കേസില്‍നിന്ന് പിന്മാറാനുള്ള സുന്നി വഖഫ്ബോര്‍ഡിന്റെ തീരുമാനം അയോദ്ധ്യ-രാമജന്മഭൂമി തര്‍ക്കത്തില്‍ നിര്‍ണ്ണായകമാവുകയാണ്. തര്‍ക്കസ്ഥലം സംബന്ധിച്ച അവകാശ വാദമുന്നയിച്ചിരുന്ന മുസ്ലിംവിഭാഗം സുന്നി വഖഫ് ബോര്‍ഡാണല്ലോ. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര മധ്യസ്ഥസമിതി മുന്‍പാകെയാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. ഇത് സുപ്രീംകോടതി പരിഗണിക്കുകയാണ് ചെയ്യുക. ഈ സുപ്രധാന നിയമപോരാട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി ഇത് മാറുകതന്നെ ചെയ്യും.
പ്രഗത്ഭഅഭിഭാഷകരുടെ സുദീര്ഘവാദം കോടതിയില്‍ അവസാനിച്ച ദിനമാണ് മധ്യസ്ഥസമിതിയുടെ സന്ദേശം എത്തുന്നത്. നീണ്ട 40 നാള് കോടതി ഈ കേസ് പരിഗണിച്ചിരുന്നു; അത്യുന്നത നീതിപീഠം മണിക്കൂറുകളാണ് ഇതിനായി നീക്കിവെച്ചത്. ഇക്കാലത്ത് മറ്റേതെങ്കിലും പ്രധാന കേസ് ചീഫ് ജസ്റ്റിസ് കേട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. അടുത്ത 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് റിട്ടയര്‍ ചെയ്യും; അതിനുമുന്പായി വിധിപ്രസ്താവം ഉണ്ടാവേണ്ടതുണ്ടെന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ നില്‍ക്കുമ്പോഴാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നീക്കം.
ചില വ്യവസ്ഥകളോടെയാണ് സുന്നി വഖഫ് ബോര്‍ഡിന്റെ ഈ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം. 1991 ലെ ആരാധനാലയനിയമം അതേപടി നടപ്പാക്കണം, നാശോന്മുഖമായ 22 പള്ളികള്‍ യുപിസര്‍ക്കാര്‍ പുതുക്കിപ്പണിയണം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അധീനതയിലുള്ള പള്ളികളില്‍ പ്രാര്‍ഥന അനുവദിക്കുന്നത് സുപ്രീം കോടതി ഒരു സമിതിയെ വെച്ച് പരിശോധിക്കണം, ബാബ്റിമസ്ജിദ് അയോധ്യക്ക് പുറത്ത് നിര്‍മ്മിച്ചുകൊടുക്കണം, ക്ഷേത്രമിരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ക്ഷേത്രം നിര്‍മ്മിക്കണം, ഇതൊക്കെയാണ് വ്യവസ്ഥകള്‍. എന്തായാലും ഇത്തരമൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥ സീല്‍ചെയ്ത കവറില്‍ കോടതിക്ക് നല്‍കിയതായി സുന്നിവിഭാഗത്തിന്റെ വക്കീല്‍ ഷഹീദ്റിസ്വിയും പറഞ്ഞിട്ടുണ്ട്. ഷിയാ വഖഫ്ബോര്‍ഡ് നേരത്തെതന്നെ ക്ഷേത്രപുനര്‍ നിര്‍മ്മാണത്തിന് അനുകൂലസമീപനം കൈക്കൊണ്ടിരുന്നു.
എന്താണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ഒന്നാമത് വാദം മുഴുവന്‍ കെട്ടുകഴിഞ്ഞ സ്ഥിതിക്ക് ഇങ്ങനെ ഒരു വ്യവസ്ഥ അംഗീകരിക്കാമോ എന്നതാണ് പ്രശ്നം. മറ്റൊന്ന് ഇന്നലെവരെ മധ്യസ്ഥസമിതിക്ക് സമയം അനുവദിച്ചിരുന്നു എന്നതാണ്. അതിനര്‍ത്ഥം, അവസാനനിമിഷംവരെ എന്തെങ്കിലും ധാരണ കോടതിക്ക് പുറത്തുണ്ടായാലും പരിഗണിക്കാമെന്ന് ബെഞ്ച് തീരുമാനിച്ചിരുന്നു. അതെന്തായാലും ഈ നിര്‍ദ്ദേശം കേസില്‍ വലിയ മാറ്റമുണ്ടാക്കുകതന്നെ ചെയ്യും. രാമക്ഷേത്ര പ്രശ്നത്തില്‍നിന്ന് മുസ്ലിംസമൂഹം മാറിനില്‍ക്കണം എന്നതായിരുന്നു ഹിന്ദുക്കള്‍ ആദ്യമേ അഭ്യര്‍ഥിച്ചിരുന്നത്. പക്ഷെ, മുസ്ലിം സമൂഹത്തെ വഴിതെറ്റിച്ചത് കുറെ ഇടതു ചരിത്രകാരന്മാരും കപട മതേതരവാദികളുമാണ്. അവര്‍ക്കൊന്നും ഇന്ന് പ്രസക്തിയില്ലാതായി എന്നതും ഈ വേളയില്‍ കാണേണ്ടതുണ്ട്.
ഒരു കേസില്‍ കാടതിവിധി എന്താവും എന്നൊന്നും ചിന്തിച്ചുകൂടാ, പറഞ്ഞും കൂടാ. അതാണ് നമ്മുടെ സംസ്കാരം. അത് കോടതിയാണ് നിശ്ചയിക്കേണ്ടത്. എല്ലാ വിഭാഗക്കാരും ഉയര്‍ത്തിയ വാദഗതികള്‍ പൊതുമണ്ഡലത്തില്‍ വന്നിട്ടുണ്ട്. അതിനേക്കാളൊക്കെ ഉപരിയായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ഉദ്ഘനന റിപ്പോര്‍ട്ടുമുണ്ട്. എന്താണ് അവിടെ ഉണ്ടായിരുന്നതെന്ന ശാസ്ത്രീയപഠനവും വിലയിരുത്തലുമാണല്ലോ ആ റിപ്പോര്‍ട്ടുകള്‍. അതിനൊരു ശാസ്ത്രീയത ഉണ്ട്; അതിനൊരു ധാര്‍മ്മികതയുണ്ട്. എന്തൊക്കെ വാദഗതികള്‍ ഉയര്‍ത്തിയാലും ഒരു കോടതിക്കും ആ തെളിവുകള്‍ കാണാതെ പോകാനാവില്ല. എന്തൊക്കെയായാലും, കോടതിവിധിക്കായി അയോദ്ധ്യ തയ്യാറായിക്കഴിഞ്ഞു. വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ അവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഡിസംബര്‍ 10 വരെ നിലനില്ക്കും; പിന്നീട് വേണമെങ്കില്‍ നീട്ടുകയുമാവാം. വിധിഉണ്ടായാല് ഒരുതരത്തിലും പ്രശ്നങ്ങള്‍, സംഘര്‍ഷങ്ങള്‍ ഉണ്ടാവരുത് എന്നതാണ് ഭരണകൂടചിന്ത. ഇതിനിടയില്‍ ദീപാവലികൂടി വരുന്നുമുണ്ട്. അത് യുപി സര്‍ക്കാര്‍ കണക്കിലെടുത്തു എന്നുവേണം കരുതാന്‍.
അയോദ്ധ്യ എന്നും ഹിന്ദുക്കള്‍ക്ക് പവിത്ര ഭൂമിയാണ്; അനേകകോടി ജനങ്ങള്‍ ധര്‍മ്മിഷ്ഠനായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനത്ത് ജീവിതകാലത്ത് ഒരിക്കലെങ്കിലുമെത്താന് ആഗ്രഹിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. എത്ര പ്രതീക്ഷകളാണ് അവര്‍ക്കുണ്ടാവുക എന്നതും പറയേണ്ടതില്ലല്ലോ. ഇപ്പോഴും രാമജന്മസ്ഥാനത്ത് ക്ഷേത്രമുണ്ട് എന്നതാണ് പലരും മറക്കുന്നത്. പുഞ്ചിരിതൂകുന്ന രാമലാലാ വിഗ്രഹം; ചെറുതെങ്കിലും മനോഹരമാണ്. പക്ഷെ, ശ്രീരാമചന്ദ്രന് ദര്ശനംനല്കുന്നതും പള്ളിയുറങ്ങുന്നതുമൊക്കെ ഒരു താത്കാലിക ശ്രീകോവിലില്‍; പക്ഷെ താന്ത്രികപ്രകാരം അതൊരു ക്ഷേത്രമാണ്, ശ്രീകോവിലാണ്. അത് ശ്രീരാമചന്ദ്രന് സ്വന്തമാണ്. പക്ഷെ എല്ലാവിധ പ്രൗഢിയുമുള്ള ഒരു മഹാക്ഷേത്രം നിന്നിടത്താണ് ഈ താല്‍ക്കാലിക ക്ഷേത്രമെന്നത് ആലോചിക്കുമ്പോള്‍ ആര്‍ക്കും വേദനിക്കുമല്ലോ. പക്ഷെ അതാണ് ശ്രീരാമന്റെ ജീവിതം എന്നതാണ് കരുതേണ്ടത്. വേറൊന്ന്, അവിടെ കാണുക, ഇന്നിപ്പോള്‍ നടക്കേണ്ടത്, ക്ഷേത്രനിര്‍മ്മാണമല്ല, ക്ഷേത്ര പുനര്‍നിര്‍മ്മാണമാണ്. അത് രണ്ടുംതമ്മില് വലിയ വ്യത്യാസവുമുണ്ടല്ലോ. കടുത്ത സുരക്ഷാസംവിധാനമാണ്; ആരെയും വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍. അവര്‍ ശ്രീരാമന് ചുറ്റുമായി തോക്കേന്തി നില്ക്കുന്നു. അതൊക്കെ ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യതയാവും.
ശ്രീരാമനെ തേടി ദുരിതങ്ങളും വിഷമങ്ങളും അനവധി വന്നിട്ടുണ്ട്; വനവാസവും രാക്ഷസ രാജാവായ രാവണന്റെവക സീതയെ തട്ടിക്കൊണ്ടുപോകലും യുദ്ധവും ഒക്കെ. ധര്‍മ്മത്തിനുവേണ്ടി നിലകൊണ്ട മഹാരാജാവില്‍നിന്ന് അത്തരത്തിലുള്ള അവസ്ഥകള്‍ ഇനിയും ഒഴിഞ്ഞുപോകുന്നില്ലെവേദനയും ചിന്തയും ആരുടേയും മനസ്സിലോടിയെത്തും. ശരിയാണ്, രാമജന്മഭൂമിപ്രശ്നം അനേകവര്‍ഷം കോടതി കയറി; ഇന്നിപ്പോള്‍ സുപ്രീം കോടതിയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയോധ്യയില്‍ പോയിട്ടുണ്ട്; അത് 1984-85 കാലത്താവണം; കൃത്യമായി ഓര്‍മ്മയില്ല. യുവമോര്‍ച്ച ദേശീയനിര്‍വാഹകസമിതി ലക്നൗയില് കഴിഞ്ഞിട്ട് രണ്ടുനാള്‍ അയോധ്യയിലേക്ക്. ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു; കര്‍ണാടകത്തിലെ ഒരാള്‍, പിന്നെ ഒരു ഗുജറാത്ത് സഹപ്രവര്ത്തകന്. അന്ന് തര്ക്കമന്ദിരത്തിലാണ് ശ്രീരാമവിഗ്രഹം ഉണ്ടായിരുന്നത്. നന്നായി തൊഴുതു മടങ്ങി. എനിക്ക് തോന്നുന്നു, അന്ന് ശ്രീകോവില്‍ ഒരു ജയിലറ പോലെയായിരുന്നു. എങ്കിലും ഇപ്പോഴത്തെ താല്‍ക്കാലികക്ഷേത്രം കാണുമ്പോഴത്തെ വിഷമം മനസ്സില്‍ തോന്നിയില്ല. വേറൊന്ന്, അന്ന് അയോദ്ധ്യ പ്രക്ഷോഭം അത്ര ഗൗരവത്തിലൊന്നും എത്തിയിരുന്നില്ല. രാമക്ഷേത്രം നിര്മ്മിക്കേണ്ടതിനെക്കുറിച്ചൊക്കെ ചിലര്‍ സംസാരിക്കുന്നുണ്ട്. ചില ഹിന്ദി-ഇംഗ്ലീഷ് ലഘുലേഖകള്‍ ലഭ്യമായിരുന്നു. വിശ്വഹിന്ദുപരിഷത് ഒരു കാര്യാലയം തുടങ്ങിയിരുന്നു. ഇത് രാമജന്മഭൂമി ആണെന്നുള്ളതിന് സാക്ഷ്യപത്രമായി കുറെ സന്യാസിമാര്‍; ശ്രീരാമനുവേണ്ടി ജീവിക്കുകയാണവര്‍. പിന്നെ അവിടുത്തെ തപാല്‍ ഓഫീസ്….. പി.ഒ. രാമജന്മഭൂമി. സൂചിപ്പിച്ചത്, അക്കാലത്ത് ഇതൊരു വലിയ പ്രക്ഷോഭമാവുമെന്നോ ഇന്ത്യയുടെ ഭാവിതന്നെ തിരുത്തിയെഴുതുന്ന ഒരു സംഭവമായി മാറുമെന്നോ ചിന്തിക്കാനായിരുന്നില്ല. ബിജെപിക്ക് ലോകസഭയില്‍ വെറും രണ്ട് എംപിമാരുണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് രാമജന്മഭുമിയിലെത്തിയത് എന്നതുമോര്‍ക്കുക.
അയോധ്യയെക്കുറിച്ച് ആദ്യമായി ഒരു നല്ല, വിശദമായ റിപ്പോര്‍ട്ട് ഒരു മലയാള പത്രത്തില്‍ വായിക്കുന്നത് ‘ജന്മഭുമി’യിലാണ്. 1979-80 കാലഘട്ടത്തിലാവണം അത്. നാല് പേജുമായി കല്ലച്ചില്‍ അച്ചടിച്ച് ‘ജന്മഭൂമി’ പുറത്തിറങ്ങുന്ന കാലത്ത്. അന്ന് പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ ആയിരുന്ന പുത്തൂര്‍മഠം ചന്ദ്രന് അയോദ്ധ്യ സന്ദര്‍ശിച്ച് തയ്യാറാക്കിയ ഒരു വാര്‍ത്താപരമ്പര. ഞാനൊക്കെ വിദ്യാര്‍ഥിരാഷ്ട്രീയം കൊണ്ടുനടക്കുമ്പോള്‍തന്നെ, ഒഴിവുസമയത്ത് ‘ജന്മഭൂമി’-യിലെത്തി പത്രപ്രവര്ത്തകനാവാന് ശ്രമം നടത്തിയിരുന്ന കാലമാണത്. പുത്തൂര്‍മഠം ചന്ദ്രനുമായുള്ള അടുപ്പം കൊണ്ട് ആ മുഖദാവില്‍ നിന്നുതന്നെ ആ ചരിത്രമൊക്കെ കേള്‍ക്കാനായിരുന്നു. കോടതി കേസുകള്‍ നടക്കുന്നതൊഴിവാക്കിയാല്‍ രാമജന്മഭൂമിപ്രശ്നം അക്കാലത്ത് ഒരു ചര്‍ച്ചാവിഷയമേ അല്ലായിരുന്നു. എന്നാല്‍ അന്നത്തെ റിപ്പോര്‍ട്ടും സൂചനകളും അവിടെയെത്തുമ്പോള്‍ മനസ്സിലുണ്ടായിരുന്നു.
അയോധ്യക്ക് ഇന്നിപ്പോള്‍ എന്താണ് മാറ്റമുണ്ടായത് ? അവിടുത്തെ ചെറിയ നിരത്തുകള്‍ക്ക് വലിയ മാറ്റമുണ്ടെന്ന് പറഞ്ഞുകൂടാ; വൃത്തിയുണ്ട്, ദസറ ആഘോഷത്തില്‍നിന്ന് മോചിതമാവുന്നെ ഉള്ളു ആ നഗരി. നല്ല ലൈറ്റിംഗ് സംവിധാനമുണ്ട്. അതൊക്കെ സരയുതീരത്തും പ്രകടമാണ്. സന്യാസിമാരും പൂജാരിമാരുമൊക്കെ അന്നും ഇന്നും ഒരുപോലെ. ആളുകള്‍ മാറിയിട്ടുണ്ടാവാം, എന്നാല്‍ സമീപനവും ഭാവവുമൊക്കെ ഒന്നുതന്നെ. പക്ഷെ വേറൊന്നുണ്ട്, ആ പുണ്യ തീര്ത്ഥാടനനഗരി മാറുകയാണ്, വേഗത്തില്‍ വികസിക്കുകയാണ് എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. പ്രത്യേകിച്ചും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരണമേറ്റതിന് ശേഷം. മുഖ്യമന്ത്രി ഇടയ്ക്കിടെ അവിടെയെത്തുന്നുമുണ്ട്. അയോദ്ധ്യ ഇന്നിപ്പോള്‍ ഒരു തീര്‍ത്ഥാടന-വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു.
യുപിസര്‍ക്കാര്‍ അയോധ്യക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോദ്ധ്യ എന്നാക്കി മാറ്റിയത്. എന്നാല്‍ ലോകസഭാ മണ്ഡലം ഇപ്പോഴും ഫൈസാബാദ് തന്നെയാണ്. വേറൊന്ന്, അവിടെ സരയൂതീരത്ത് ഒരുങ്ങുന്ന ശ്രീരാമചന്ദ്രന്റെ പൂര്‍ണ്ണകായ പ്രതിമയാണ്; 251 മീറ്ററാണ് അതിന്റെ ഉയരം; എവിടെനിന്നാലും കാണാന്‍ കഴിയുന്ന വിധത്തിലാണ് അത് സ്ഥാപിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും യരമുള്ള പ്രതിമകളില്‍ ഒന്നാവും ഇത്. അതായത്, അയോധ്യയില്‍ ശ്രീരാമചന്ദ്രന് തലയുയര്‍ത്തി നില്‍ക്കുന്നത് താമസിയാതെ കാണാം. മറ്റൊന്ന് വിമാനത്താവളമാണ്; അതിനായി 260 ഏക്കറോളം ഭൂമി ഏറ്റെടുത്തിട്ടുണ്ട്; 650 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചു. ഇന്നിപ്പോള്‍ ഫൈസാബാദില്‍ ഒരു എയര്‍ സ്ട്രിപ്പ് മാത്രമാണുള്ളത്; എന്നാല്‍ ഇനി ഒരു വലിയ വിമാനത്താവളം കൂടിയുള്ള മഹാനഗരമാവും രാമജന്മഭൂമി; ശ്രീരാമചന്ദ്രദേവന്റെ പേരില്‍ തന്നെയാവും വിമാനത്താവളവും.
അയോധ്യയിലെ ഈ മാറ്റങ്ങളല്ല പ്രധാനം; മാറേണ്ടത് ശ്രീരാമചന്ദ്രന്റെ ജന്മഭുമിയാണ്, അവിടെയുള്ള ക്ഷേത്രമാണ്. ‘ശ്രീരാമചന്ദ്രന് നല്ലകാലം വരുന്നതോടെ അയോധ്യയും മാറും’ എന്നാണ് ഹനുമാന് ഗഡിയിലും പരിസരത്തുമൊക്കെ കാണുന്ന സന്യാസിമാര്‍ പറയുക. അതാണ് എന്നും പഴമക്കാരുടെ സമീപനം; അവരുടെ പ്രതീക്ഷയും അതുതന്നെ. ഇതുസംബന്ധിച്ച കേസുകള്‍ക്ക് എന്തായാലും സുപ്രീം കോടതി താമസിയാതെ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് തീര്‍ച്ച. അത് രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് വഴിയൊരുക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇന്നിപ്പോഴുണ്ടായിട്ടുള്ള ജനത്തിരക്കും മറ്റും ഇവിടത്തെ പലരുടെയും സ്ഥിതി ഭേദമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പഴയ കാലഘട്ടമൊക്കെ ഓര്‍മ്മിക്കാന്‍ അവരാഗ്രഹിക്കുന്നില്ല; അത് അത്രയേറെ വിഷമം പിടിച്ചതായിരുന്നു. ഇന്നതല്ല അവസ്ഥ. ഇന്ന് ദിവസവും ജനങ്ങളെത്തുന്നു; അന്തരീക്ഷം സമാധാന പൂര്‍ണമാണ്. കച്ചവടമൊക്കെ നന്നായി നടക്കുന്നു. വാഹനങ്ങള്‍ക്ക് നല്ല ഓട്ടവുമുണ്ട്. അവരൊക്കെ ഇന്ന് സന്തോഷത്തിലാണ്. ഒറ്റ വാചകത്തില്‍, ഇക്കോണമി നന്നായിരിക്കുന്നു.
ദസറ കഴിഞ്ഞു; വനവാസവും സീതയെ തട്ടിക്കൊണ്ടുപോയ രാവണനെ പരാജയപ്പെടുത്തിയ ലങ്ക യുദ്ധവുമൊക്കെ അയോധ്യക്ക് പ്രധാനപ്പെട്ടതാണ്. രാമ-രാവണ യുദ്ധംകഴിഞ്ഞ്, ദുഷ്ടശക്തികളെ പരാജയപ്പെടുത്തിയശേഷം, വിജയശ്രീലാളിതനായി, ശ്രീരാമന് അയോധ്യയില്‍ മടങ്ങിയെത്തുന്നതാണ് ‘ദസറ’ ആഘോഷം. രാജ്യം മുഴുവന്‍ ‘ദസറ’ ആഘോഷിക്കാറുണ്ടല്ലോ; എന്നാല്‍ രാമജന്മഭുമിക്ക് അത് പ്രത്യേകതയാണ്. മറ്റൊരു ആഘോഷംകൂടി അയോധ്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്, ദീപാവലി. അതും അയോധ്യയും ശ്രീരാമാനുമായി ബന്ധപ്പെട്ടിരിക്കുന്നു. 14 വര്‍ഷത്തെ വനവാസത്തിനുശേഷം രാമന് അയോധ്യയില്‍ മടങ്ങിയെത്തിയതിന്റെ ആഘോഷമാണത്. ദീപാവലി യുപി സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ആഘോഷിക്കുന്നത്; അന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ അവിടെയെത്താറുണ്ട്; ഈ വര്‍ഷം അവര്‍ക്ക് ഇതൊരു പുതിയ ദീപാവലി തന്നെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: