ന്യൂദല്‍ഹി: ബിജെപി അധ്യക്ഷന അമിത് ഷായുടെ അനുഗ്രഹാശിസുകളോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ. പ്രസിഡന്റാകും. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നായിരുന്നു നേരത്തേ അഭ്യൂഹമുയര്‍ന്നിരുന്നത്. എന്നാല്‍ ഞായറാഴ്ച രാത്രി മുംബൈയില്‍ നടന്ന ബി.സി.സി.ഐ. യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്‌ഠ്യേന നിര്‍ദേശിക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ പുതിയ സെക്രട്ടറിയും അരുണ്‍ ധുമാല്‍ ട്രഷററും ആയേക്കും. മുന്‍ ബി.സി.സി.ഐ. പ്രസിഡന്റും കേന്ദ്ര ധനകാര്യസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരനാണ് അരുണ്‍ ധുമാല്‍.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജാണ് ബി.സി.സി.ഐ.യുടെ ജോ സെക്രട്ടറിയാകാന്‍ ഒരുങ്ങുന്നത്. ജയേഷ് ഇന്ന് മൂന്ന് മണിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഗാംഗുലി. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ പോസ്റ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 23ന് നടക്കുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിനു മുന്നോടിയായി സമവായം കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനായി ഇന്നലെ മുംബൈയിലെ ഒരു ഹോട്ടലില്‍ യോഗം നടന്നിരുന്നു. ബിസിസിഐ മുന്‍ പ്രസിഡന്റുമാരായ എന്‍.ശ്രീനിവാസന്‍, അനുരാഗ് താക്കൂര്‍, സെക്രട്ടറിയായിരുന്ന നിരഞ്ജന്‍ ഷാ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തിനു മുന്നോടിയായി ശ്രീനിവാസനും ഗാംഗുലിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
















