തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വമി ക്ഷേത്രത്തില്‍ തുലാഭാരത്തിനു കൊണ്ടുവരുന്ന വിലപിടിപ്പുള്ള ദ്രവ്യങ്ങള്‍ കാണാതാകുന്നത് പതിവാകുന്നു. മുമ്പും ഈ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം കശുവണ്ടി കാണാതായതോടെയാണ് വിഷയം ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തില്‍ തുലാഭാരത്തിനു കൊണ്ടുവന്ന എട്ടു കിലോ കശുവണ്ടിയാണ് കാണാതായത്. തുലാഭാരം രജിസ്റ്ററില്‍ ഇതു ചേര്‍ത്തിട്ടില്ല.
തുലാഭാരകശുവണ്ടി കാണാതെ വന്നപ്പോള്‍ തന്നെ ദേവസ്വം അധികൃതര്‍ അന്വേഷണം തുടങ്ങി. തുടര്‍ന്നു റിപ്പോര്‍ട്ട് നല്‍കി. സി.സി.ടിവിയും പരിശോധിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എട്ടു കിലോ ഭാരമുള്ള കുട്ടിക്കായിരുന്നു തുലാഭാരം. മല്‍ത്തരം കശുവണ്ടിയാണ് തുലാഭാര കൗണ്ടറില്‍നിന്ന് കാണാതായത്. തുലാഭാരം കഴിഞ്ഞ് സ്‌റ്റോക്ക് ഒത്തുനോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്നത് കൗണ്ടറിലെ ക്ലാര്‍ക്കിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മോഷണം സംബന്ധിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ദേവസ്വം ഭരണസമിതിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
















