കോഴിക്കോട്: എസ്എഫ്‌ഐക്കാര്‍ അധ്യാപകരെ പൂട്ടിയിട്ടു. ഹാജര്‍ തടഞ്ഞുവച്ചെന്ന് ആരോപിച്ച് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് അധ്യാപകര്‍ക്കു നേരെയുള്ള അതിക്രമം.
അഞ്ചാം സെമസ്റ്ററിലെ ഹാജര്‍നില സര്‍വകലാശാലയിലേക്ക് അയയ്‌ക്കേണ്ട അവസാന ദിവസമായ ഇന്നലെ വകുപ്പ് തലവന്‍ ഹാജര്‍ തടഞ്ഞുവച്ചെന്നാരോപിച്ചായിരുന്നു പൂട്ടിയിട്ടല്‍. മലയാളം വിഭാഗം മേധാവി വി.എസ്. റോബര്‍ട്ട്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജി. ശ്രീജിത്ത് എന്നിവരെയാണ് ഒന്നര മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടത്. പ്രിന്‍സിപ്പാള്‍ എത്തി വിദ്യാര്‍ഥികളുടെ ആവശ്യം കേട്ട ശേഷമാണ് മുറി തുറന്നുകൊടുത്തത്. തുടര്‍ന്ന് സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് വോട്ടിനിട്ട് വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കാനും തീരുമാനിച്ചു.
വകുപ്പ് തലത്തില്‍ കൃത്യമായ രീതിയില്‍ ഹാജര്‍നില ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്ന് വകുപ്പ് മേധാവി വി.എസ്. റോബര്‍ട്ട് പറഞ്ഞു. ക്ലാസില്‍ വരാത്തതിന്റെ കാരണം കാണിച്ചുള്ള കൃത്യമായ രേഖകള്‍ ഹാജരാക്കിയാല്‍ ഹാജര്‍ കൃത്യമായി നല്‍കാറുണ്ടെന്നും അല്ലാത്തപക്ഷം വകുപ്പിന് വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അധ്യയന ദിവസങ്ങളില്‍ ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നല്‍കിയ പ്രിന്‍സിപ്പാളിനെതിരെ കെഎസ്‌യു കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.
















