തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കി സംവിധായകന് ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘നാല്‍പ്പത്തിയൊന്ന്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ശബരിമലയിലെ യുവതി പ്രവേശനവും കേരള സര്‍ക്കാര്‍ കൈക്കൊണ്ട സമീപനവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം സാമൂഹ്യ-രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ തുറന്നു കാട്ടുന്ന ചിത്രമാണ് ”നാല്‍പ്പത്തിയൊന്ന്”. ചിത്രത്തിന്റെ ടീസറിന്റെ ഒടുവില്‍ ‘സഖാക്കളേ സ്വാമിശരണം’ എന്ന ഡയലോഗും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒപ്പം സിനിമയുടെ പേരിനൊപ്പമുള്ള ചിത്രവും ശബരിമല അയ്യപ്പന്റെ പീഠത്തിന് സമാനമാണ്. 41 ദിവസത്തെ ശബരിമല വൃതാനുഷ്ഠാനത്തെ അനുസ്മരിപ്പിക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ പേരും. ചിത്രത്തിന്റെ പോസ്റ്ററില്‍ ബിജുമേനോന് ധരിച്ചിരിക്കുന്ന തൊപ്പിയും സിപിഎം പ്രവര്‍ത്തകര്‍ സാധാരണ ധരിക്കാറുള്ളത് തന്നെ. ഇതോടെ ശബരിമല വിഷയം ചിത്രത്തിലെ പ്രധാന ചര്ച്ചാകേന്ദ്രമെന്നു വ്യക്തമാവുകയാണ്. മണ്ഡലകാലം ആരംഭിക്കുന്ന നവംബറില്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ലാല്‍ജോസിന്റെ 25-ാമത്തെ ചിത്രമാണ് ‘നാല്‍പ്പത്തിയൊന്ന്’. കണ്ണോണ്ടങ്ങനെ നോക്കല്ലെ പെണ്ണേ…എന്നുള്ള നാടന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം.
നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും ലാല്‍ ജോസും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം സ്വന്തമാക്കിയ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തുന്നുണ്ട്. എല്‍.ജെ ഫിലിംസിന്റെ ബാനറില്‍ ജി. പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: