മുംബൈ: രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വായ്പ്പാ മേളകള്‍ ആരംഭിച്ചു. 250 ജില്ലകളിലായി അടുത്ത നാല് ദിവസത്തേക്ക് മേള നടക്കുന്നത്. വ്യക്തിഗതം, കൃഷി, വാഹനം, ഭവനം, ചെറുകിട സംരംഭം (എംഎസ്എംഇ), വിദ്യാഭ്യാസം എന്നീ വായ്പ്പകള്‍ തത്സമയം തന്നെ നല്‍കുന്നതാണ് രീതി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കോര്പ്പറേഷന് ബാങ്ക് തുടങ്ങി ഇന്ത്യയിലെ എല്ലാ ബാങ്കുകളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ലോണ്‍മേള സംഘടിപ്പിച്ചിരിക്കുന്നത്. 48 ജില്ലകളില്‍ എസ്ബിഐയാണ് മുഖ്യമായും വായ്പ്പാ പദ്ധതി ഒരുക്കുന്നത്. 17 ജില്ലകളില്‍ ബാങ്ക് ഓഫ് ബറോഡയാണ്. ഇതുമായി ബന്ധപ്പെട്ട് ബറോഡ കിസാന്‍ പക്വാട എന്ന പേരില്‍ വായ്പ്പാ മേളയും സംഘടിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെ ലക്ഷ്യമിട്ടാണ് ബാങ്ക് ഓഫ് ബറോഡ വായ്പ്പകള്‍ നല്‍കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഇത്തരത്തില്‍ വായ്പ്പാ പദ്ധതികള്‍ ആവിഷ്കരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. പിന്നീട് ഈ പദ്ധതിയില്‍ സ്വകാര്യ മേഖലാ ബാങ്കുകള്‍ കുടി പങ്കാളികളാകുകയായിരുന്നു. ഇതോടെ ആദ്യം 400 ജില്ലകളില്‍ നടപ്പാക്കാനിരുന്ന പദ്ധതി 425 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
ഉത്സവ സീസണായതിനാല്‍ ജനങ്ങളിലേക്ക് പരമാവധി വായ്പകളെത്തിച്ച് വിപണിക്ക് ഉത്തേജനം പകരാനാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖല ബാങ്കുകളാണ് വായ്പ മേളകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഓരോ ബാങ്കും ലീഡ് ബാങ്ക് പദവിയുളള ജില്ലകളിലാണ് മേള നടത്തുക. വായ്പ്പാമേളയുടെ രണ്ടാം ഘട്ടം ഈ മാസം 21 ന് ആരംഭിക്കും. 150 ജില്ലകളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: