ശൈവഭക്തി, വൈഷ്ണവഭക്തി, ദേവീഭക്തി എന്നിങ്ങനെ ത്രിവിധങ്ങളായ രീതി വിധാനങ്ങളില്‍ ആരാധനാനുഷ്ഠാന സമ്പ്രയാദങ്ങള് ഭാരതീയാധ്യാത്മികതയിലുണ്ട്. ശിവഭക്തരാണ് ഒന്നാം സ്ഥാനത്ത് എന്നൊരു മതം. അതല്ല ശ്രീരാമനും കൃഷ്ണനുമുള്‍പ്പെട്ട വൈഷ്ണവപക്ഷമാണ് മുന്നിലെന്ന് മറ്റൊരുവിചാരം. അമ്മ സങ്കല്‍പ്പത്തിലധിഷ്ഠിതമായ ദേവീഭക്തിയാണ് പ്രബലവും പ്രധാനവുമെന്നൊരു ചിന്താധാരയും ഇവിടെയുണ്ട്. ജനിമൃതികളില്ലാത്ത പരമശിവനും കുടുംബവും കൂടിച്ചേര്‍ന്നാല്‍ ഭക്തിയുടെ സമഗ്രാനുഭൂതിയായി എന്ന് വാദിക്കുമ്പോള്‍ ഭക്തിജ്ഞാനകര്മയോഗങ്ങള് വൈഷ്ണവപക്ഷത്ത് പൂര്ണശോഭമാവുന്നുവെന്ന് മറുപക്ഷം. ലക്ഷ്മിയും സരസ്വതിയും കാളിയുമായി അഭിന്നതയോടെ പ്രത്യക്ഷീകൃതമാകുന്ന സ്ത്രീത്വത്തിന്റെ വൈവിധ്യ പൂര്‍ണമായ മുഖസ്തോഭങ്ങള് ദേവീഭക്തിയില്‍ പ്രകടമാണെന്ന് വാദിക്കുന്നവരുമേറെ. ശൈവമോ വൈഷ്ണവമോ ഏതുമാവട്ടെ മുമ്പില്‍, പക്ഷെ നാം ഒരു നവരാത്രിക്കാലം ദേവിക്കായി അറിഞ്ഞ് ആദരപൂര്‍വം നല്കിയിരിക്കുന്നു. പുഴ മൂന്ന് പേരുകളിലറിയപ്പെട്ടുകൊള്ളട്ടെ. പ്രവാഹം ഒന്നുതന്നെ. ഒന്നുമാത്രം മറക്കാതിരിക്കുക. മാര്‍ഗം ധര്‍മം, ലക്ഷ്യം ബ്രഹ്മം.
ഈ രംഗം ഒന്നടുത്തുകാണുക. മഹാവിഷ്ണു ആലിലയില്‍ കിടക്കുകയാണ്. കരാരവിന്ദത്താല് പദാരവിന്ദം മുഖാരവിന്ദത്തോടുചേര്ത്ത്. വിവിധ ചിന്തകള്‍ മഹാവിഷ്ണുവിലുണ്ടായി. വിചാരഭാഷ ഇങ്ങനെ പരാവര്‍ത്തനം ചെയ്യാം.
”ഞാന്‍ ആരാണ്?”
”ഞാനെങ്ങനെയുണ്ടായി?”
”ഞാന്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ?”
പൊടുന്നനെ ഒരശരീരി. സ്ത്രീശബ്ദത്തിലതിങ്ങനെ
”സര്‍വം ഖല്വിദമേവാഹം
നാന്യദസ്തി സനാതനം”
അര്‍ത്ഥം: ഇതെല്ലാം ഞാന്‍ തന്നെയാണ്. ഞാനൊഴികെ സനാതനമായി യാതൊന്നുമില്ല.
മഹാവിഷ്ണുവിനു മുമ്പില്‍ ദേവി പ്രത്യക്ഷപ്പെട്ടു. ശംഖം ചക്രം ഗദാ പങ്കജമിവ വിലസുന്ന നാല് തൃക്കൈകളോടെയാണ് ദര്‍ശനം. ദിവ്യാഭരണവിഭൂഷിതയായാണ് ദേവി. കൂടെ കുറെ ശക്തികളുമുണ്ട്. അവരാരൊക്കെയെന്നോ?
രതിര്ഭൂതിസ്തഥാ ബുദ്ധിര്‍-
മ്മതി കീര്ത്തിര് സ്മൃതിര്ധൃതി
ശ്രദ്ധാ മേധാ സ്വധാ സ്വാഹാ
ക്ഷുധാ നിദ്രാ ദയാഗതി
രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി, സ്മൃതി, ധൃതി, ശ്രദ്ധ, മേധ, സ്വാഹ, ക്ഷുധ, നിദ്ര, ദയ……. വൃഷ്ടിയിലെ സമസ്ത ഊര്ജഭാവങ്ങളും ദേവിക്കൊപ്പം.
ദേവി മഹാവിഷ്ണുവിനോടിങ്ങനെ പറഞ്ഞു: ”ഞാന്‍ പരാശക്തി. മഹാമായ. അങ്ങ് സാത്വികന്. അങ്ങയുടെ നാഭിയില്‍നിന്നും രജോഗുണപ്രധാനനായ ബ്രഹ്മാവ്. ബ്രഹ്മാവിന്റെ ഭൂമധ്യത്തില്നിന്നും താമസശക്തിയോടുകൂടിയ രുദ്രന്. ബ്രഹ്മാവ് തപോബലംകൊണ്ട് സൃഷ്ടികര്മത്തിലേര്പ്പെടുന്നു. രക്തവര്ണമായ ലോകമാണ് ബ്രഹ്മാവ് സൃഷ്ടിക്കുന്നത്. ആ ലോകത്തിന് അങ്ങാണ് രക്ഷിതാവ്. അതേ ജഗത്തിനെ കല്പ്പാന്തത്തില് രുദ്രന് സംഹരിക്കും. ഞാന്‍ സൃഷ്ടിക്കു പിന്നിലുള്ള ശക്തി.”ഏറെ ദാര്‍ശനികമാനമുള്ള ഉപാഖ്യാനമാണിത്.
ദേവി/ദുര്‍ഗ/ ചണ്ഡീഭക്തര് ഭാരതത്തിേെലറെയുണ്ട്. പ്രത്യേകിച്ചും കേരളത്തിലും ബംഗാളിലും. താന്ത്രികവിധികളോടെയുള്ളശാക്തേയത്തിനും അനുകര്ത്താക്കളേറെ. കേരളത്തില്‍ ചെറുതും വലുതുമായി നൂറുകണക്കിന് ദേവീക്ഷേത്രങ്ങളാണുള്ളത്. ‘കാവ്’ എന്നവസാനിക്കുന്ന സ്ഥലനാമങ്ങളുള്ള ദേശത്ത് നിശ്ചയമായും ഒരു അമ്മദൈവമുണ്ടാകും. ദേവീമഹിമ പദാല്‍പ്പദം അഭിവ്യഞ്ജിക്കുന്ന കാവിലെ പാട്ടുകള്‍ കൈരളിയുടെ അനര്ഘസമ്പത്തുതന്നെ. ദേവതാ പ്രീതിക്കായുള്ള നാടന്‍ കലാരൂപങ്ങളും നിരവധി. കേരളത്തിലെ ഫോക്ലോറിക്സിന് ശക്തിപകരുന്നത് കാവും കാവിലെ പാട്ടും കളമെഴുത്തും കോലരൂപങ്ങളുമാണ്. നിരങ്കുശമായ, നിര്‍ലേപമായ കേവലഭക്തിയുടെ പ്രാഗ്രൂപങ്ങള്നമ്മുടെ കാവുകളില്‍ കണ്ടെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: