ഭഗവാന് ശ്രീ ഗണേശന് ഒരിക്കല്‍ അനന്തനാഗത്തെ വാഹനമാക്കിയിട്ടുണ്ട്. അങ്ങനെ ഭഗവാന് ശ്രീമഹാവിഷ്ണുവിനെപ്പോലെ ശ്രീഗണേശന് വിളയാടിയിട്ടുണ്ട്.
ശ്രീപാര്‍വതീ പരമേശ്വരന്മാരുടെ വിവാഹം കഴിഞ്ഞ് നില്ക്കുന്ന സന്ദര്‍ഭം. കൂട്ടുകാരികളെല്ലാം കൂടി പാര്‍വതീദേവിയെ കളിയാക്കി ചിരിച്ചു. അവര്‍ പലവിധത്തിലുള്ള തമാശകളാല്‍ പാര്‍വതീദേവിയെ ചിരിപ്പിച്ചു. ഒരു ഘട്ടത്തില്‍ പാര്‍വതീദേവിയുടെ ചിരി സ്വല്പം ഉച്ചത്തിലായിപ്പോയി. ആ ചിരി ശബ്ദം അന്തരീക്ഷത്തിലാകെ അലയടിച്ചു. ആ ശബ്ദതരംഗങ്ങള്‍ വായുവിലുണ്ടാക്കിയ ചലനത്തിനിടയില്‍ നിന്നും ഒരു അസുരന് അന്തരീക്ഷത്തില്‍ സംജാതനായി. മമതാസുരനെന്നായിരുന്നു അവന്റെ പേര്.
ജനിച്ചപ്പോഴേ അവന്റെ അട്ടഹാസം അന്തരീക്ഷത്തില്‍ മുഴങ്ങി. ശ്രീകൈലാസത്തിന്റെ ശാന്തതയും ചാരുതയും നശിപ്പിക്കുന്ന തരത്തിലായിരുന്നു ആ പ്രകടനം.
ശ്രീകൈലാസത്തെ വീണ്ടും ശാന്തമാക്കണമെന്ന് പ്രദേശവാസികള്‍ക്കു താത്പര്യമുണ്ട്. അവര്‍ വിഷമത്തോടെ പാര്‍വതീ ദേവിയെ നോക്കി. ശ്രീപാര്‍വതീദേവി തന്നെ ശരണം.
വക്രതുണ്ഡ സങ്കല്പത്തില് ശ്രീഗണേശനെ ധ്യാനിക്കുവാന്‍ മമതാസുരനെ പാര്‍വതീദേവി ഉപദേശിച്ചുവെങ്കിലും അവന് കൂട്ടാക്കിയില്ല. അവന് ശംബരാസുരന്റെ പിന്നാലെ പോയി. ശംബരാസുരന് അവനെ ശുക്രാചാര്യരുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
ശുക്രാചാര്യരുടെ നിര്‍ദേശാനുസരണമുള്ള തപസ്സു കൊണ്ട് ക്രമേണ ലോകാധികാരം കൈക്കലാക്കാന്‍ മമതാസുരനു കഴിഞ്ഞു. ദേവന്മാരും മഹര്‍ഷിമാരും ഉള്‍പ്പെടെ പലരും അവന്റെ ക്രൂരതകള്‍ക്കു പാത്രമായി. അവര്‍ ശിവപാര്‍വതിമാരുടെ മുന്നില്‍ സങ്കടമറിയിച്ചു. ശ്രീപരമേശ്വരന് ശ്രീഗണേശനെ ഒന്നു നോക്കി. ഒപ്പം പാര്‍വതിയും ശ്രീഗണേശന്റെ പ്രവര്‍ത്തനത്തിനായി സങ്കല്പിച്ച് അവനെ നോക്കി. കാര്യം ഗ്രഹിച്ച ഗണേശന് വിഘ്നരാജനായി മമതാസുരന്റെ മുന്നിലവതരിച്ചു. ഒരു വധം ഒഴിവാക്കാനായി വിഘ്നരാജന് ആദ്യം സാമമാര്‍ഗം ഉപയോഗിച്ചു. ശ്രീനാരദരെ മമതാസുരന്റെ മുന്നിലേക്ക് ദൂതിനായി അയച്ചത് അങ്ങനെയാണ്.
എന്നാല്‍ ശ്രീനാരദരുടെ ഉപദേശമൊന്നും അഹങ്കാരിയായ മമതാസുരന്‍ ചെവിക്കൊണ്ടില്ല. കണ്ടറിയാത്തവന്‍ കൊണ്ടു തന്നെ പഠിക്കട്ടെയെന്ന് നാരദ ഋഷിയും കണക്കാക്കി.
വിഘ്നരാജനെ മമതാസുരന്‍ വെല്ലുവിളിച്ചു. ഗണേശന്റെ ഒരു നോട്ടം കൊണ്ടു തന്നെ മമതാസുരന്റെ ആയുധങ്ങളെല്ലാം സ്തംഭിച്ചു. മറ്റ് അസുര വീരന്മാരെ വിളിച്ച് മമതാസുരന്‍ സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഒന്നും തന്നെ ചെയ്യാനായില്ല. ശ്രീഗണേശന് ഒരു താമര എടുത്തു നീട്ടിയപ്പോള്‍ സുഗന്ധിയായ പുഷ്ടിയുടെ വര്‍ധനയില്‍ മമതാസുരന്റെ സൈനികരെല്ലാം മോഹാലസ്യപ്പെട്ടു വീണു. ഇതോടെ തെറ്റുകള്‍ മനസ്സിലാക്കി മമതാസുരന്‍ ശ്രീഗണേശന്റെ മുന്നില്‍ കീഴടങ്ങി.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: