ന്യൂദല്‍ഹി: ലോകത്ത് ഏറ്റവുമധികം പേര്‍ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്ന ലോക നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒന്നാമന്‍. മൂന്നുകോടിയിലധികം പേരാണ് പ്രധാനമന്ത്രിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുടരുന്നവരുടെ എണ്ണം ഇതിന്റെ പകുതിയിലും താഴെയാണ്. 1.49 കോടി പേരാണ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുടരുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്ക് 2.48 കോടി പിന്‍തുടര്‍ച്ചക്കാരുണ്ട്.
ഇന്‍സ്റ്റാഗ്രാമിലെ പിന്‍തുടര്‍ച്ചക്കാരുടെ എണ്ണത്തില്‍ ലോകനേതാക്കളില്‍ ഒന്നാമതെത്തിയത് മോദിയുടെ ജനപ്രീതിക്കും യുവജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയ്‌ക്കുമുള്ള തെളിവാണെന്ന് ബി.ജെ.പി. വര്‍ക്കിങ് അധ്യക്ഷന്‍ ജെ.പി. നന്ദ പറഞ്ഞു. മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം അഞ്ചുകോടി പിന്നിട്ടത് ഒരുമാസം മുന്‍പാണ്. നിലവില്‍ 5.7 കോടി പേരാണ് ട്വിറ്ററില്‍ മോദിയെ പിന്‍തുടരുന്നത്. 6.57 കോടി പേര്‍ പിന്തുടരുന്ന ട്രംപിനു തൊട്ടു പിന്നിലാണ് മോദിയുടെ സ്ഥാനം. 10.9 കോടി പിന്‍തുടര്‍ച്ചക്കാരുള്ള ഒബാമയാണ് ട്വിറ്ററില്‍ ലോകനേതാക്കളിലെ ഒന്നാമന്‍.
















