ആലപ്പുഴ: ശബരിമല വിഷയത്തില്‍ നവോത്ഥാനവും സ്ത്രീസമത്വവും കൊട്ടിഘോഷിച്ച് വനിതാമതില്‍ പണിഞ്ഞ സിപിഎം നേതാക്കളുടെ സ്ത്രീവിരുദ്ധത വീണ്ടും പുറത്ത്. അസഭ്യവാക് പ്രയോഗത്തിനു കുപ്രസിദ്ധിയാര്‍ജിച്ച മന്ത്രി ജി. സുധാകരന്‍ തന്നെയാണ് ഇത്തവണയേും പ്രതികൂട്ടില്‍. അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരേയാണു സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മന്ത്രി രംഗത്തെത്തിയത്. പൂതനമാര്‍ക്ക് ജയിക്കാനുള്ള ഇടമല്ല അരൂരെന്ന വിവാദ പരാമര്‍ശമാണു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനില്‍ നിന്നുണ്ടായത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ തൈക്കാട്ടുശ്ശേരിയില്‍ പ്രചാരണയോഗത്തില്‍ സംസാരിക്കവേയാണ് ഷാനിമോളെ ലക്ഷ്യമിട്ടു മന്ത്രിയുടെ പരാമര്‍ശം. കള്ളംപറഞ്ഞും മുതലക്കണ്ണീരൊഴുക്കിയുമാണ് ചിലര്‍ ജയിക്കാന്‍ ശ്രമിക്കുന്നത്. ഇതിനുമുമ്പ് സി.ആര്‍.ജയപ്രകാശ് മത്സരിച്ചപ്പോഴൊന്നും ഇത്തരത്തില്‍ കള്ളപ്രചാരണങ്ങളില്ലായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.
മന്ത്രിയുടെ പരാമര്‍ശം സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് പറഞ്ഞു. അതേസമയം, ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ ഉപവാസ സമരം നടത്തും.
രാവിലെ 11 ന് ഉപവരണാധികാരിയായ പട്ടണക്കാട് ബിഡിഒയുടെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം.മന്ത്രി ജി സുധാകരന്റെ ‘പൂതന’ പ്രയോഗത്തിനു എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞു സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാര്‍ത്ഥിക്ക് എതിരെയുള്ള ‘പൂതന’ പ്രയോഗം സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്ന് സുധീരന്‍ പറഞ്ഞു.
















