ശ്രീനഗര്‍ : ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജമ്മു കശ്മീരില്‍ ആപ്പിളുകള്‍ വില്‍പ്പനയ്‌ക്ക് എത്തിച്ചു. പാക്കിസ്ഥാനെ അനുകൂലിച്ചുകൊണ്ടും ഇന്ത്യയ്‌ക്ക് എതിരേയുമാണ് മുദ്രാവാദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. കത്വ മാര്‍ക്കറ്റില്‍ വില്‍ക്കാനായി എത്തിച്ച ആപ്പിള്‍ ബോക്‌സുകളിലാണ് ഇത്തരത്തില്‍ രാജ്യ വിരുദ്ദ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.
ഇന്ത്യ ഗോബാക്ക്, മേരേ ജാന്‍ ഇമ്രാന്‍ഖാന്‍, ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പെട്ടികളിലെത്തിച്ച ആപ്പിളുകളില്‍ ഉണ്ടായിരുന്നത്. ഇംഗ്ലീഷിലും ഉറുദുവിലുമായി കറുത്ത മാര്‍ക്കറുകളിലാണ് എഴുതിയിട്ടിരിക്കുന്നത്. കശ്മീരില്‍ നിന്നാണ് ഈ ബോക്‌സുകള്‍ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികളെ ചോദ്യം ചെയ്ത് വരികയാണെന്ന് കത്വ പോലീസ് സ്‌റ്റേഷന്‍ മേധാവി സഞ്ജീവ് ചിബ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തര്‍ക്കുന്നതിനായി കരുതിക്കൂട്ടി ചെയ്തതാണ് ഇതെന്ന് വ്യാപാരികള്‍ അറിയിച്ചു. 500 മുതല്‍ 600 ബോക്‌സുകള്‍ വരെ അടങ്ങുന്ന ട്രക്കിലാണ് പഴങ്ങള്‍ വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത്. ഇവയെല്ലാം പരിശോധിക്കുക ശ്രമകാരമാണെന്നും അവര്‍ അറിയിച്ചു.
അതേസമം ഇത്തരം ആപ്പിളുകള്‍ വാങ്ങാന്‍ ആളുകള്‍ വിസമ്മതിച്ചതോടെ കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കത്വ മൊത്തവ്യാപാര കേന്ദ്രത്തിന്റെ പ്രസിഡന്റ് രോഹിത് ഗുപ്ത പറഞ്ഞു. വ്യാപാരികള്‍ പ്രതിഷേധപ്രകടനം നടത്തുകയും പാക്കിസ്ഥാനും ഭീകരര്‍ക്കുമെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
















