ഭോപ്പാല്‍: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെ സംബന്ധിച്ചു വിവാദപരാമര്‍ശവുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രി പി.സി. ശര്‍മ. നിയമം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ശര്‍മ. മധ്യപ്രദേശിലെ മിക്ക റോഡുകളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ച് കമല്‍നാഥ് സര്‍ക്കാരിനെ പ്രതിപക്ഷനേതാവ് വിമര്‍ശിച്ചിരുന്നു.
റോഡുകളുടെ അവസ്ഥ കാരണം അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നും അറ്റകുറ്റപണി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്താതെ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണമെടുത്ത് റോഡുകള്‍ നന്നാക്കണമെന്നും പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ മറുപടിയും ഉപമയും. നിലവില്‍ മധ്യപ്രദേശിലെ റോഡുകള്‍ ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയയുടെ വസൂരിക്കലകള്‍ നിറഞ്ഞ മുഖം പോലെയാണെന്നും അറ്റകുറ്റപ്പണികള്‍ പെട്ടെന്ന് നടത്തി ലോക്‌സഭാ ബിജെപി എംപിയും സിനിമാതാരവുമായ ഹേമമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്നായിരുന്നു ശര്‍മയുടെ മറുപടി. കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമായി തീര്‍ന്നത്. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്താനാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ഉത്തരവ്. റോഡുകള്‍ നന്നാക്കി ഹേമമാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ മധ്യപ്രദേശിലെ വനിത ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
















