മഞ്ഞച്ചെങ്കൊടിയും പച്ചച്ചെങ്കൊടിയുമൊക്കെയായി മുല്ലപ്പള്ളിയുടെ കോ-ബ്രദര്‍ കോടിയേരി ബാലേഷ്ണനും കൂട്ടരും മതനിരപേക്ഷ, ജാതി രഹിത, പുരോഗമന, നവോത്ഥാന പരമാധികാര റിപ്പബ്ലിക്കിനായുള്ള പണിത്തിരക്കിലാണ്. അപ്പോള്‍പിന്നെ പേരില്‍ പള്ളിയുള്ള മുല്ലപ്പള്ളിക്ക് ഒരു അംശവടിയെങ്കിലും കൂട്ടിനില്ലെങ്കില്‍ കുറവായിപ്പോകില്ലെ. ശബരിമലയില്‍ ഉടയാത്ത ഖദറുമിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതിന്റെ ധീരസമര ചരിത്രമാണ് അദ്ദേഹം അതിന് ഹാജരാക്കിയത്.
രാപകലില്ലാതെ ശബരിമലയില്‍ അയ്യപ്പധര്‍മ്മത്തിന് കാവല്‍ നിന്നവനെ നോക്കി ഇളിച്ചുകാട്ടുകയും അയ്യപ്പജ്യോതി തെളിച്ചപ്പോള്‍ തറവാട്ടുകോലായില്‍ എളിക്ക് കൈയുംകുത്തി ഒളിച്ചുനോക്കുകയും ചെയ്ത തമ്പുരാക്കന്മാര് മുണ്ടിന്റെ കോന്തലയിലെ താക്കോലിന് അര്‍ഹന്‍ പണ്ടേപ്പോലെ ചെന്നിത്തല രമേശന് നായരും നായരുടെ ഒപ്പം നില്‍ക്കുന്നവരുമാണെന്നാണ് കണ്ടെത്തിയത്. ജയിലില്‍ പോയവനും തല്ലുകൊണ്ടവനും ഇല്ലാതായവനും കള്ളക്കേസില്‍ കുടുങ്ങി ജീവിതം വഴിമുട്ടിപ്പോയവനുമൊക്കെ അത്തരക്കാരുടെ കണ്ണിന് ചതുര്‍ത്ഥി.
വിശുദ്ധനാക്കി അംശവടി കയ്യില്‍ കൊടുത്തതോടെ മുല്ലപ്പള്ളിയും കൂട്ടരും വര്‍ധിതവീര്യത്തിലാണ്. ശബരിമലയ്ക്ക് മുട്ടിപ്പായി പണിയെടുത്തവര്‍ക്ക് വോട്ട് കൊടുക്കുക മാത്രമല്ല പിടിച്ചുകൊടുക്കുകയും ചെയ്യാനാണ് കിലോമീറ്റര്‍ കണക്കിന് രാഷ്ട്രീയനയം പ്രഖ്യാപിക്കുന്നതില്‍ ഹരംപിടിച്ച ചില നേതാക്കന്മാരുടെ ആഹ്വാനം. ഇടയലേഖനവുമായി വട്ടിയൂര്‍ക്കാവിലും മറ്റും വിശുദ്ധനാക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വീടുകയറി വോട്ടുപിടിക്കുകയാണ് അണികള്‍. ഹിന്ദുക്കള്‍ക്കുവേണ്ടിയാണ് ഇത്രകാലവും യുഡിഎഫുകാര്‍ പണിപ്പെട്ടതെന്നാണ് സാക്ഷ്യപത്രം.
ശബരിമലയ്ക്ക് ചുറ്റും പണ്ടേ പറന്നുനടന്ന കഴുകന്മാര്ക്ക് വിടുപണി ചെയ്തതിന്റെ പാരമ്പര്യമാണ് ഇപ്പോള്‍ വിശുദ്ധരാക്കപ്പെട്ട യുഡിഎഫുകാര്‍ക്കെന്ന് എഴുതിക്കിട്ടിയ നീട്ടുമായി വട്ടിയൂര്‍ക്കാവ് തീണ്ടുന്നവരോര്‍ക്കണം. ഓര്‍മ്മയില്ലെങ്കില്‍ നിലയ്ക്കലിലേക്ക് തിരിഞ്ഞുനടക്കണം. പിണറായിരാജിന്റെ കാലത്ത് അയ്യപ്പന്മാരെ തല്ലിച്ചതച്ച പുതിയ നിലയ്ക്കലല്ല അന്ന്. അയ്യപ്പന്റെ പൂങ്കാവനത്തില്‍ പള്ളിപണിയാന്‍ കച്ചകെട്ടിയിറങ്ങിയ മതപരിവര്‍ത്തനഫാക്ടറികളുടെ സ്വപ്നമായിരുന്ന പഴയ നിലയ്ക്കല്‍. ശബരീശന്റെ പൂങ്കാവനത്തില്‍ കുരിശുവെക്കാന്‍ അന്ന് കൂട്ടുനിന്നത് യുഡിഎഫ് സര്‍ക്കാരാണ്. മുഖ്യമന്ത്രി കെ. കരുണാകരന്റെ നേതൃത്വത്തില്‍ പള്ളിയറക്കാവില്‍ ഷെഡ് പണിത് കുരിശുവെച്ച് കപ്പേളയാക്കി കോടാനുകോടി അയ്യപ്പന്മാരെ വെല്ലുവിളിക്കുകയായിരുന്നു അവര്‍. ചോദ്യം ചെയ്തവരുടെ മുഖത്ത് നോക്കി, ‘ഹിന്ദുവിനേത് സംഘടന, ഏത് നേതാവ്’ എന്ന് കരുണാകരന് ആക്രോശിച്ചു.
നിലയ്ക്കലിലേക്ക് പ്രാര്‍ത്ഥനായാത്ര നടത്തിയ സന്ന്യാസിവര്യന്മാരെ ക്രൂരമായി തല്ലിച്ചതച്ചു. പവിത്രമായ കാവിയില്‍ ചോരപുരണ്ടു. ഗുരുവായൂരില്‍ നിവേദനം നല്‍കാനെത്തിയ അമ്മമാരെ മുഖ്യമന്ത്രി കരുണാകരന് അധിക്ഷേപിച്ചു. അമ്പലനടയില്‍ പോലീസ് അമ്മമാരെ വലിച്ചിഴച്ചു. ശബരിമലയെ തീറെഴുതാന്‍ മതപരിവര്‍ത്തന ലോബികളില്‍നിന്ന് അച്ചാരം പറ്റി നടത്തിയ നെറികെട്ട നടപടികളുടെ ഏറ്റവും ഭീകരമായ മുഖമായിരുന്നു അത്. അയ്യപ്പധര്‍മ്മം രക്ഷിക്കാനിറങ്ങിയവരെന്ന് മേനിപറയുന്ന മുല്ലപ്പള്ളിക്കൂട്ടത്തിന്റെ തനിനിറമാണിത്. എന്നാണ് യുഡിഎഫും കോണ്‍ഗ്രസും ഹിന്ദുസമൂഹത്തിനുവേണ്ടി സംസാരിച്ചതെന്ന് ചോദിക്കേണ്ട ബാധ്യതയുള്ളവര്‍ ഉറക്കെചോദിക്കണം.
മാറാട് ഓര്‍മ്മയുണ്ടാവുമല്ലോ. എട്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളി സഹോദരന്മാര് കൂട്ടക്കൊല ചെയ്യപ്പെട്ടു. മാറാട് കടപ്പുറത്തുനിന്ന് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതവും സംഘടിതവുമായ ഭീകരാക്രമണമായിരുന്നു അത്. ആന്റണി മുഖ്യമന്ത്രി. നീതിക്കുവേണ്ടി അഞ്ചരമാസം ആ സമൂഹം സഹനസമരം ചെയ്തു. അതിന്റെ അന്വേഷണം ഇരുമുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചു. കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും സിപിഎം സെക്രട്ടറി പിണറായി വിജയനും ഹിന്ദുക്കള്‍ക്കെതിരെ വേദിപങ്കിട്ടു. ഉറ്റവര്‍ നഷ്ടപ്പെട്ട് അനാഥരായിത്തീര്‍ന്ന മാറാട്ടെ പാവം അമ്മമാരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അന്ന് വട്ടിയൂര്‍ക്കാവുകാരുടെ മുന്‍ എംഎല്‍എ കെ. മുരളീധരന് പൊതുവേദിയില്‍ അപമാനിച്ചു. കൊലയാളികള്‍ക്കുവേണ്ടി കേരളമൊട്ടാകെ പ്രസംഗിച്ചു. കൊലയാളികള്‍ തമ്പടിച്ചതിന്റെ പേരില്‍ അടച്ചുപൂട്ടിയ മാറാട്ടെ പള്ളി നിസ്കാരത്തിനെന്ന പേരില്‍ തുറപ്പിച്ച് തെളിവ് നശിപ്പിച്ചത് മുസ്ലിംലീഗ് നേതാവും എംപിയുമായിരുന്ന ഇ. അഹമ്മദായിരുന്നു.
ശംഖുമുഖം കടപ്പുറത്ത് കുരിശുനാട്ടിയതിനും പാപ്പാവേദിയുണ്ടാക്കിയതിനും പിന്നില്‍ യുഡിഎഫ് ആണ്. ജോണ്‍പോള്‍ മാര്‍പാപ്പയ്ക്ക് പ്രസംഗിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ വേദിപണിയാന്‍ ശ്രീപത്മനാഭസ്വാമി ആറാടാന്‍ എഴുന്നെള്ളുന്ന ഈ കടലോരംതന്നെ വേണമെന്ന കുബുദ്ധി അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റേതായിരുന്നുവെന്നത് മറന്നിട്ടുവേണം കോണ്‍ഗ്രസ് ഹിന്ദുവിന്റെ രക്ഷകരാണെന്ന വാറോല വായിച്ച് തലകുലുക്കാന്‍.
പട്ടിണിയും ദുരിതവും മറയാക്കി ഹിന്ദുസമൂഹത്തെ ഒന്നാകെ മതംമാറ്റാന്‍ ഒത്താശ ചെയ്യുന്ന രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് പാകപ്പെടുത്തിയത് സോണിയയുടെ അടുക്കളയിലാണെന്നും വിശുദ്ധപ്പട്ടം നല്കുന്നവര് മറക്കണ്ട. ആറന്മുളക്ഷേത്രം തകര്‍ന്നാലും വേണ്ടില്ല വിമാനത്താവളം മതിയെന്ന് വാശിപിടിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നത് മറക്കരുത്. ആ പാടശേഖരം മണ്ണിട്ട് മൂടിയത് ഉമ്മന്‍ചാണ്ടിയുടെ കണ്‍മുന്നിലാണെന്നത് മറക്കരുത്. ആറന്മുളയുടെ പവിത്രസംസ്കൃതിയെ സംരക്ഷിക്കാന്‍ സമരം നടക്കുമ്പോള്‍ വിശുദ്ധ മുല്ലപ്പള്ളിയും കൂട്ടരും ആര്‍ക്ക് വിടുപണി ചെയ്യുകയായിരുന്നുവെന്ന് സാക്ഷ്യം പറയാനിറങ്ങിയവര്‍ ഓര്‍ത്തുവെക്കുന്നത് നല്ലതാണ്.
സുനാമിഫണ്ട് പോയവഴി നടന്നാല്‍ പിന്നെയും കാണാം ഉമ്മന്‍ചാണ്ടിയന്‍ കാലത്തെ വിശുദ്ധവേഴ്ചകളുടെ വികൃതചിത്രങ്ങള്‍. ചെറുവള്ളിയിലെ ഭൂമികയ്യേറ്റക്കാരന്റെ വാഴ്ത്തപ്പെടല്‍ കാലത്തും വിഴിഞ്ഞം തുറമുഖത്തിന്റെ വീഴ്ത്തപ്പെടല്‍ കാലത്തും ഭൂമിക്കായി സമരംചെയ്ത മുത്തങ്ങയിലെ വനവാസി സഹോദരന്മാരെ വെടിവെച്ച കാലത്തും യുഡിഎഫ് ആരെയാണ് സംരക്ഷിച്ചതെന്നത് കണക്കുപുസ്തകം മറിച്ചാല്‍ കാണാം. തിരുപ്പതി മലനിരകളില്‍ പോലും കുരിശുവെക്കാന്‍ പിന്തുണ നല്കിയ കൂട്ടരാണിപ്പോള്‍ ഖദറിനുള്ളില്‍ ഹിന്ദുപ്രേമവുമായി വോട്ടുതെണ്ടുന്നതെന്നത് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: