ന്യൂദല്‍ഹി: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയെ വധിച്ചതിന് 51 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച പുരോഹിതനെ യുപിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുസ്ലിം പുരോഹിതന്‍ മൗലാന അന്‍വരുള്‍ ഹഖിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇയാളെ അറസ്റ്റു ചെയ്തിട്ടില്ല.
അന്വേഷണം നടക്കുകയാണ്. അതേസമയം മറ്റു രണ്ടു മൗലാനമാര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വധഭീഷണിയുണ്ടായിരുന്നതായി കമലേഷ് തിവാരിയുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ബറേലി സോണ്‍ എഡിജിപി അവിനാശ് ചന്ദ്ര വ്യക്തമാക്കി.
വെളളിയാഴ്ച ലഖ്നൗവില്‍ വെച്ചാണ് തിവാരിയെ അജ്ഞാതര്‍ വെടിവച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സൂറത്തില്‍ നിന്നുളള ഏഴ് പ്രതികളെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കുറിച്ചുളള വിശദാംശങ്ങള്‍ പോലീസ് വ്യക്തമായി ഇതുവരെയും പുറത്തു വിട്ടിട്ടില്ല.
കൊലപാതകികള്‍ക്ക് പുരോഹിതന്‍മാരുമായി ബന്ധമുളളതായും ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി. സിങ് പറഞ്ഞു. തിവാരിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്.
















