വാഷിങ്ടണ്‍ : ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക് നയം അവസാനിപ്പിക്കണമെന്ന് താക്കീതുമായി യുഎസ് സെനറ്റര്‍ മാഗി ഹസന്‍. ഇസ്ലാമബാദില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് യുഎസ് പ്രതിനിധി അംഗത്തിന്റെ ഈ പ്രസ്താവന. ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യയുടെ വാദങ്ങളെ അനുകൂലിക്കുന്നതായിരുന്നു യുഎസിന്റെ ഈ നടപടി.
സാമ്പത്തികമായും താലിബാന്‍ ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ പാക് മണ്ണില്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. ഇതിന് തക്ക നടപടി സ്വീകരിക്കണമെന്നും മാഗി ഹസന്‍ അറിയിച്ചു.
ഇസ്ലാമബാദ് സന്ദര്‍ശന വേളയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ, പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഹസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റൊരു സെനറ്ററായ ക്രിസ് വാന്‍ ഹോളനും ഹസനൊപ്പം പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തി.
ആഗോള തലത്തില്‍ ഭീഷണിയായ ഭീകരാക്രമണങ്ങള്‍ തടയുന്നതിനു,ം ഭീകരവാദ ഗ്രൂപ്പുകളുടെ വ്യാപനം തടയുന്നതിനും എന്തുചെയ്യാനാകുമെന്ന് യുഎസ് നേതാക്കള്‍ പാക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. താലിബാനും മറ്റ് ഭീകര ഗ്രൂപ്പുകള്‍ക്കുമായുള്ള പിന്തുണ പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും യുഎസ് നേതാക്കള്‍ അറിയിച്ചു. അതിനിടെ യുഎസ്-ഇന്ത്യ ബന്ധം ചര്‍ച്ച ചെയ്യുന്നതിനും അന്താരാഷ്‌ട്ര വ്യാപാരം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കുമായി ഇന്ത്യയുമായി ഇന്ത്യയിലെ രാഷ്‌ട്രീയ ബിസിനസ് നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
















