ന്യൂദല്‍ഹി: ടാറ്റ ഉപയോക്താക്കൾക്ക് ഉത്സവസമ്മാനമായി ടിയാഗോയുടെ വിസ് എഡിഷൻ മോഡൽ നിരത്തിലിറങ്ങി. സാധാരണ മോഡലിനെ അപേക്ഷിച്ച് ചില കോസ്മറ്റിക് മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്പോര്‍ട്ടിയാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. 5.40 ലക്ഷം രൂപയാണ് ഇതിന്റെ ദൽഹിയിലെ എക്സ്ഷോറൂം വില.
പരമ്പരാഗത ഡിസൈനിൽ മാറ്റം വരുത്താതെ പുതിയ പെയിന്റ് സ്കീ. നൽകിയാണ് പുതിയ കാർ എത്തിയത്. ടൈറ്റാനിയം ഗ്രേ ബോഡി കളറില്‍ കറുത്ത നിറത്തിലുള്ള റൂഫ് ആണുള്ളത്. മുന്‍വശത്തെ ഗ്രില്ലിലും റെയര്‍ വ്യൂ മിററിന്റെ പിന്‍വശത്തും വീലുകളിലുമെല്ലാം ഓറഞ്ച് ഡീറ്റെയിലിങ് കൊടുത്തത് വാഹനത്തിന് സ്പോര്‍ട്ടി ലുക്ക് കൊടുക്കുന്നു. ഇതുപോലെ തന്നെ ഇന്റീരിയറില്‍ എസി വെന്റുകളിലുള്‍പ്പടെ പലയിടത്തും ഓറഞ്ച് നിറത്തിന്റെ അംശങ്ങള്‍ കാണാം.
എബിഎസ്-ഇബിഡി എന്നീ ബ്രേക്കിങ് സംവിധാനത്തിന് പുറമേ, സീറ്റ് ബെൽറ്റ് വാണിങ്, എൻജിൻ ഇമ്മൊബിലൈസർ, റിയർ പാർക്കിങ് സെൻസർ, സെന്റർ ലോക്കിങ് എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും. പെട്രോൾ എഞ്ചിനിലാണ് വിസ് എഡിഷൻ ഓടുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്‌മിഷൻ നൽകുന്ന ഈ വാഹനത്തിന് 23.84 കിലോമീറ്റർ മൈലേജ് കമ്പനി ഉറപ്പ് നൽകുന്നു.
2017ല്‍ ഇതേ കാറിന്റെ വിസ് എഡിഷന്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. മാരുതി സുസുക്കി സെലേറിയോ, വാഗണ്‍ ആര്‍, ദാറ്റ്സണ്‍ ഗോ, ഹ്യുണ്ടായ് സാന്‍ട്രോ എന്നീ മോഡലുകളാണ് വിപണിയില്‍ ടിയാഗോയുടെ മുഖ്യ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: