സംവിധാന സഹായിയില്‍ നിന്ന് സംവിധായകന്റെ റോളിലേക്ക് മാറാന്‍ തിരുവനന്തപുരം വെഞ്ഞാറമൂടുകാരന്‍ ജഹാംഗീര്‍ ഉമ്മറിന് വേണ്ടിവന്നത് കാല് നൂറ്റാണ്ടിലേറെ. എന്‍. ശങ്കരന്‍നായര്‍, ടിവി ചന്ദ്രന്, കെ.പി. ശശി, ജി.എസ്. വിജയന് തുടങ്ങിയവര്‍ക്കൊപ്പമാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചത്.
2003-ല്‍ കലാഭവന്‍ മണി, വാണിവിശ്വനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘അരവിന്ദന്റെ കുടുംബം’ എന്ന സ്വതന്ത്ര സംവിധാന ചിത്രത്തിന്റെ തിരക്കഥാരചന അവസാനഘട്ടത്തിലെത്തിയപ്പോള്‍ വൃക്കരോഗം വില്ലനായി എത്തി. അതോടെ രോഗത്തെ ജയിക്കാനുള്ള പോരാട്ടത്തിലേക്ക് തിരിയേണ്ടി വന്നു. അതു കവര്‍ന്നെടുത്തത് വര്‍ഷങ്ങളായിരുന്നു. അഞ്ഞൂറിലധികം ഡയാലിസിസുകള്ക്കുശേഷം ഇരുവൃക്കകളും മാറ്റിവയ്ക്കേണ്ടിവന്നു.
സ്വന്തം രോഗാവസ്ഥയില്‍ കണ്ട അനുഭവങ്ങള്‍ കോര്‍ത്തിണക്കി, അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രമാണ് ‘മാര്‍ച്ച് രണ്ടാം വ്യാഴം’. ഇതൊരു കൊമേഴ്സ്യല്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കരുനാഗപ്പള്ളി, ചിറയിന്‍കീഴ്, വെഞ്ഞാറമൂട് എന്നിവിടങ്ങളിലായി 37 ദിവസംകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ‘ഫോര്‍ലൈന്‍ സിനിമ’ എന്ന കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: