ന്യൂയോർക്ക്: മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ച റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന് ശക്തമായ മറുപടിയുമായി ധനമന്ത്രി നിർമലാ സീതാരാമൻ. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ തകർത്തത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും ആർബിഐ മുൻ ഗവർണർ രഘുറാം രാജനുമാണെന്ന് അവർ തുറന്നടിച്ചു.
യുപിഎ ഭരണകാലത്താണ് കിട്ടാക്കടം വർദ്ധിച്ചതെന്നും നിർമല വ്യക്തമാക്കി. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. രഘുറാം രാജൻ പറയുന്ന ഓരോ കാര്യങ്ങളും അദ്ദേഹത്തിന്റെ ഉള്ളിൽ തട്ടിയാണെന്നതിൽ എനിക്ക് സംശയമില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും മികച്ച് നിന്ന സമയത്താണ് രഘുറാം രാജനെ റിസർവ് ബാങ്കിന്റെ തലപ്പത്ത് നിയമിക്കുന്നത്. മികച്ച പണ്ഡിതനെന്ന നിലയിൽ രഘുറാം രാജനെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ഇന്ത്യയിലെ ബാങ്കുകൾക്ക് രഘുറാം രാജനും മൻമോഹൻ സിങും കൂടിച്ചേർന്നതിനേക്കാൾ മോശം കാലാവസ്ഥ ഉണ്ടായിട്ടില്ല. ആ വസ്തുത മറച്ചുവയ്‌ക്കാനാവിലെ. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ തകർത്ത ഉത്തരവാദിത്തത്തിൽ നിന്നും ഇരുവർക്കും ഒളിച്ചോടാനാവില്ലെന്നും നിർമല സീതാ രാമൻ പറഞ്ഞു.
സാമ്പത്തിക വളർച്ച എങ്ങനെ കൈവരിക്കാമെന്നുള്ള സ്ഥിരമായ കാഴ്ചപ്പാടുള്ള നേതൃത്വത്തിന്റെ അഭാവം ഇന്ന് രാജ്യത്തുണ്ടെന്നും മോദി സർക്കാരിന് കേന്ദ്രീകൃത നയങ്ങളാണെന്നുമായിരുന്നു രഘുറാം രാജന്റെ വിമർശനം. സാമ്പത്തിക വളർച്ചയ്‌ക്ക് പ്രാധാന്യം നൽകാതെ ഭൂരിപക്ഷ വാദം കൊണ്ടുവന്നാൽ അത് ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുമെന്നും രഘുറാം രാജൻ വിമർശിച്ചിരുന്നു.
















