Categories: Samskriti

പ്രപഞ്ചോല്‍പത്തി ; ആര്‍ഷ സിദ്ധാന്തം

സിഷ്ഠമഹര്‍ഷി ശ്രീരാമന്റെ ബാല്യകാലത്ത് രാജധര്‍മ്മാദി വിദ്യകള്‍ പഠിപ്പിച്ചിരുന്നു. പരമമായ ജ്ഞാനം വരെ ആ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. പതിനഞ്ച് വയസ്സില്‍ത്തന്നെ രാമന്‍ ആ വിദ്യകളെല്ലാം അഭ്യസിച്ചുകഴിഞ്ഞു.  ആ മഹാജ്ഞാനശാഖകളുടെ സംഗ്രഹമാണ് ജ്ഞാനവാസിഷ്ഠം അഥവാ യോഗവാസിഷ്ഠമെന്ന് അറിയപ്പെടുന്ന മഹാഗ്രന്ഥം.  ആ അദ്ധ്യാപനവേളയില്‍ രാമനോട് മഹര്‍ഷി ഒരിക്കല്‍ ഇപ്രകാരം പറയുന്നു.

ശുദ്ധബുദ്ധേ! കേള്‍ക്ക ദേശകാലാദികള്‍-

ക്കെത്താത്തതാമാത്മതത്ത്വം സ്വശക്തിയാല്‍ 

എന്നഹോ ദേശകാലാദികലിതമാ-

കുന്നവപുസ്സുകൈക്കൊള്ളുന്നു ലീലയായ്

ദേശകാലാദി 

(Space & Time)കള്‍ സംജാതമാകാതിരിക്കെ, ദേശകാലാദികള്‍ ഉണ്ടാകുന്നതിന് മുമ്പ്, ഉളവായിരുന്ന ആത്മതത്ത്വം (The Primordial cause or The Primordial Energy) സ്വശക്തിയാല്‍ സ്ഥലകാലസംബന്ധമായ വപുസ്സു (പിണ്ഡം)കളായി ഒരു ലീലപോലെ രൂപധാരണം ചെയ്യുന്നു. (യോഗവാസിഷ്ഠം – സ്ഥിതിപ്രകരണം – ദാശൂരാഖ്യാനം).

ഊഹാതീതമായ വൈഭവങ്ങളോടെ അനാദിപരംബ്രഹ്മം  പ്രപഞ്ചാണ്ഡത്തില്‍ കുടികൊണ്ടിരുന്നു. അതില്‍നിന്ന് മായാശക്തി ക്ഷോഭിച്ചു പിരിഞ്ഞുനിന്നു. സ്ഥലവും കാലവും രൂപംകൊണ്ടു. പിണ്ഡാണ്ഡങ്ങളുടെ പ്രാഗ്രൂപമായ ശബ്ദാദി പഞ്ചഭൂതങ്ങളുടെ സൂക്ഷ്മവിഷയങ്ങളും അവയുടെ തന്മാത്രകളും കൂടിച്ചേര്‍ന്ന് തരംഗരൂപത്തിലിരുന്ന ഊര്‍ജ്ജം ഘനീഭവിച്ച് രൂപംപൂണ്ട മനസ്സ്, പഞ്ചേന്ദ്രിയങ്ങള്‍എന്നിവയോടുകൂടി സംജാതമായ വിസ്മയവികിരണാദിവിക്രിയാഫലമായി പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ക്രമത്തില്‍ ഉണ്ടായിത്തീര്‍ന്നു. ഇരുട്ടുമല്ല പ്രകാശവുമല്ലാതെ ഇളക്കമില്ലാത്തതും ആഴമുള്ളതുമായ, അനാഖ്യമായ, അഭിവ്യക്തമല്ലാത്തതായ ഒരു വസ്തു തനിയേ ശേഷിച്ചു എന്ന് അനാദിപരബ്രഹ്മരൂപഭാവത്തെക്കുറിച്ച് അഥവാ മൂലകാരണത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നു.

സംസ്‌കൃതഭാഷയില്‍ ക്ഷോഭം എന്ന വാക്കിന്റെ അര്‍ത്ഥം സ്‌ഫോടനം എന്നാണ്.  അനാദിമത്തായ ചൈതന്യത്തില്‍ ക്ഷോഭമുണ്ടായത് മായയുടെ ശക്തികൊണ്ടാണെന്നും മായ പരമപുരുഷനാകുന്ന ബ്രഹ്മത്തിന്റെ തന്നെ ശക്തിവൈഭവമാണെന്നും തന്നില്‍നിന്നു മായയുടെ വേര്‍പാടിനു ശേഷമുണ്ടായ പ്രപഞ്ചപ്രതിഭാസങ്ങള്‍ക്ക് സാക്ഷിയായി ബ്രഹ്മംതന്നെ പുരുഷനെന്ന ഭാവത്തില്‍ നിലകൊണ്ടുവെന്നും സാംഖ്യംപോലെയുള്ള ഭാരതീയ ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പല പ്രാചീന ഭാരതീയ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളിലും ക്ഷോഭസിദ്ധാന്തം ‘പ്രകമ്പനാത്’ എന്നും ‘ബിന്ദുസ്‌ഫോടനമാത്രേണ’ എന്നും ‘ജായതേ ബിന്ദു സംക്ഷോഭാത്’എന്നുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.

മായ എന്ന ശബ്ദത്തിന്റെ വ്യഞ്ജനവിപര്യയം യാമ എന്ന ശബ്ദാണ്. യാമം കാലത്തെക്കുറിക്കുന്നു. ശക്തിയില്‍നിന്നുതന്നെയാണ് കാലം സംജാതമായത്. പിണ്ഡാണ്ഡങ്ങളുടെ വളര്‍ച്ചക്കൊപ്പം അത് വികസിച്ച്, അനന്തതയിലേക്ക് നീളുന്നു.  പ്രപഞ്ചത്തിന്റെ വികാസപ്രക്രിയ മന്വന്തരങ്ങള്‍ നീണ്ട്, ഒരുവേള നിലച്ച്, പിന്നീട് സങ്കോചിച്ച്, തിരിച്ചുവന്ന് മൂലപ്രകൃതിയില്‍ ലയിച്ചുചേരുന്ന പ്രക്രിയ -ലയം- പ്രലയം (പ്രളയം) എന്നു വിളിക്കപ്പെട്ടു. വികാസത്തിനു വേണ്ടിവന്ന കാലമായ മന്വന്തരങ്ങള്‍ അത്രയും സങ്കോചത്തിനും (പ്രളയത്തിനും) വേണ്ടിവരുന്നു.

പ്രപഞ്ചവികാസചരിത്രത്തില്‍ സ്ഥലകാലങ്ങളെ വ്യാസന്‍ ബന്ധപ്പെടുത്തിയിരുന്നു.  സ്ഥലത്തെ കാലത്തെക്കൊണ്ട് അളന്നിരുന്നു. അതിന് വ്യാസന്‍ സ്വീകരിച്ചത് പ്രകാശത്തെയാണ്. 

 അദ്ദേഹം ദൂരത്തെ അളക്കാന്‍ പ്രകാശത്തെ മാനദണ്ഡമാക്കി. സൂര്യരശ്മി ഒരു പരമാണുവിനെ മറികടക്കാന്‍ എടുക്കുന്ന സമയം മുതല്‍ കാലത്തിന്റെ പരിമാണം തുടങ്ങുന്നു. അത് മന്വന്തരങ്ങളിലേക്കും നീണ്ടുപോകുന്നു. ആധുനികശാസ്ത്രവും പ്രപഞ്ചാണ്ഡകടാഹവിസ്തൃതികളെ അളക്കാന്‍ സൂര്യരശ്മിയുടെ പ്രവേഗത്തെയാണ് ഉപയോഗിക്കുന്നത്. സായണന്‍ പ്രകാശവേഗതയെ കണക്കുകൂട്ടിയെടുത്തിരുന്നു. അത് ആധുനിക പ്രകാശവേഗതാപരിമാണത്തില്‍നിന്ന് അര ശതമാനം മാത്രമേ വ്യത്യാസം കാണിക്കുന്നുള്ളു.  ആ വ്യത്യാസം യോജനാപ്രമാണത്തിലെ കണക്കുകൂട്ടല്‍ മൂലമാകാം.

ക്ഷോഭാവസ്ഥയില്‍ മായയില്‍നിന്ന് ഉത്ഭൂതമായ ത്രിഗുണങ്ങളില്‍ തമോഗുണംകൊണ്ട് സ്ഥല-കാല-പഞ്ചഭൂതങ്ങളില്‍നിന്നു തുടങ്ങി  പ്രപഞ്ചാണ്ഡകടാഹപര്യന്തം സൃഷ്ടി നടത്തുകയും സത്വഗുണംകൊണ്ട് അവയെ വികസിപ്പിച്ച് നിലനിര്‍ത്തുകയും രജോഗുണംകൊണ്ട് സംഹരിച്ച് ലയകൃത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ സാക്ഷിയായ പുരുഷന്റെ മേല്‍ ശക്തിയുടെ മഹാതാണ്ഡവമായി -കാളീനടനമായി- ഈ പ്രപഞ്ചലീലകളെ കണക്കാക്കി മഹര്‍ഷിമാര്‍ ആനന്ദലീലയാടുന്നു.  ശൈവസിദ്ധാന്തപ്രകാരം സദാശിവന്‍ 

എല്ലാറ്റിനും ആദികാരണ (Primordial cause)വും ശക്തി ഉപാദാനകാരണ (Instrumental Cause)വും മായ ഭൗതികകാരണ (Material Cause)വും ആണെന്ന് ആ ഋഷീശ്വരന്മാര്‍ പണ്ടേ കണ്ടെത്തിയിരുന്നു.

                                                                                                                            9497225961

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക