ന്യൂദല്‍ഹി : അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ അവസാന ആഗ്രഹം നിറവേറ്റി മകള്‍ ബാസുരി. അവസാന നിമിഷങ്ങളില്‍ സുഷമ സംസാരിച്ച വ്യക്തികളിലൊരാളായിരുന്നു അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ യാദവിന് വേണ്ടി അന്താരാഷ്‌ട്ര കോടതിയില്‍ വാദിച്ചതിന് ഫീസ് നല്‍കുന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചതും.
കുല്‍ഭൂഷണിനു വേണ്ടി ഹാജരാകാന്‍ ഹരീഷ് സാല്‍വേ ഒരു രൂപയാണ് ഫീസായി ആവശ്യപ്പെട്ടിരുന്നത്. ഇത് എടുത്തുവെച്ചിട്ടുണ്ടെന്നും, ഫീസ് സ്വീകരിക്കുന്നതിനായി തന്റെയടുക്കലേക്ക് വരാന്‍ സുഷമ ക്ഷണിക്കുകയും ചെയ്തു. ഇത് ഹരീഷ് സാല്‍വെ സന്തോഷപൂര്‍വം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ ആഗ്രഹം സഫലമാകും മുമ്പേ സുഷമ ലോകത്തോട് വിട പറഞ്ഞു.
അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റിയിരിക്കുകയാണ് മകള്‍ ബാന്‍സുരി. സുഷമ നല്‍കാനിരുന്ന വക്കീല്‍ ഫീസ് ഒരു രൂപ നാണയം ബാന്‍സുരി സാല്‍വെക്ക് കൈമാറി. ഭര്‍ത്താവ് സ്വരാജ് കൗശല്‍ ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
















