ബെംഗളൂരു: അന്‍പതോളം കേസില്‍ പ്രതിയായ ഗുണ്ടാനേതാവുമായി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറിയും കര്‍ണാടകത്തിന്റെ സംഘടനാ ചുമതലയമുള്ള കെ.സി. വേണുഗോപാലിന്റെ കൂടിക്കാഴ്ച വിവാദത്തില്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ കോര്‍കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. കുപ്രസിദ്ധ ഗുണ്ട ഇഷ്ത്താഖ് അഹമ്മദ് (പല്‍വാന്‍) ആയിട്ടാണ് കെ.സി. വേണുഗോപാല്‍ ചര്‍ച്ച നടത്തിയത്. ഐഎംഎ കേസിലെ മുഖ്യപ്രതി മന്‍സൂര്‍ മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് അറസ്റ്റു ചെയ്ത ഇഷ്ത്താഖ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
ഇയാളുടെ ഭാര്യ ഫരീദ ഇഷ്ത്താഖ് കോണ്‍ഗ്രസ് ശിവാജിനഗര്‍ കോര്‍പ്പറേറ്ററാണ്. ഇവരും കോണ്‍ഗ്രസ് എംഎല്‍സി റിസ്വാന്‍ അര്‍ഷാദും ഒപ്പമുണ്ടായിരുന്നു. ഐഎംഎ നിക്ഷേപ തട്ടിപ്പില്‍ റിസ്വാന്‍ അര്‍ഷാദും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. 1993മുതല്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഇഷ്ത്താഖ്. 2018ല്‍ ശിവാജിനഗറിലെ റെസ്റ്റോറന്റ് ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസിലും ഇയാള്‍ തടവില്‍ കഴിഞ്ഞിരുന്നു. കര്‍ണാടകയില്‍ നടന്ന മറ്റൊരു പ്രധാനനിക്ഷേപ തട്ടിപ്പു കേസായ അംബിഡന്റ് കേസിലും ഇഷ്ത്താഖ് ഉള്‍പ്പെട്ടിരുന്നു.
ഐഎംഎ നിക്ഷേപ തട്ടിപ്പു കേസില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്ക് പുറത്തുവരുമ്പോഴാണ് തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഗുണ്ടാനേതാവും കോണ്‍ഗ്രസ് നേതാവും കെ.സി. വേണുഗോപാലുമായി ചര്‍ച്ച നടത്തിയത്. എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രത്യേക അന്വേഷണ സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായ ശേഷം കേസന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. കോണ്‍ഗ്രസ് മുന്‍മന്ത്രി ഉള്‍പ്പെടെയുള്ളവരെ ഇതിനോടകം സിബിഐ ചോദ്യം ചെയ്തു.
ഗുണ്ടാനേതാവുമായി കെ.സി. വേണുഗോപാല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്നായിരുന്നു മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. കാണാന്‍ എത്തുന്നവരെ കഴുത്തിന് പിടിച്ച് പുറത്തു തള്ളണോയെന്നായിരുന്നു സിദ്ധരാമയ്യ ചോദിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി ഒരു ദേശീയ നേതാവിനെ ആര്‍ക്കും കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.
















