അഞ്ച് വര്‍ഷത്തെ സംസ്ഥാന ഭരണംകൊണ്ട് എങ്ങനെ പരമാവധി പൊതുസമ്പത്ത് പാര്‍ട്ടിയിലേക്ക് മാറ്റാം എന്ന് ഗവേഷണം നടത്തി അത് പ്രായോഗികമാക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതിന് ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നതാകട്ടെ സഹകരണ മേഖലയെയും. അതിന്റെ ഭാഗം തന്നെയാണ് റബ്കോയുടെ കടം സര്‍ക്കാര്‍ തിരിച്ചടച്ചതും കേരള ബാങ്കിന്റെ രൂപീകരണവുമൊക്കെ.
കണ്ണൂര്‍ നഗരത്തില്‍ റബ്കോയ്ക്ക് 67.5 സെന്റ് സ്ഥലവും ആസ്ഥാനമന്ദിരമായി അഞ്ചുനില കെട്ടിടവും (ഓഡിറ്റോറിയമുള്പ്പെടെ) ഉണ്ട്. കോട്ടയം പാമ്പാടിയില്‍ 10.50 ഏക്കര്‍ സ്ഥലവും ഫാക്ടറിയുമുണ്ട്. എല്ലാംകൂടി ഏതാണ്ട് അഞ്ച് കോടിയിലേറെ രൂപ മൂല്യമുള്ള ആസ്തിയുണ്ട് ഈ സ്ഥാപനത്തിന്. എന്നാല്‍, സംസ്ഥാന സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ അവര്‍ വരുത്തിവച്ച 238 കോടി രൂപയുടെ കടം സംസ്ഥാനസര്‍ക്കാര്‍ അടച്ചുതീര്‍ത്തപ്പോള്‍ ഒരു ഈട് പോലും വ്യവസ്ഥപ്പെടുത്തിയില്ല. ഒരു ധാരണയും ഒപ്പിടാതെയുള്ള ഉപാധികളില്ലാത്ത തിരിച്ചടവ് മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് വിവാദമാവുകയും ചെയ്തപ്പോള്‍ കഴിഞ്ഞദിവസമാണ് 9.5 ശതമാനം പലിശയോടെ 238 കോടി രൂപ റബ്കോ തിരിച്ചടയ്ക്കണമെന്നും റബ്കോയുടെ സ്വത്ത് ജാമ്യമായിരിക്കണമെന്നും വ്യവസ്ഥയുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 12 തവണകളായി പണം സര്‍ക്കാരില്‍ തിരിച്ചടക്കണമെന്നും ധാരണയാക്കി. എന്നാല്‍ ഈ 12 തവണ 12 മാസത്തവണയാണോ 12 വര്ഷത്തവണയാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് റബ്കോയില്‍നിന്ന് ലഭിക്കാനുള്ള വായ്പാതുക ഈടാക്കാന്‍ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് സര്‍ഫസി ആക്ട് പ്രകാരം ഈടുവസ്തുക്കള്‍ പിടിച്ചെടുത്തതാണ്. അത് ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നടക്കുന്നതിനിടയിലാണ് കേരളാ ബാങ്കിന്റെ പേരില്‍ സര്‍ക്കാര്‍ റബ്കോയുടെ ബാധ്യതകള്‍ തീര്‍ത്തുകൊടുത്തത്.
തുടക്കം മുതല്‍ ഇന്നേവരെ നഷ്ടം മാത്രമുണ്ടാകുകയും കടബാധ്യത പെരുകുകയും ചെയ്തതിന്റെ കാരണമന്വേഷിച്ച് എങ്ങോട്ടും പോകേണ്ടതില്ല. പണം മുഴുവന്‍ പാര്‍ട്ടിയുടെ വിവിധ ലാവണങ്ങളിലേക്ക് തന്നെയാണ് ഒഴുകിയത്. കോടികളുടെ പരസ്യം പാര്‍ട്ടി പത്രത്തിനും പാര്‍ട്ടി ചാനലിനും മാത്രം നല്കി. വര്‍ഷത്തില്‍ പലതവണ സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന വിദേശയാത്രകള്‍ക്കും കോടികള്‍ ചെലവാക്കി.
തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും കൈയില്‍നിന്ന് പണം പിരിച്ച് വിവിധ മേഖലകളില്‍ സഹകരണസംഘങ്ങള്‍ തുടങ്ങുകയും അതിന്റെ പേരില്‍ സര്‍ക്കാരില്‍നിന്നും സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നും കോടികളുടെ വായ്പകള്‍ സംഘടിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ ആ പണം പാര്‍ട്ടി നേതാക്കളുടെ കൈകളിലേക്ക് ഒഴുക്കാനുള്ള വഴികളാണ് അന്വേഷിക്കുന്നത്. അതിന് ആവശ്യമെങ്കില്‍ സഹകരണ സംഘവുമായി ബന്ധപ്പെട്ട് പ്രൈവറ്റ് കമ്പനികളോ ട്രസ്റ്റുകളോ രൂപീകരിക്കും. ഇത്തരത്തിലാണ് സംസ്ഥാന സഹകരണ ബാങ്കിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരുഭാഗം പാര്‍ട്ടിയുടെ കൈയിലേക്ക് എത്തിച്ചേര്‍ന്നത്. സംസ്ഥാന സഹകരണ ബാങ്കിന്റെ കീഴില്‍ മണ്‍വിളയിലുള്ള 100 കോടി വിലമതിക്കുന്ന സഹകരണ ട്രെയിനിംഗ് സെന്ററും 10 ഏക്കര്‍ സ്ഥലവും ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാക്കി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഈ ട്രസ്റ്റിന്റെ ചെയര്മാന്. ജനകീയ ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സ്ഥാപനത്തെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന്റെ കീഴിലാക്കി ഒരു പോതുയോഗം പോലും വിളിക്കാതെയാണ് ട്രസ്റ്റിന് ഈ സ്വത്തുക്കള്‍ കൈമാറാനുള്ള നടപടി സ്വീകരിച്ചത്.
അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന്റെ കീഴില്‍ ബാലന്‍സ് ഷീറ്റ് ക്ലിയറന്‍സിന്റെ മറവില്‍ സംസ്ഥാന സഹകരണ ബാങ്ക് എഴുതിത്തള്ളിയത് കോടികളാണ്. ഇതൊന്നും റിസര്‍വ് ബാങ്കിന്റെയോ നബാര്‍ഡിന്റെയോ നിരീക്ഷണത്തിലോ നിര്‍ദ്ദേശാനുസരണമോ ആയിരുന്നില്ല. സംസ്ഥാനത്ത് സാങ്കേതികമായി പ്രത്യേക നടപടി സ്വീകരിച്ചാണ് കോടികള്‍ എഴുതിത്തള്ളിയതും അതിനായി പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയതും. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒടിഎസ് വഴി വായ്പകള്‍ എഴുതിത്തള്ളിയതും നിയമവിരുദ്ധമായാണ്. അവയ്ക്കൊന്നും പൊതുയോഗത്തിന്റെ അംഗീകാരമുണ്ടായിരുന്നില്ല.
കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലും ജനാധിപത്യമില്ല. അഡ്മിനിസ്ട്രേറ്റര്‍ ഭരണമെന്ന പേരില്‍ സര്‍ക്കാര്‍ പ്രതിനിധികളാണ് അവിടങ്ങളില്‍ ഭരണം നടത്തുന്നത്. ഇപ്പോള്‍ കേരളാ ബാങ്കിന്റെ രൂപീകരണത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും മുനിസിപ്പല്‍, പഞ്ചായത്ത് ഭരണസമിതികള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ക്കും വായ്പ നല്‍കുന്നതിന് ഉപയുക്തമായ രീതിയില്‍ ആ ബാങ്കിനെ മാറ്റുക എന്നതാണ്. സാധാരണക്കാര്‍ക്ക് ഒരു ഗുണവും കേരള ബാങ്ക് കൊണ്ട് ഉണ്ടാകില്ല.
പ്രൊഫ. എം.എസ്. ശ്രീറാം കമ്മിറ്റിയുടെ ശുപാര്‍ശകളിലൊന്ന് വായ്പേതര സഹകരണ സംഘങ്ങളെ കേരള ബാങ്കില്‍ അംഗങ്ങളാക്കണമെന്നാണ്. അങ്ങനെയായാല്‍ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനാവില്ലെന്ന് സിപിഎമ്മിന് മനസ്സിലായതുകൊണ്ട് ഈ നിര്‍ദ്ദേശം സ്വീകരിച്ചില്ല. പാര്‍ട്ടി ഉടമസ്ഥതയില്‍ ഒരു പൊതുമേഖല ബാങ്ക് ഉണ്ടാക്കാനായിരുന്നു സിപിഎം ആദ്യം ശ്രമിച്ചത്. അതിന് രഞ്ജിത്ത് കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് രൂപീകരണം അസാധ്യമാണെന്ന് മനസ്സിലായി. തുടര്‍ന്നാണ് സഹകരണ മേഖലയിലൂടെ ഈ ലക്ഷ്യം നേടാന്‍ ശ്രമമാരംഭിച്ചത്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: