ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തിയതിനു പിന്നാലെ മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നു. ജമ്മു കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ പല ആവര്‍ത്തി പ്രഖ്യാപനം നടത്തിയിട്ടുള്ളതാണ്. യുഎന്‍ സമ്മേളന വേളയില്‍ മലേഷ്യന്‍ പ്രസിഡന്റ് മഹാതിര്‍ മുഹമ്മദ് നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഇന്ത്യയുടെ ഈ നടപടി. വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ മലേഷ്യയില്‍ നിന്നും വന്‍ തോതില്‍ ഇന്ത്യ പാമോയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് നിര്‍ത്തലാക്കി ചെലവും കുറച്ച് ഇന്തോനേഷ്യ, അര്‍ജന്റീന, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.
പ്രതിവര്‍ഷം 90 ലക്ഷത്തിലധികം ടണ്‍ പനയെണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ കൂടുതലും മലേഷ്യയില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നുമാണ്. മലേഷ്യന്‍ പാം ഓയില്‍ ബോര്‍ഡിന്റെ കണക്ക് പ്രകാരം 2019 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള സമയം മലേഷ്യയില്‍ നിന്ന് ഏറ്റവുമധികം പനയെണ്ണ ഇറക്കുമതി ചെയ്തിരിക്കുന്ന രാജ്യം ഇന്ത്യയാണ്. 39 ലക്ഷം ടണ്‍ എണ്ണയാണ് പ്രതിവര്‍ഷം ഇന്ത്യയിലേക്ക് എത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മലേഷ്യന്‍ പ്രാഥമിക വ്യവസായ മന്ത്രി തെരേസ കോക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പാം ഓയില്‍ ആന്‍ഡ് റബ്ബര്‍ എക്കണോമിക് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മിഷന്‍ ടു ഇന്ത്യ എന്ന പേരിലാണ് സംഘമെത്തിയത്. അതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.
ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പ്രസിഡന്റ് മഹാതിര്‍ മുഹമ്മദിന്റെ പരാമര്‍ശം. കശ്മീര്‍ വിഷയത്തിനു പരിഹാരം കാണാന്‍ ഇന്ത്യ പാകിസ്താനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഎന്നില്‍ ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന നടത്തിയ തുര്‍ക്കിയുമായുള്ള വ്യാപാരക്കരാറുകളും നിര്‍ത്തിവെയ്‌ക്കുന്നത് സംബന്ധിച്ച് ഇന്ത്യ ആലോചിച്ചു വരികയാണ്.
















