മഹാബലിപുരം: ഇന്ത്യയും ചൈനയും പരസ്പരസഹകരണത്തിന്റെ പുതിയൊരദ്ധ്യായം തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വുഹാന്‍ ഉച്ചകോടി അയല്‍ക്കാരായ നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്‍കിയിരിക്കുന്നു. ഇന്നത്തെ ഉച്ചകോടിയിലൂടെ പരസ്പര സഹകരണത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച മുതല്‍ അഞ്ചര മണിക്കൂറോളമാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് എയര്‍ ചൈനയുടെ ബോയിങ് 747 വിമാനത്തില്‍ ചെന്നൈയിലെത്തിയ ഷി ജിന്‍പിങ് ഉച്ചകോടിക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ വിമാനമാര്‍ഗം നേപ്പാളിലേക്ക് തിരിച്ചു. അടുത്ത ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദിയെ ഷി ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രധാന മന്ത്രി ഈ ക്ഷണം സ്വീകരിച്ചു.
ഉച്ചകോടിയുടെ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീര്‍ വിഷയം ചര്‍ച്ചയായില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോദി-ഷി ചര്‍ച്ച ഏറെ ഗുണകരമായിരുന്നെന്നു വിദേശകാര്യ സെക്രട്ടറി വിജയ് കെ ഗോഖലെ പറഞ്ഞു. നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ഉന്നതതല സംവിധാനം രൂപവത്കരിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
















