ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്നാട്ടിലെത്തി. മഹാബലി പുരത്ത് എത്തിയ ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തമിഴ് സ്‌റ്റൈലില്‍ വെള്ള ഷര്‍ട്ടും മുണ്ടും ഷോളുമായിരുന്നു മോദിയുടെ വേഷം. മഹബാലിപുരത്തെ കോട്ടകളും ചിരപുരാതന ശില്‍പങ്ങളും ഷി ജിന്‍പിങ്ങിനു മോദി പരിജയെപ്പെടുത്തി. നേരത്തേ, ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹോട്ടലില്‍ തങ്ങിയ ശേഷമാണ് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്‌ക്കു മുമ്പില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
ഷീ-മോദി ഉച്ചകോടിക്ക് മുന്നോടിയായി വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ഗതിയില്‍ ഹിന്ദി ഹൃദയഭൂമികയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കേണ്ട നയതന്ത്ര പ്രധാനമായ ചര്‍ച്ചകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥനമായ തമിഴ് നാട്ടിലെ പൗരാണിക നഗരത്തില്‍ എത്തിച്ചതില്‍ നിരവധി സന്ദേശങ്ങള്‍ ചൈനയ്‌ക്കും തമിഴ്‌നാടിനുമായി ഒളിഞ്ഞുകിടപ്പുണ്ട്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലവും 1,200 മുതല്‍ 1,300 വര്‍ഷം വരെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരമെന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മാമല്ലപുരം. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിര്‍മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരന്നു. ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.

ചൈനയില്‍ ബുദ്ധമത ദര്‍ശനങ്ങളെ എത്തിച്ചത് തമിഴ്‌നാട്ടിലെ പല്ലവ രാജകുമാരനായ ബോധിധര്‍മനാണെന്നാണ് വിശ്വാസം. ഇദ്ദേഹമാണ് ചൈനയില്‍ ബുദ്ധമതത്തിന്റെ ഭാഗമായി ധ്യാനവും മറ്റ് ദര്‍ശനങ്ങളും ചൈനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയത്. തമിഴ്‌നാട്ടിലെ ആയുധരഹിത യുദ്ധമുറയില്‍ പ്രാവീണ്യം നേടിയിരുന്ന ബോധിധര്‍മന്‍ അത് ചൈനയിലെ ജനങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
ഷീ ജിന്‍പിംഗിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പതിനായിരം സുരക്ഷാ ഭടന്മാരെ വിന്യസിച്ചതിനൊപ്പം 500 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ നിന്നുള്ള പോലീസുകാര്‍ ഇതിനകം സുരക്ഷാ ചുമതലകള്‍ ഏറ്റെടുത്തു. ഒമ്പത് ഐഎഎസ് ഉദ്യോഗസ്ഥരുടെയും 34 മുതിര്‍ന്ന പ്രത്യേക ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് ക്രമീകരണം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കെ. ഷണ്മുഖം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അഞ്ചാം നമ്പര്‍ ഗേറ്റില്‍ തുടങ്ങി മാമല്ലപുരത്തെ കടല്‍ത്തീരത്തുള്ള ക്ഷേത്രം വരെ മുപ്പത്തിനാല് ഇടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സീ ജിന്‍പിങ്ങിനും സ്വീകരണം ഒരുക്കിയിട്ടുള്ളത്. മാമല്ലപുരത്ത് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും നിരീക്ഷണത്തിനുണ്ട്. മോദിയും ഷീയും സന്ദര്‍ശനം നടത്തുന്ന വേദിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല സംസ്ഥാന പോലീസിന്റെ പ്രത്യേക ബറ്റാലിയനും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയുടെ എസ്പിജി സംഘത്തിനുമാണ്. ചൈനീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സുരക്ഷാ പരിശോധനകള്‍ നടത്തി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച നടത്തി. കടലോര ഗ്രാമമായ മാമല്ലപുരത്ത് ഇരു രാജ്യത്തലവന്മാര്‍ക്കും വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മേളനത്തെ സ്വാഗതം ചെയ്ത്, ബുധനാഴ്ച ഇവിടെ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി ദേശീയ സംയോജന റാലിയും സംഘടിപ്പിച്ചിരുന്നു.
















