കോട്ടയം: അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കുമെന്ന് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം. സുപ്രീംകോടതിയില്‍ അനുകൂല ഉത്തരവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പള്ളിക്കുള്ളില്‍ പ്രവേശിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഏത് വിധേനയും തടയുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.
ഓര്‍ത്ത്ഡോക്‌സ് വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓര്‍ത്ത്ഡോക്‌സ് വിഭാഗത്തില്‍ നിന്നുള്ള ഫാദര്‍ സ്‌കറിയ വട്ടക്കാട്ടില്‍, കെ പി ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് മതപരമായ ചടങ്ങുകള്‍ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ദിവസം പോലീസ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒന്നര വര്‍ഷം മുന്‍പ് തന്നെ മലങ്കര തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാല്‍ ഭരിക്കപ്പെടണം എന്ന് ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെ തുടര്‍ന്ന് പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം പിറവം സെന്റ് മേരിസ് പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്ത്ഡോക്‌സ് വിഭാഗം എത്തിയെങ്കിലും പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പിന്മാറി. അതിനാല്‍ ബുധനാഴ്ച പള്ളിയില്‍ പ്രവേശിക്കുമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് അറിയിച്ചിരുന്നു.
















