ബാലറാം മാന്‍കര്‍ മുംബൈയിലെ ബാന്ദ്ര സ്വദേശിയായിരുന്നു. ഭാര്യ മരിച്ചതോടെ അദ്ദേഹത്തിന് ലൗകിക ജീവിതത്തോട് എന്തെന്നില്ലാത്ത വിരക്തി തോന്നി. ജീവിതം നിരര്ഥകമായതു പോലെ. എങ്ങോട്ടു പോകും? എന്തു ചെയ്യും എന്ന ചോദ്യത്തിന് മാന്കറിനു മുമ്പില്‍ ഉത്തരം തെളിനീരു പോലെ കിടന്നു. ഷിര്‍ദിയിലേക്ക് പോകുക. ശിഷ്ടജീവിതം ബാബയുടെ പാദങ്ങളില്‍ അര്‍പ്പിക്കുക.
വീടും സ്വത്തുക്കളുമെല്ലാം മകനു നല്കി മാന്‍കര്‍ യാത്രയായി. ബാബയ്ക്കൊപ്പമായിരുന്നു പിന്നീടുള്ള ദിനങ്ങള്‍. അദ്ദേഹം വളരെ വേഗം ബാബയ്ക്ക് പ്രിയപ്പെട്ടവനായി.
നിസ്സംഗമായ മുഖത്തോടെയിരിക്കുന്ന മാന്കറിനെ ബാബ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ മുഖത്ത് ആത്മാനന്ദം നിറയ്ക്കണമെന്ന് ബാബയ്ക്കു തോന്നി. മാന്കറിനെ അരികില്‍ വിളിച്ച് ബാബ പറഞ്ഞു.’ ഇതാ ഇത് 12 രൂപയുണ്ട്. നീ മചീന്ദ്രഗഡിലേക്ക് പോകുക. കുറച്ചു നാള് അവിടെ ഗിരിശൃംഗത്തിലിരുന്ന് ദിവസം മൂന്നു തവണയെങ്കിലും ധ്യാനിക്കുക. ‘ മാന്‍കര്‍ കാശുവാങ്ങാന് കൂട്ടാക്കിയില്ല. തനിക്ക് ബാബയെ വിട്ട് എങ്ങും പോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ബാബ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ മാന്‍കര്‍ യാത്രയായി.
മചീന്ദ്രഗഡിലെത്തിയപ്പോള് മാന്കറിന്റെ മനം മാറി. അത്രയ്ക്ക് വശ്യമായിരുന്നു പ്രകൃതി അവിടെ. ബാബ പറഞ്ഞതു പോലെ ധ്യാനത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ധ്യാനം ഏറെ നാള് നീണ്ടില്ല, അതിനു മുമ്പേ തന്നെ അദ്ദേഹത്തിന് ആത്മജ്ഞാനമുണ്ടായി. കഠിന തപസ്സിലൂടെ സമാധിയില്‍ അല്ലെങ്കില്‍ നിര്വാണവേളയില് മാത്രം അറിയാവുന്ന അവസ്ഥ മാന്കറിന് ബാബ പെട്ടെന്ന് അനുഭവവേദ്യമാക്കി. പൂര്‍വാവസ്ഥയിലേക്ക് അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ അനുഗ്രഹവര്‍ഷവുമായി ബാബയുണ്ടായിരുന്നു കണ്മുമ്പില്.
‘അങ്ങെന്തിനായിരുന്നു എന്നെ ഇങ്ങോട്ടയച്ചത്? ‘വിസ്മയത്തോടെ മാന്‍കര്‍ ചോദിച്ചു. ബാബയുടെ മറുപടി ഇതായിരുന്നു : ‘ഷിര്‍ദിയില്‍ നിന്റെ മനസ്സെപ്പോഴും അസ്ഥിരമായിരുന്നു. ഇവിടെ എത്തിയാല്‍ അതിന് സ്ഥിരത ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പഞ്ചഭൂത നിര്‍മിതമായ എന്റെയീ ശരീരം ഷിര്‍ദിയില്‍ മാത്രമേയുള്ളൂ എന്നാണ്. ‘ ഇത്രയും പറഞ്ഞ ശേഷം ബാബ അവിടെ നിന്നിറങ്ങി.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മാന്കറിന് ബാന്ദ്രയിലേക്ക് തിരിച്ചു പോകണമെന്നു തോന്നി. പൂനയില്‍ നിന്ന് മുംബൈയിലെ ദാദര്‍ വരെ ട്രെയിനില്‍ പോകാനായിരുന്നു പദ്ധതി. പക്ഷേ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്ക് ചെയ്യനെത്തിയപ്പോള്‍ എന്തെന്നില്ലാത്ത തിരക്കായിരുന്നു. നിരാശനായി തിരിച്ചു നടക്കുമ്പോള്‍ കമ്പിളി പുതച്ചൊരു വൃദ്ധന് മാന്കറിനടുത്തെത്തി. താങ്കള്‍ക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് അദ്ദേഹം മാന്കറിനോട് ചോദിച്ചു.ദാദറിലേക്കാണെന്നു പറഞ്ഞപ്പോള്‍ വൃദ്ധന് ഒരു ടിക്കറ്റെടുത്ത് നീട്ടി. എന്നിട്ടു പറഞ്ഞു’ ഇതാ ഇതെടുത്തോളൂ. ദാദറിലേക്കുള്ളതാണ്. എനിക്ക് ഇന്നുകൂടി ഇവിടെ തങ്ങണം. ‘ഒന്നും പറയാനാവാതെ ടിക്കറ്റ് വാങ്ങി, മാന്‍കര്‍ ആ വൃദ്ധനെ കൗതുകത്തോടെ നോക്കി. നിമിഷങ്ങള്‍ക്കകം വൃദ്ധന് അപ്രത്യക്ഷനായി.
മാന്‍കര്‍ എത്ര തിഞ്ഞിട്ടും കണ്ടെത്താനായില്ല. ‘വൃദ്ധന്’ ആരെന്ന് മനസ്സിലായതോടെ അന്വേഷണം നിര്‍ത്തി. വൈകാതെ വീട്ടിലേക്ക് തിരിച്ചു. കുറച്ചുനാള്‍ കഴിഞ്ഞ് മാന്‍കര്‍ ഷിര്‍ദിയിലേക്കു തന്നെ മടങ്ങി. ശേഷിച്ച ആയുസ്സത്രയും ബാബയ്ക്കൊപ്പം ചെലവഴിച്ചു. നിത്യതയിലേക്കുള്ള യാത്ര തുടങ്ങുവോളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: