കൊച്ചി: ചെറുവള്ളി ഭൂമിയിലെ വിമാനത്താവള നിര്‍മാണത്തിന്റെ സാധ്യതാ പഠനത്തിന് പിണറായി സര്‍ക്കാര്‍ നിയോഗിച്ചത് അമേരിക്കയില്‍ പിഴ ശിക്ഷയ്‌ക്ക് വിധിച്ച കമ്പനിയെ. ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിങ് (എല്‍ബിസിസി) കമ്പനിക്ക് അഴിമതിക്കേസില്‍ അമേരിക്കന്‍ നിയമപ്രകാരം ഏതാണ്ട് 122 കോടി രൂപ പിഴ ശിക്ഷിച്ചതാണ്.
എല്‍ബിസിസി അമേരിക്കന്‍ കമ്പനിയാണ് ഇന്ത്യയിലുള്‍പ്പെടെ പല രാജ്യങ്ങളിലും കണ്‍സള്‍ട്ടേഷനുള്ള കമ്പനി. ഇവര്‍ കരാറുകള്‍ നേടാന്‍ ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ വഴിവിട്ട മാര്‍ഗത്തില്‍ ഇടപെട്ടുവെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നുമായിരുന്നു കേസ്. അമേരിക്കയിലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട്(എഫ്‌സിപിഎ) പ്രകാരമാണ് നടപടി. 17.1 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് പിഴയിട്ടത്. അമേരിക്കയുടെ രഹസ്യാന്വോഷണ വിഭാഗമായ എഫ്ബിഐയുടെ ന്യൂയോര്‍ക്ക് ഡിവിഷനാണ് 2015ല്‍ കേസ് അന്വേഷിച്ചത്.
ഇന്ത്യയില്‍ ഗോവ, ഗുവാഹട്ടി എന്നിവിടങ്ങളിലും എല്‍ബിസിസി ഉദ്യോഗസ്ഥരെ വഴിവിട്ട് സ്വാധീനിച്ചുവെന്ന കാരണത്താല്‍ കമ്പനിക്കെതിരേ കേസുണ്ട്. ഗോവയില്‍ ദിഗംബര്‍ കാമത്ത് കോണ്‍ഗ്രസ് ഭരണത്തില്‍ മുഖ്യമന്ത്രിയായിരിക്കെയും അതിനു മുമ്പ് ചര്‍ച്ചില്‍ അലിമാവോ മുഖ്യമന്ത്രിയായിരിക്കെയുമായിരുന്നു ഇടപാടുകള്‍.
ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ എന്ന പേരില്‍ പിണറായി വിജയന്‍ ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമിയില്‍ വിമാനത്താവള നിര്‍മാണത്തിന് തീരുമാനിച്ചു. ഇതിന്റെ സാധ്യതാ പഠനം നടത്താന്‍ 2017 കമ്പനിയെ നിശ്ചയിക്കാന്‍ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തി. കെഎസ്‌ഐഡിസി ഒന്നിലേറെ കമ്പനികളെ നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ ഉപദേശകരില്‍ ചിലര്‍ നിര്‍ദേശിച്ചത് എല്‍ബിസിസിയെയാണ്. അമേരിക്കയില്‍ ന്യൂ ജഴ്‌സിയിലെ മോറിസ്ടൗണിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. ഇവര്‍ക്ക് ഇന്ത്യയില്‍ ഹൈദരാബാദിലും മുംബൈയിലും കേന്ദ്രങ്ങളുണ്ട്. ഈ കമ്പനിയെ തെരഞ്ഞെടുത്തതും നിശ്ചയിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ്.
അതിനിടെ, ചെറുവള്ളിയിലെ വിമാനത്താവള നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കും മുമ്പേ ബിലിവേഴ്‌സ് ചര്‍ച്ച്, അവരുടെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭൂമി വിമാനത്താവളത്തിന് നല്‍കാനുള്ള സന്നദ്ധത അറിയിച്ചതായും അറിയുന്നു. ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുപ്പുസംബന്ധിച്ച് ദുരൂഹതകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: