മംഗ്ലൂരു: ഇന്ത്യന്‍ സാക്സഫോണ്‍ സംഗീതജ്ഞന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസായിരുന്നു. മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ, സാക്‌സഫോണ്‍ ചക്രവര്‍ത്തി, നാദകലാനിധി, സാക്‌സഫോണ്‍ സാമ്രാട്ട് തുടങ്ങി നിരവധിപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സാക്സോഫോണിനെ കര്‍ണാടക സംഗീതസദസ്സുകള്‍ക്കു പരിചയപ്പെടുത്തിയതു കദ്രിയാണ്. കര്‍ണാടകയിലെ ദക്ഷിണ കാനറയില്‍ ജനിച്ച ഗോപാല്‍നാഥ് നാഗസ്വര വിദ്വാനായ പിതാവില്‍ നിന്നാണു സംഗീതത്തിന്റെ ബാലപാഠങ്ങള്‍ തുടങ്ങിയത്.
പാശ്ചാത്യ സംഗീതോപകരണമായ സാക്സഫോണിനെ കര്‍ണാടക സംഗീതത്തിലൂടെ ജനപ്രിയമാക്കിയ കലാകാരന്‍ കൂടിയായിരുന്നു ഗോപാല്‍നാഥ്. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. ലോകത്തിലെ പ്രശസ്തമായ ഒട്ടുമിക്ക രാജ്യാന്തര സംഗീതോല്‍സവങ്ങളിലും കദ്രി ഗോപാല്‍നാഥിന്റെ സാക്സ് മുഴങ്ങിയിട്ടുണ്ട്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞന്‍ കൂടിയാണ് ഗോപാല്‍നാഥ്. ബെര്‍ലിനിലെയും പ്രേഗിലെയും ജാസ് ഫെസ്റ്റിവലുകളില്‍ അവസരം. കര്‍ണാടക സംഗീതലോകത്തു കദ്രിക്കു കിട്ടാത്ത പുരസ്‌കാരങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. 2004ലാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത്. ബെംഗളൂരു സര്‍വകലാശാല ഓണററി ഡോക്ടറേറ്റും നല്‍കി.
















