മൂന്നാം അദ്ധ്യായം മൂന്നാം പാദം
കാര്യാഖ്യാനാധികരണം
ഒരു സൂത്ര മാത്രമാണ് ഇതില്‍.
സൂത്രം കാര്യാഖ്യാനാദപൂര്വ്വം
മറ്റ് സ്മൃതികളില്‍ പറഞ്ഞതായ അവശ്യ കര്‍ത്തവ്യമായ ആചമനത്തെപ്പറ്റി പറയുന്നതിനാല്‍. ഇത് മുമ്പ് പറഞ്ഞിട്ടില്ലെന്നതാണ് അപൂര്‍വമായത്.
ഛാന്ദോഗ്യോപനിഷത്തിലും ബൃഹദാരണ്യകത്തിലും ജീവികള്‍ കഴിക്കുന്ന ഭക്ഷണം പ്രാണാഹുതിയാണെന്നും ജലം ആ ആഹുതിയ്ക്കുള്ള വസ്ത്രമാണെന്നും പറഞ്ഞിട്ടുണ്ട്. ജലമാകുന്ന വസ്ത്രം കൊണ്ട് അന്നത്തിനെ ആച്ഛാദനം ചെയ്യുന്നതാണ് ആചമനം. ഭക്ഷണത്തിന് മുമ്പും പിമ്പും ജലം ആച മനം ചെയ്യുന്നത് അന്നത്തിനെ അശുദ്ധിയില്‍ നിന്ന് രക്ഷിക്കാനാണ്.
ആ വസ്ത്രം പ്രാണന്റെ നഗ്നതയെ മറയ്ക്കുകയും ചെയ്യും. പ്രാണന്റെ നഗ്നതയെ മറയ്ക്കുന്നതായ അനഗ്നതാ ധ്യാനത്തേയും ആചമനത്തേയും ഇവിടെ വിധിക്കുന്നു. അതില്‍ പ്രധാനമായത് അനഗ്നതാ ധ്യാനമായതിനാല്‍ ഭക്ഷണത്തിന് മുമ്പും ഭക്ഷണശേഷവും ആചമനം ചെയ്യണം. ജലത്തിലുള്ള വസ്ത്ര സങ്കല്പം മുമ്പ് പറഞ്ഞിട്ടില്ലാത്തതിനാലാണ് അത് അപൂര്‍വ്വമെന്ന് പറഞ്ഞത്. പ്രാണന്റെ വസ്ത്ര വിജ്ഞാനം തന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നതെന്ന് അറിയണം.
മറ്റൊരു വ്യാഖ്യാന പ്രകാരം ബ്രഹ്മം അന്നരസമയമല്ല എന്നും എല്ലാറ്റിന്റെയും അന്തര്യാമിയായ പുരുഷനാണ് എന്ന് ഉറപ്പിക്കുകയുമാണ് ഈ സൂത്രത്തിലൂടെ ചെയ്യുന്നത്.
സമാനാധികരണം
ഇതിലും ഒരു സൂത്രമേയുള്ളൂ.
സൂത്രം സമാന ഏവം ചാഭേദാത്
സമാനങ്ങളായ ശാഖകളിലും ഇങ്ങനെ വിദ്യയുടെ ഏകത്വത്തെ സ്വീകരിക്കണം. ഭേദമില്ലാത്തതാണ് കാരണം.
ഓരോ ശാഖയിലും പലതരത്തിലുള്ള വിവരണങ്ങള്‍ കാണാം. എല്ലാം ഒന്ന് തന്നെയെന്ന് മനസ്സിലാക്കണം. ഉപാസിക്കേണ്ട വസ്തു ഒന്നു തന്നെയാണ്.അതില്‍ ഭേദമില്ല എന്നതാണ് കാരണം. വാജസനേയി ശാഖയില്‍ ശതപഥബ്രാഹ്മണത്തിലും ബൃഹദാരണ്യകോപനിഷത്തിലും ആത്മാവിനെപ്പറ്റി രണ്ട് തരത്തില്‍ വിവരിക്കുന്നു. ശതപഥബ്രാഹ്മണത്തില്‍ ശാണ്ഡില്യ വിദ്യയിലുള്ള ബ്രഹ്മ ഉപാസനയും ബൃഹദാരണ്യകത്തില്‍ പറയുന്ന ഉപാസനയും വേറെയാണെന്ന തോന്നലിനെയാണ് ഈ സൂത്രം നിരാകരിക്കുന്നത്. ഉപാസ്യ വസ്തുവിന്റെ ഏകത്വ മൂലം രണ്ടും ഒന്ന് തന്നെയെന്ന് വ്യക്തമാക്കുന്നു.
ഒന്നിലില്ലാത്ത ചില ഗുണങ്ങള്‍ മറ്റൊന്നില്‍ കാണാം. എന്നാലും ഉപാസ്യ വസ്തു ഒന്ന് തനെയാണ്.അത് രണ്ടില്ല.അതിനാല്‍ എല്ലാ വിവരണങ്ങളും ഒന്നിനെക്കുറിച്ചാണ് ഒന്ന് തന്നെയാണ്. ഈ സൂത്രം മുതല്‍ വീണ്ടും വിദ്യയുടെ അഭേദ നിരൂപണമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: