അച്ഛനാണു പറയുന്നത്, കത്തിതാഴെ ഇടെടാ… ഹൃദയംതകര്‍ന്നുള്ള ആ പറച്ചില് കിരീടം കണ്ടവരുടെ മനസില്‍ ഇന്നും ആധിയുടെ സങ്കടപ്പകര്ച്ചയായി ഉണ്ടായിരിക്കും. എസ്ഐ ആകാനിരിക്കെ അച്ഛനെ തല്ലിയ ഗുണ്ടയെ പട്ടിയെപ്പോലെ തല്ലിച്ചതച്ച സേതുമാധവനെന്ന മകനോട് കത്തി താഴെയിടാന്‍ പറയുന്ന പോലീസുകാരനായ അച്ചുതന് നായരെന്ന തിലകന്റെ കഥാപാത്രം മലയാള സിനിമാനടന പാരമ്പര്യത്തില്‍ മഹാമേരുവായി നില്ക്കുന്നു. നടനെ അതിജീവിച്ച് കഥാപാത്രം നിലനില്‍ക്കുന്ന അപൂര്‍വ അഭിനയത്തികവിന്റെ എക്കാലത്തേയും മാതൃകയായ തിലകന് കാലയവനികയ്ക്കുള്ളിലായിട്ട് ഏഴുവര്‍ഷം.
ശബ്ദ ഗാംഭീര്യവും സ്വാഭാവിക ചലനങ്ങളും കൊണ്ട് തിലകന്റെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകന് തൊട്ടടുത്തായിരുന്നു. ഭൂമിയില്‍ നില്‍ക്കാത്ത അപരിചിത വേഷമാകാതിരുന്നത് ഈ തനിമകൊണ്ടാണ്. കഥാപാത്രങ്ങളായി പരകായപ്രവേശം നടത്തുന്നതിനു പകരം പെരുമാറ്റങ്ങളിലൂടെയാണ് തിലകന് വേഷങ്ങളെ അനുഭവിപ്പിച്ചത്. തിലകന് ഒരിക്കലും താരമായിരുന്നില്ല, നടനായിരുന്നു. പേരിനെക്കാളും കഥാപാത്രങ്ങളിലൂടെ അറിയാനുംകൂടി ഭാഗ്യമുണ്ടായ നടനാണ് അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയെന്ന് ആലങ്കാരികമായി പറയുന്നത് തിലകനെ സംബന്ധിച്ചിടത്തോളം യാഥാര്‍ഥ്യം മാത്രമായിരുന്നു.
നാടകാരങ്ങില്‍ മുനകൂര്‍പ്പിച്ചെടുത്ത ആ നടനം സിനിമയില്‍ ഇരുമൂര്ച്ചയായി. 1956 ല്‍ മുണ്ടക്കയം നാടക സമിതിയില്‍ തുടങ്ങിയ നടനം കെപിഎ.സിയിലും കാളിദാസ കലാകേന്ദ്രത്തിലും ഗീഥയിലും പി.ജെ ആന്റണിയുടെ സമിതിയിലുമായി കേറിയിറങ്ങിയപ്പോള്‍ പത്തരമാറ്റായി. 73ല്‍ പി.ജെ. ആന്റണിയുടെ പെരിയാറില്‍ സിനിമാ ജീവിതം തുടങ്ങി. ഗന്ധര്‍വ ക്ഷേത്രത്തിലും ഉള്‍ക്കടലിലും യവനികയിലുമായപ്പോള് സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരാളായി മാറിയിരുന്നു തിലകന്.
മുന്നൂറിലേറെ സിനിമകളും അതിലുപരി വ്യത്യസ്ത കഥാപാത്രങ്ങളുമായി എല്ലാത്തലമുറയുടേയും ആരാധനാപാത്രമായി ഈ നടന്. സൂപ്പര്‍ താരങ്ങളുടെ പേരുപോലെ തിലകന്റേയും സിനിമ എന്നുവരെ പറഞ്ഞു പ്രേക്ഷകര്‍. സ്ഫടികം, അനിയത്തി പ്രാവ്, കിലുക്കം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നരസിംഹം, കിരീടം, പല്ലാവൂര്‍ ദേവനാരായണന്, ഇന്ത്യന്‍ റുപ്പി, ഉസ്താദ് ഹോട്ടല്‍ എന്നിങ്ങനെ എത്രവേണമെങ്കിലും പറയാം തിലകന്റെ തലയെടുപ്പുള്ള സിനിമകള്‍. മിന്നുംപൊലിമകൊണ്ട് കൂടെ അഭിനയിക്കാന്‍പോലും പേടിയുണ്ടായിരുന്നവരെ സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തുകയായിരുന്നു ഈ നടന്.
പത്മശ്രീയും മൂന്നു ദേശീയ അവാര്‍ഡുകളും ഒന്‍പത് സംസ്ഥാ അവാര്‍ഡുകളും മറ്റനേകം പുരസ്ക്കാരങ്ങളും ലഭിച്ചു. മലയാളത്തില്മാത്രം ഒതുങ്ങാത്ത ആ പ്രതിഭാനവരസം പിന്നീട് തമിഴിലും തെലുങ്കിലും കാണാന്‍ തുടങ്ങി. സ്വഭാവനടനെന്ന പേരും വളര്‍ച്ചയുടെ വലിപ്പത്തില്‍ ചിലര്‍ നിഴലായിത്തീര്‍ന്നതും തിലകന്റെ കുറ്റമായിരുന്നില്ലെങ്കിലും ചിലരുടെ കുല്സിത പ്രവര്‍ത്തനങ്ങളുടെ ഫലം തിലകനും അനുഭവിക്കേണ്ടി വന്നു.
ആണത്തത്തിന്റെ പ്രതിഷേധ സൗന്ദര്യങ്ങള്‍ ശീലിച്ചതുകൊണ്ട് സത്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അപവാദത്തിന്റെ ഏടാകൂടങ്ങളില് സിനിമയില്ലാത്ത കാലങ്ങളുമുണ്ടായി ഈ മഹാനടന്. എന്നിട്ടും അദ്ദേഹം അടിമയുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങിയില്ല എന്നതു സത്യം. മരിച്ചാലും അഭിനേതാക്കാള്‍ സിനിമയിലൂടെ ജീവിക്കും എന്നത് അവരുടെ ഭാഗ്യമാണ്. അത്തരമൊരു ലൈവ് ജീവിതം തിലകനേയും നമ്മില്‍ നിന്നും അകറ്റുന്നില്ലെന്നത് വലിയ സുകൃതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: