ലക്‌നൗ: മാതാപിതാക്കള്‍ മണ്‍കുടത്തില്‍ കുഴിച്ചിട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ദത്തെടുക്കാമെന്ന് ബിജെപി എംഎല്‍എ. യുപി എംഎല്‍എ രാജേഷ് മിശ്രയാണ് കുട്ടിയെ ഏറ്റെടുക്കാമെന്ന് അറിയിച്ചത്. പൂര്‍ണ വളര്‍ച്ചയെത്താതെ പ്രസവിച്ചതായതിനാല്‍ കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പ്രസവത്തോടെ മരിച്ച തന്റെ കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യുന്നതിനു കുഴിയെടുക്കവെ ഹിതേഷ്‌കുമാര്‍ എന്ന വ്യാപാരിയാണ് കുഴിക്കുള്ളില്‍ മണ്‍കുടത്തില്‍ അടച്ച നിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്.
1.1 കിലോ ഭാരം മാത്രമുള്ള കുഞ്ഞ് ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുഞ്ഞിനു അഞ്ചുദിവസം മാത്രമേ പ്രായമുള്ളൂവെന്നു ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. എല്ലാ ചികിത്സയും നല്‍കി കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുത്തിട്ടാകും നിയമനടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
















