മഹാരാഷ്ട്രയിലെ വിരാംഗാവ് സ്വദേശിയായിരുന്നു മേഘ. സദാസമയവും ശിവപഞ്ചാക്ഷരി ജപിച്ചു നടന്നൊരു സാധു ബ്രാഹ്മണന്. ശിവഭക്തനായ മേഘ വിരാംഗാവിലെ റാവു ബഹാദുര്‍ എച്ച്. വി. സാഥേയുടെ പാചകക്കാരനായിരുന്നു.
ശിവന്റെ അവതാരമായ ബാബയുടെ കഥകള്‍ സാഥേയാണ് മേഘയ്ക്ക് പറഞ്ഞു കൊടുത്തത്. മേഘയെ ഷിര്‍ദിയിലേക്ക് പറഞ്ഞയച്ചതും സാഥേയായിരുന്നു. മേഘയുടെ ജീവിതത്തിനതൊരു വഴിത്തിരിവായി.
ബാബയുടെ പാദസേവയില്‍ ആത്മസായൂജ്യമറിഞ്ഞ് ശേഷിച്ച കാലമത്രയും മേഘ ഷിര്‍ദിയില്‍ കഴിഞ്ഞു.
ദ്വാരകാമായിയില്‍, നിറഞ്ഞ ഭക്തിയോടെ എല്ലായ്പ്പോഴും ബാബയ്ക്കരികെ മേഘയുണ്ടാകും. തൊട്ടരികെയുള്ള സാഥേവാഡയില്‍ വിശ്രമിക്കാനായി പോകുമ്പോള്‍ കൈയില്‍ ബാബയുടെ ഒരു ഛായാചിത്രം ചേര്‍ത്തു പിടിച്ചിരിക്കും. ബാബയെ വേര്‍പെട്ടൊരു നിമിഷമില്ല.
ഒരിക്കല്‍, വാഡയിലെ കിടപ്പുമുറിയില്‍ പുലരാന്‍ നേരത്ത് കണ്ണുകളടച്ച് പാതിമയക്കത്തിലായിരുന്നു മേഘ. പെട്ടെന്ന് ബാബ അരികില്‍ വന്ന് വിളിക്കുന്നതു പോലെ . ‘മേഘാ, വേഗം എഴുന്നേറ്റ് ഒരു ശൂലം വരയ്ക്ക്.’ ഇത്രയും പറഞ്ഞ ശേഷം അല്പം അക്ഷതം ( കുങ്കുമവും മഞ്ഞളും പുരട്ടിയ അരിമണികള്‍) എടുത്ത് ബാബ തനിക്കു നേരെ എറിഞ്ഞതായി മേഘയ്ക്ക് തോന്നി. ചാടിയെണീറ്റെങ്കിലും അവിടെയെങ്ങും ബാബയെ കണ്ടില്ല. പക്ഷേ, ചുറ്റിലും അക്ഷതം ചിതറിക്കിടപ്പുണ്ടായിരുന്നു. വാതിലെല്ലാം അകത്തു നിന്ന് അടച്ച നിലയില്‍ തന്നെയുണ്ട്. ബാബ തനിക്ക് സ്വപ്ന ദര്‍ശനം തന്നതാണെന്ന് മേഘയ്ക്ക് ബോധ്യമായി. അദ്ദേഹം ഓടി ദ്വാരകാമായിയിലെത്തി. ബാബയോട് സ്വപ്നത്തെക്കുറിച്ച് പറഞ്ഞ മേഘ, ശൂലം വരയ്ക്കാന്‍ പറഞ്ഞതിന്റെ അര്‍ഥമെന്തെന്നു ചോദിച്ചു. ‘നിനക്കറിയാമല്ലോ, ഞാന്‍ വെറുതേയൊരു കാര്യം പറയാറില്ലെന്നത്. എന്റെ വാക്കുകള്‍ ഒരിക്കലും പൊള്ളയല്ല. അര്‍ഥഗര്‍ഭങ്ങളായിരിക്കും.’
മേഘ, വാഡയിലേക്ക് തിരിച്ചു പോയി. ചുമരില്‍ ബാബയുടെ ചിത്രം ഉറപ്പിച്ച് അതിനരികെ ഒരു ശൂലം വരച്ചു.
അതിനടുത്ത ദിവസം ബാബയെ കാണാനായി പൂനെയില്‍ നിന്ന് ഒരു ഭക്തനെത്തി. അപൂര്‍വമായൊരു ഉപഹാരവുമുണ്ടായിരുന്നു കൈയില്‍. ശിവന്റെ അതിമനോഹരമായൊരു കൊച്ചുശില്പം. ചുറ്റിലും നിന്നവരെല്ലാം കൗതുകത്തോടെ അതു നോക്കി നിന്നു. അത്രയ്ക്ക് വശ്യം. അവിടെ മേഘയും നില്‍പ്പുണ്ടായിരുന്നു. ബാബ, മേഘയെ അരികില്‍ വിളിച്ച്, ആ ശില്പം നല്കി. വിസ്മയത്തോടെ അതു നോക്കി നിന്ന മേഘയോട്, ബാബ പറഞ്ഞു, ‘മഹാദേവന് നിന്നെ കാണാനെത്തിയതാണ്. ഇത് നിനക്കുള്ളതാണ്. ഇന്നു വരുമെന്ന് എനിക്കറിയായമായിരുന്നു. അതല്ലേ ഞാന്‍ ത്രിശൂലം വരയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ മനസ്സിലായില്ലേ, നിന്റെ സ്വപ്നങ്ങളുടെ സാരാംശം?’
ഒന്നും പറയാനാവാതെ, കണ്ണീര് ചൊരിഞ്ഞ് ബാബയുടെ കാലുകള്‍ പ്രണമിച്ച് മേഘ തിരിച്ചു നടന്നു. വാഡയിലെ ചുമരില്‍ വരച്ച ശൂലത്തിനു മുമ്പിലായി ആ കൊച്ചു ശില്പം പ്രതിഷ്ഠിക്കാന്‍ ബാബയും മേഘയ്ക്കൊപ്പം പോയി.
1912 ജനുവരി 19 നായിരുന്നു മേഘയുടെ ദേഹവിയോഗം. മേഘയുടെ ഭൗതിക ദേഹത്തിനു മീതെ കൈകള്‍ ചേര്‍ത്തു വെച്ച് അന്ന് ബാബ പറഞ്ഞത് ഇതായിരുന്നു.’എന്നെയറിഞ്ഞ എന്റെ യഥാര്‍ഥ ഭക്തന്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: