കൊച്ചി: ചെറുവള്ളി എസ്റ്റേറ്റ് പൊന്നുംവിലയ്ക്ക് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നുറപ്പിക്കാന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന് ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേതെന്ന് രേഖാമൂലം നിയമസഭയെ അറിയിച്ചതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. 2017 ആഗസ്ത് ഏഴിന് 16-ാം നമ്പര്‍ ചോദ്യത്തിനുള്ള മറുപടിയായി, മുഖ്യമന്ത്രി പ്രസ്താവനയും വിശദീകരണവും നല്‍കിയിരുന്നു. സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ച ഭൂമി പൊന്നുംവിലയ്ക്കു വാങ്ങാന്‍ മുന്‍കൈയെടുക്കുന്നതും മുഖ്യമന്ത്രി തന്നെ. ഇതോടെ മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും നീക്കങ്ങള്‍ നിഗൂഢവും ദുരൂഹവുമാണെന്ന് കൂടുതല്‍ വ്യക്തമാകുന്നു.
ഭൂമി സംബന്ധിച്ച് ഹാരിസണ്‍ മലയാളം കൊടുത്ത ഹര്‍ജിയില്‍ കോടതിയില്‍നിന്ന് സര്‍ക്കാരിന് അനുകൂലമായ നിരീക്ഷണം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചതാണ്. 2016ല്‍ വന്ന ഈ നിരീക്ഷണങ്ങളില്‍ സംസ്ഥാന താല്പര്യങ്ങള് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പകരം അമേരിക്കന്‍ ബന്ധങ്ങളുള്ള ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ എയ്റോപോളീസ് കമ്പനിക്ക് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു.
എംഎല്‍എമാരായ ടി.വി. ഇബ്രാഹിം, എന്‍.എ. നെല്ലിക്കുന്ന്, പാറക്കല്‍ അബ്ദുള്ള, പി.കെ. ബഷീര്‍ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം ഉണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:”അടിസ്ഥാന റവന്യൂ രേഖയായ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം നിലവിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഭൂമിയാണ്. പ്രസ്തുത ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ 2015 മെയ് 18ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്”.
ഉത്തരവിലെ കണ്ടെത്തലുകളില്‍ ഹൈക്കോടതി സര്‍ക്കാരിന് അനുകൂലമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കമ്പനികള്‍ മുമ്പു നേടിയ കോടതി ഉത്തരവുകളില്‍ കേസുകള്‍ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ തുടര്‍ നടപടികളൊന്നും എടുത്തിട്ടില്ല. പകരം വിവിധ മാഫിയകളുമായി സംശയകരമായ ഇടപാടുകള്‍ നടത്തുകയുമാണ്.
ശബരിമല വിമാനത്താവളത്തിന്, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരവും ക്ലിയറന്‍സും ലഭിക്കണമെന്ന വ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നു വിശദീകരിക്കുന്ന മറുപടിയില്‍ ആധികാരിക ഏജന്‍സിയെക്കൊണ്ട് സാധ്യതാ പഠനം നടത്തുമെന്നും കെഎസ്ഐഡിസി നല്കിയ ഇതിനുള്ള നിര്‍ദേശം പരിശോധിക്കുകയാണെന്നും പറയുന്നു. എന്നാല്‍, ഒക്ടോബറില്‍, ഒരു മാസം തികയും മുമ്പ്, അമേരിക്കന്‍ ഏജന്‍സിയായ ലൂയി ബര്‍ഗര്‍ കണ്‍സള്‍ട്ടിങ് ലിമിറ്റഡിനെക്കൊണ്ട് 4.55 കോടി രൂപ മുടക്കി പഠനം നടത്തിച്ചു. അതിവേഗമായിരുന്നു ഈ നീക്കങ്ങളെല്ലാം.
റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി 2017 ഏപ്രില്‍ 24 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം സ്ഥല പരിശോധനയില്‍ വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് എന്ന് അറിയപ്പെടുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷനെ തെരഞ്ഞെടുത്ത് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: