ഹൈദരാബാദ് : പൊതു തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ നിന്നും ടിഡിപി പുറത്തുപോന്നത് തീരാനഷ്ടമെന്ന് പ്രസിഡന്റ് ചന്ദ്രബാബു നായിഡു. വെള്ളിയാഴ്‌ച്ച വിശാഖപട്ടണത്ത് പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്.
2018 മെയിലാണ് ടിഡിപി(തെലുങ്ക് ദേശം പാര്‍ട്ടി) എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തുപോകുന്നത്. പിന്നീട് വരുന്ന ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുപിഎയിലേക്ക് കാലുമാറിയത് വന്‍ വിജയ പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ എന്‍ഡിഎ വിട്ടതോടെ ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിക്ക് ജനപിന്തുണയും ഇതോടൊപ്പം നഷ്ടമായി. ആന്ധ്രാപ്രദേശ് ഭരിച്ചിരുന്ന ടിഡിപി ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 175 സീറ്റ് ഉള്ളതില്‍ വെറും 23 സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്, ലോക്‌സഭയിലേക്ക് മൂന്നും. ഇതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമാണ് ടിഡിപിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതെന്നും ചന്ദ്രബാബു യോഗത്തില്‍ വിലയിരുത്തി.
സംസ്ഥാന ഭരണം നഷ്ടപ്പെട്ടത് മാത്രമല്ല മറിച്ച് എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയതോടെ പാര്‍ട്ടിക്ക് മോദി സര്‍ക്കാരിലുണ്ടായിരുന്ന സ്വാധീനവും ഇല്ലാതായെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയയും ബിജെപിയേയും ചന്ദ്രബാബു നായിഡു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടാതെ മമത ബാനര്‍ജി, എച്ച്. ഡി. കുമാരസ്വാമി, അരവിന്ദ് കേജ്‌രിവാള്‍, സീതാറാം യെച്ചൂരി, പിണറായി ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കളുമായി സഖ്യം ഉണ്ടാക്കാനും ശ്രമം നടത്തിയിരുന്നു. ബിജെപിയെ ഒരു പാഠം പഠിപ്പിക്കും എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ചന്ദ്രബാബു നായിഡു പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നത്. എന്നാല്‍ തെരഞ്ഞടുപ്പില്‍ ഈ നിലപാട് തന്നെയാണ് ടിഡിപിക്ക് തിരിച്ചടിയായത്.
മുഖ്യമന്ത്രിയായിരിക്കേ ഇത്തരത്തില്‍ ദേശ വ്യാപകമായി പാര്‍ട്ടിക്ക് വേണ്ടി യാത്രകള്‍ നടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മുഖ്യ പ്രചാരണ ആയുധമാക്കി. സംസ്ഥാന മുഖ്യമന്ത്രി പദത്തിലിരിക്കേ പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്താണ് ദേശ വ്യാപകമായി ഈ യാത്ര നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പരാജയം നല്‍കിയെന്നുമാണ് ചന്ദ്രബാബു നായിഡുവിന്റെ വിലയിരുത്തല്‍.
















