ന്യൂദല്‍ഹി: ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച ഇതിഹാസ താരം അമിതാഭ് ബച്ചന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം. ”രണ്ട് തലമുറകളെ വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസം അമിതാഭ് ബച്ചനെ ഫാല്‍ക്കെ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. രാജ്യം മുഴുവനും അന്താരാഷ്ട്ര സമൂഹവും സന്തോഷിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍”. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ അറിയിച്ചു. സിനിമാ മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ഫാല്‍ക്കെ പുരസ്കാരം ബച്ചനെ തേടിയെത്തിയത്.
അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയ തപസ്സില്‍ 190 സിനികളില്‍ ബോളിവുഡിലെ ‘ബിഗ് ബി’ എന്നറിയിപ്പെടുന്ന ബച്ചന് വേഷമണിഞ്ഞിട്ടുണ്ട്. 1969ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയാണ് ആദ്യ ചിത്രം. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1973ലെ സഞ്ജീര്‍ ബച്ചന് താരപരിവേഷം നല്കി. ഷോലെ, അമര്‍ അക്ബര്‍ ആന്റണി, കൂലി തുടങ്ങിയ സിനിമകള്‍ ചരിത്രത്തിലിടം നേടിയ ഹിറ്റുകളായി.
2010ല്‍ മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാറില്‍ പ്രധാന വേഷം ചെയ്ത് മലയാള സിനിമയുടെയും ഭാഗമായി. ഹോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയും തരംഗമുണ്ടാക്കി. പ്രായത്തെ തോല്‍പ്പിച്ച് ഇപ്പോഴും ചലച്ചിത്ര രംഗത്ത് സജീവമാണ് അദ്ദേഹം. നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1984ല്‍ പദ്മശ്രീ, 2001ല്‍ പദ്മഭൂഷണ്‍, 2015ല്‍ പദ്മവിഭൂഷണ് ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: