ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലോഗിങ്ങിനു പിന്നാലെ കോടതിയും പരിസരവും വൃത്തിയാക്കിയ തെലങ്കാന ഹൈക്കോടതിയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. തെലങ്കാന ഹൈക്കോടതി ജഡ്ജി ചല്ല കോദണ്ടരാമാണ് ഇത്തരത്തില്‍ മാതൃകയായത്.
വെള്ളിയാഴ്ച വൈകിട്ട് പഞ്ചാബ് ഹൈക്കോടതി ജഡ്ജി പി.വി. സഞ്ജയ് കുമാറിനായി സംഘടിപ്പിച്ച യാത്രയയപ്പിനിടെയാണ് സംഭവം. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ചായ സത്കാരത്തിനുശേഷം ഉപയോഗശേഷം കപ്പുകളും പ്ലേറ്റുകളും അശ്രദ്ധമായി കോടതി പരിസരത്ത് കിടക്കുന്നത് കണ്ടതോടെ ജഡ്ജി തന്നെ ഇവ വൃത്തിയാക്കാന്‍ മുതിരുകയായിരുന്നു. ഇതോടെ മറ്റ് അംഗങ്ങള്‍ ഇത് ഏറ്റെടുക്കുകയും പെട്ടന്നു തന്നെ പരിസരം വൃത്തിയാക്കുകയും ചെയ്തു. സ്വച്ഛ് ഭാരതിന് ജയ് വിളിച്ചുകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്.
പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ഉത്തരവിറക്കിയശേഷം ന്യായാധിപര്‍ തന്നെ അത് ലംഘിക്കുന്നത് ശരിയല്ല. തെലങ്കാന ഹൈക്കോടതി ജഡ്ജി അതാണ് ജനങ്ങള്‍ക്കു മുന്നില്‍ കാണിച്ചു തന്നതെന്നും മുതിര്‍ന്ന അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ തോട്ട സൂര്യ കിരണ്‍ റെഡ്ഡി അറിയിച്ചു. അതേസമയം ഇതില്‍ ചില അതിഥികള്‍ ആശ്ചര്യം പൂണ്ട് നില്‍ക്കുകയും ചിലര്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
സ്വച്ഛ് ഭാരതിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മാമല്ലപുരം ബിച്ചില്‍ വ്യായാമത്തിനിടെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജഡ്ജിന്റേയും വാര്‍ത്ത പുറത്തുവരുന്നത്.
















