ശ്രീനഗര്‍: കശ്മീരിലെ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ താഴ്വരയിലെ 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഫോണുകൾ പ്രവർത്തിച്ചു തുടങ്ങി. എന്നാൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായിട്ടില്ല. കശ്മീരിൽ ജനജീവിതം സാധാരണ നിലയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ഫോൺ സർവീസുകൾ പുനസ്ഥാപിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ആഗസ്റ്റ് അഞ്ചിനാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായാണ് മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. ആദ്യ ഘട്ടം എന്ന നിലയില്‍ ബിഎസ്എന്‍എല്‍ ലൈനുകള്‍ മാത്രം തുറന്നുനല്‍കാനാണ് തീരുമാനിച്ചത്. മറ്റ് സ്വകാര്യ സേവന ദാതാക്കള്‍ക്ക് ഇന്‍കമിങ് കോളുകള്‍ മാത്രം അനുവദിക്കുന്നതും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം എല്ലാ പോസ്റ്റ്‌പെയ്ഡ് സേവനങ്ങളും പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ശനിയാഴ്ച തന്നെ ഈ തീരുമാനം നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച മുതൽ കശ്മീരിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് പോസ്റ്റ് പെയ്ഡ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.
ഏകദേശം മുപ്പത് ലക്ഷത്തോളം പ്രീ പെയ്ഡ് മൊബൈൽ കണക്ഷനുകൾ ഇനിയും പുനഃസ്ഥാപിക്കാനുണ്ട്.
















