ബംഗളൂരു: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായ അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാമല്ലാപുരം ബീച്ചിലൂടെ നടത്തിയ പ്രഭാതസവാരി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പ്രഭാതസവാരിക്കിടെ ബീച്ചിലുണ്ടായ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ ശേഖരിച്ചു നീക്കുന്ന മോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറെ വൈറലാവുകയും ചെയ്തു. പ്രഭാതസവാരിക്കിടെ ഇത്തരത്തില്‍ നടത്തുന്ന ശുചീകരണപ്രവൃത്തിയെ പ്ലോഗിങ് എന്നാണു വിളിക്കുന്നത്. മോദിയുടെ പ്ലോഗിങ്ങിനെ പ്രശംസിച്ചു ഏറെപേര്‍ രംഗത്തു വരുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജനതാദള്‍ എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയാണ് മോദിയുടെ പ്രവൃത്തിയെ പുകഴ്‌ത്തി ട്വീറ്റ് ചെയ്തിരിക്കുന്നത്.
മാമല്ലപുരത്തെ കടല്‍ത്തീരത്ത് നരേന്ദ്രമോദി നഗ്‌നപാദനായി നടക്കുന്ന വീഡീയോ കണ്ടു. അതിനിടയിലെ ശുചീകരണ പ്രവൃത്തിയും. പ്ലാസ്റ്റിക് വിമുക്ത ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്ക് ഇത് പ്രചോദനാത്മകമായ തുടക്കമാണെന്നായിരുന്നു ഗൗഡയുടെ ട്വീറ്റ്. മുന്‍പ് ബിജെപിയേയും മോദിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന നേതാക്കളില്‍ ഒരാളായിരുന്നു ദേവഗൗഡ. എന്നാല്‍, അടുത്തിടെ ബിജെപിയെയോ മോദിയേയോ കടന്നാക്രമിക്കാന്‍ ദേവഗൗഡ മുതിരാറില്ല. കൂടാതെ, ഗുജറാത്തില്‍ എത്തിയ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിച്ച ചിത്രങ്ങള്‍ ദേവഗൗഡ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി റീട്വീറ്റും ചെയ്തിരുന്നു. നമ്മുടെ മുന്‍ പ്രധാനമന്ത്രി ദേവഗൗഡജി സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിച്ചതില്‍ സന്തോഷമെന്നായിരുന്നു മോദിയുടെ ട്വീറ്റ്.
















