ്ധമായി. യാഗായുടെ ഏറ്റവും വലിയ പ്രദര്‍ശനവും പ്രവര്‍ത്തനവും അതായിരുന്നുവെന്നും പറയാം. ജനസംഘത്തില്‍ നിന്ന് ജനതാപാര്‍ട്ടിയിലൂടെ ഭാരതീയ ജനതാ പാര്‍ട്ടി രൂപപ്പെട്ട് കേന്ദ്ര ഭരണത്തിലെത്തിയതിന്റെ ചരിത്രം, അത് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ കാഴ്ച കൂടിയായി. ഇത്തരം പ്രദര്‍ശനങ്ങള്‍ ഇവന്റ് മാനേജ്മെന്റിന്റെ ഭാഗമായി ഏറെ സാങ്കേതികമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് തികച്ചും വ്യത്യസ്തമായിരുന്നു യാഗായുടെ ‘യജ്ഞം’. ഇന്ത്യയൊട്ടുക്കുനിന്നെത്തിയവര് പ്രദര്ശിനിയെ പ്രശംസിച്ചു. അതിനു കാരണം പ്രദര്‍ശനത്തിന്റെ പ്രവര്‍ത്തനത്തിന് കൊടുത്ത സമയവും പ്രയത്നവുമായിരുന്നുവെന്ന് യാഗാ ശ്രീകുമാര്‍ പറയുന്നു. ഏറെ നാളുകള്‍ പഠിച്ചു, ഗവേഷണം നടത്തി. ജനസംഘത്തിന്റെ ആദ്യ പതാക പ്രദര്‍ശനത്തില്‍ വച്ചു. കോഴിക്കോട്ട് നടന്ന ജനസംഘം ദേശീയ സമ്മേളന നഗരിയില്‍ ഉയര്‍ത്തിയ പതാകയായിരുന്നു അത്. പതാക നിധിപോലെ സൂക്ഷിച്ചിരുന്നയാളിനെ കണ്ടെത്തി, ഏറെ പണിപ്പെട്ട് സംഘടിപ്പിച്ചതാണ്, ഏറെ അന്വേഷണവും ചര്‍ച്ചകളും ആ പ്രദര്‍ശനത്തിനു നടത്തി; ആ പതാക, അതിന്റെ സവിശേഷതയും ചരിത്രപ്രാധാന്യവും മനസിലാക്കിയ ബിജെപി നേതൃത്വം ദല്ഹിക്കുകൊണ്ടുപോയി പാര്‍ട്ടി ആസ്ഥാനത്ത് ഭവ്യമായി സൂക്ഷിക്കുന്നുണ്ട്; ശ്രീകുമാര്‍ പറഞ്ഞു. അതെ ഇങ്ങനെയാണ് കച്ചവടത്തിനപ്പുറം യാഗായിലൂടെ കല ചരിത്രത്തില്‍ ആകുന്നത്.
ചെറുതും വലുതുമായ ഒട്ടേറെ കലാ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും യാഗായുടേതായുണ്ടായി. തിരുവനന്തപുരത്ത് എബിപിവി മഹാസമ്മേളനം നടന്നപ്പോള്‍ അവര്‍ യാഗായെ സമ്മേളന പ്രദര്‍ശന നഗരി തയാറാക്കാന്‍ ചുമതലപ്പെടുത്തി. കണ്ണൂര്‍ രാഷ്ട്രീയത്തിലെ രക്തം പുരണ്ട ചരിത്രം യാഗാ പ്രദര്‍ശിപ്പിച്ചു. അതിനും ഏറെ അന്വേഷണങ്ങള്‍ വേണ്ടിവന്നു. പാലക്കാട്ട് ആര്‍എസ്എസ് നടത്തിയ സംസ്ഥാന ശിബിരത്തിലെ കലാ പ്രവര്‍ത്തനം യാഗായെ ഏറ്റവും ശ്രദ്ധേയനാക്കി. ആര്‍എസ്എസിന്റെ ചരിത്രം ദൃശ്യരൂപങ്ങളില്‍ ചിത്രവും ശില്‍പ്പവുമായി ശ്രീകുമാര്‍ അവതരിപ്പിച്ചു. സുഹൃത്തുക്കളായ ആറ് ആര്‍ട്ടിസ്റ്റുകളുടെ സഹായത്തില്‍ ഒരു മാസമെടുത്ത് വരച്ച ചിത്രങ്ങള്‍ സംഘചരിത്രത്തിന്റെ കാഴ്ചയായി. 12 അടി ഉയരത്തില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാറുടെ ശില്പം സൃഷ്ടിച്ചു. സര്‍റിയലിസ്റ്റിക് കലാലോകത്തിന് കേരളത്തിന്റെ സംഭാവനയായ നാഗത്തറ, കാവും സര്‍പ്പ പ്രതിഷ്ഠയും മറ്റും മറ്റും ചേര്‍ത്ത് പുനഃസൃഷ്ടിച്ചു. ഉജ്ജ്വലമെന്ന പ്രശംസകള്‍ക്ക് ഗംഭീരമെന്ന പുകഴ്ത്തലും ചേര്‍ന്നതായിരുന്നു പ്രദര്‍ശനത്തിനു കിട്ടിയ വിശേഷങ്ങള്‍ ഓരോന്നും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പ്രശംസിച്ചു.
അതിവിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടികളുടെ വേദികള്‍ക്ക് അലങ്കാരവും ഡിസൈനും അളവും നിശ്ചയിക്കുന്നത് സുരക്ഷയുടെ ഭാഗമായി പ്രത്യേക പ്രൊട്ടക്ഷന്‍ വിഭാഗമാണ് (എസ്പിജി). തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന പൊതുപരിപാടിയുടെ ആദ്യവേദി തയാറാക്കുമ്പോള്‍ ശ്രീകുമാറിന് ആശങ്കയുണ്ടായിരുന്നു, പതിവുപോലെ അവസാന നിമിഷം ചിലതെങ്കിലും എസ്പിജി പൊളിപ്പിക്കില്ലേ എന്ന്. അങ്ങനെയാണ് പൊതുവേ പതിവ്. പക്ഷേ വേദി കണ്ട് ആസ്വദിച്ചുനിന്ന എസ്പിജിയും യാഗയുടെ തോളില്‍ത്തട്ടി. പ്രധാനമന്ത്രിയുടെ കേരളത്തിലെ നാലു പരിപാടികള്‍ക്കും യാഗാ ആയിരുന്നു വേദി ഒരുക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മതിപ്പാണ്, കാരണം വിഐപി സന്ദര്‍ശനങ്ങളുടെ ചിട്ടവട്ടങ്ങള്‍ തെറ്റിക്കാതെ ശ്രീകുമാര്‍ ചെയ്യുമെന്ന് അവര്‍ക്കും ഉറപ്പാണ്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, (സിയാല്‍) ലോകം കേരളം കാണാനെത്തുന്ന വഴിയാണ്. അവിടെ കേരളം കണ്ടു മടങ്ങുന്നവര്‍ക്ക് മറക്കാനാവാത്ത ഒരുമുഹൂര്‍ത്തം ഒരുക്കുന്നതെങ്ങനെ എന്ന ചിന്ത അധികൃതര്‍ക്കു വന്നപ്പോള്‍ അതിനായി നിയോഗിക്കപ്പെട്ടതും യാഗാ ശ്രീകുമാര്‍ തന്നെ. അങ്ങനെ 2500 ചതുരശ്ര അടിയില്‍ സിയാലില്‍ സെല്‍ഫികോര്‍ണര്‍ ഒരുങ്ങി. വിമാനയാത്രയ്ക്ക് ബോര്‍ഡിങ് പാസെടുത്ത ശേഷം വിമാനത്തില്‍ കയറും മുന്‍പ് അവിടെ ഒരു ക്ലിക്കെടുക്കാതെ പോകുന്ന കേരളീയര്‍ പോലും ചുരുക്കം. കൂത്തമ്പലം, കഥകളി, ഓട്ടന്തുള്ളല് തുടങ്ങിയവയുടെ ശില്പം, ആള് വലുപ്പത്തിലുള്ള 18 ചുമര് ചിത്രം, എട്ടടി നീളത്തില്‍ അഞ്ചടി ഉയരത്തില്‍. ഇതിലെ ചുമര് ചിത്രങ്ങള്‍ യാഗാ ഒരുക്കിയതാണ്.
കാഴ്ചയില്‍ ഒരു കുറവും വീഴ്ചയും ഇല്ലാതിരിക്കണമെന്നാണ് യാഗായുടെ സങ്കല്പം. വലിയ സമ്മേളനവേദികളില്‍ അവസാനമിരിക്കുന്നവര്ക്കും വേദിയിലെ കാഴ്ച കുറയരുത്. കാണുന്നതില്‍ സൂക്ഷ്മാംശങ്ങള്‍ ഒട്ടും കുറയരുത്. ചരിത്രങ്ങള്‍ തെറ്റരുത്. ഇതൊക്കെ നിര്‍ബന്ധമാണ്.
തൃശൂരിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ആയിരുന്ന അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വം സംഭവിച്ചത്. ഒരിക്കല്‍ പ്രദേശത്തെ സിഐടിയു തൊഴിലാളികള്‍ക്ക് തോന്നി ഈ വര്‍ഷം അഴീക്കോടന്‍ ദിനത്തില്‍ സഖാവ് കുത്തേറ്റു വീണിടത്ത് ഒരു താല്‍ക്കാലിക ദൃശ്യ സ്മാരകം പണിയണം. അങ്ങനെ യാഗാ ശ്രീകുമാര്‍ നിയുക്തനായി. 12 അടി ഉയരത്തില്‍ പത്തടി വീതിയില്‍ തൊഴിലാളിക്കരുത്തും ഒരുമയും അധ്വാന മഹത്വവും പ്രകടിപ്പിക്കുന്ന ശില്‍പ്പ ദൃശ്യം ഉയര്‍ന്നു. ഏറെക്കാലം അത് ശ്രദ്ധേയ കാഴ്ചയായിരുന്നു. താല്‍ക്കാലിക ശില്‍പ്പമായതിനാല്‍ കാലക്രമത്തില്‍ ഇല്ലാതായി. സ്ഥിരമായിരുന്നെങ്കില്‍ എന്ന് പലരും ആശിച്ചു.
പത്താം വയസില്‍ പെന്‍സിലും കരിയുംകൊണ്ടെല്ലാം കോറിയ വരകള്‍, പിന്നീട് സംഘടനകളുടെ ചുവരെഴുത്തും പോസ്റ്റര്‍ വരയുമൊക്കെയായി വളര്‍ന്നു. ഒട്ടേറെ പ്രമുഖ പ്രസാധകരുടേയും പുസ്തകങ്ങള്‍ക്ക് യാഗാ പുറംചട്ട വരച്ചിട്ടുണ്ട്. ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ ‘വരയ്ക്കുന്ന കുട്ടന്’ ആയിരുന്നു ശ്രീകുമാര്‍. ഇന്ന് യാഗാ ശ്രീകുമാറായി.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസറായ ദീപ്തിയും ആറാം ക്ലാസ്സുകാരി മകള്‍ നിവേദിതയും പറയുന്ന അഭിപ്രായങ്ങളും ശ്രീകുമാര്‍ തന്റെ പ്രവര്‍ത്തനത്തില്‍ കണക്കിലെടുക്കും. അവയെല്ലാം പലപ്പോഴും ആനുകാലിക സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍, വിഷയങ്ങള്‍ ഓരോ യജ്ഞത്തിലും സംക്രമിപ്പിച്ച് യാഗാ ചരിക്കുന്നു.
ഇപ്പോള്‍ നടത്തുന്ന ഗവേഷണങ്ങളും അന്വേഷണങ്ങളും പുതിയൊരു മഹദ് സംരംഭത്തിന് ലക്ഷ്യമിട്ടാണ്. ഗുരുവായൂരപ്പന്റെ 3001 വ്യത്യസ്ത ചിത്രങ്ങള്‍ ശേഖരിക്കണം. ഗുരുവായൂരില്‍ പ്രദര്‍ശനം നടത്തണം.
തന്റെ പ്രവര്‍ത്തനങ്ങളില്‍ ഫൈനാര്‍ട്സ് പഠിച്ച ഇരുപതോളം പേരെ സഹകരിപ്പിച്ചാണ് ശ്രീകുമാര്‍ നീങ്ങുന്നത്. അങ്ങനെ സംരംഭകനും സംഘാടകനും കൂടിയാണ് ഈ കലാകാരന്. ഇപ്പോള്‍ പ്രളയാനന്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വീടും കെട്ടിടങ്ങളും നിര്‍മിക്കാന്‍ ഡിസൈന്‍ കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ സൗജന്യസഹായങ്ങള്ക്കും യാഗാ ശ്രീകുമാര്‍ സഹകരിക്കുന്നു. തുടക്കത്തില്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ, യജ്ഞം കൂടുതല്‍ പ്രൊഫഷണലാക്കണം, അല്ലെങ്കില്‍ കച്ചവടക്കാലത്തെ ചൂഷണങ്ങള്‍ക്ക് മികച്ച കലാകാരന്മാര് ‘നഷ്ടക്കച്ചവടം’ നടത്തേണ്ടി വരുന്ന പതിവ് യാഗാ ശ്രീകുമാറിനും അനുഭവിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: