തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെയും മകള്‍ രണ്ടരവയസുകാരി തേജസ്വനിയുടേയും മരണ കാരണമായ അപകടം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്.
കോരാണിയില്‍ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് ബാലഭാസ്‌കറും രണ്ടരവയസ്സുകാരി മകള്‍ തേജസ്വനിയും വിടവാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍ജ്ജുനും സാരമായി പരിക്കേറ്റിരുന്നു.
സിബിഐ അന്വേഷിക്കമെണ ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് അച്ഛന്‍ കെ സി ഉണ്ണി. അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയര്‍ത്തിത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അര്‍ജ്ജുനും, അല്ല അര്‍ജ്ജുനാണെന്ന് ലക്ഷമിയും മൊഴി നല്‍കിയതോട് ബന്ധുക്കള്‍ അന്വേഷണത്തിനു ആവശ്യപെട്ടു. എന്നാല്‍, ശാസ്ത്രീയ പരിശോധനക്കൊടുവില്‍ അര്‍ജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി.അപകടം ആസൂത്രിതമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറവും ഈ നിലപാട് ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ തള്ളുകയാണ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി നല്‍കിയ കത്തിലെ ചില സാമ്പത്തിക ആരോപണങ്ങള്‍ കൂടി ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കേസില്‍ സിബിഐ അന്വഷിക്കുന്നതിനെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അനുകൂലിക്കുകയും ചെയ്തു.
















