പാട്‌ന: ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് മോഡേണ്‍ ആകുന്നില്ലെന്ന് ആരോപിച്ച് യുവാവ് മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തി. ബീഹാറുകാരിയായ നൂറി ഫാത്തിമയെയാണ് ആധുനിക രീതിയില്‍ പെരുമാറിയില്ലെന്ന് ആരോപിച്ച് മുത്തലാഖ് ചൊല്ലിയത്. ഭര്‍ത്താവ് ഇമ്രാന്‍ മുസ്തഫയ്‌ക്കെതിരെ യുവതി സംസ്ഥാന വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
2015ലാണ് നൂറി ഫാത്തിമയും ഇമ്രാന്‍ മുസ്തഫയും വിവാഹിതരായത്. അതിനുശേഷം ഇരുവരും ദല്‍ഹിയിലേക്ക് താമസംമാറി. ഇതോടെ നഗരത്തിലെ പെണ്‍കുട്ടികളെപ്പോലെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാത്തതിന്റെ പേരിലും നിശാപാര്‍ട്ടികളില്‍ മദ്യപിക്കാത്തതിനും ദിവസവും ഇമ്രാന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് നൂറി ആരോപിച്ചു.
ദിവസങ്ങള്‍ക്കുമുമ്പാണ് ഇമ്രാന്‍ വീട്ടിലെത്തി മുത്തലാഖ് ചൊല്ലിയത്. ഓഗസ്റ്റ് ഒന്നിന് നിലവില്‍വന്ന മുത്തലാഖ് നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ ജയില്‍ശിക്ഷ ലഭിക്കും. അതിനിടെ കമ്മിഷനു മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് അയച്ചതായി വനിതാകമ്മിഷന്‍ അധ്യക്ഷ ദില്‍മാനി മിശ്ര അറിയിച്ചു.
















