തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന വിദ്യാരംഭ പൂജകളിലേക്കുള്ള നവരാത്രി വിഗ്രഹഘോഷയാത്ര 26ന് പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ആരംഭിക്കും. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ നടക്കുന്ന ഉടവാള് കൈമാറ്റത്തോടെയാണ് ഘോഷയാത്ര ആരംഭിക്കുന്നത്.
ഘോഷയാത്രയില്‍ സരസ്വതീ ദേവിക്ക് ഉടവാള് അകമ്പടി സേവിക്കും. സരസ്വതീദേവിയോടൊപ്പം ശുചീന്ദ്രം ക്ഷേത്രത്തില്‍ നിന്നും മൂന്നൂറ്റി നങ്കയെയും വേളിമല കുമാരകോവിലിലെ ആറുമുഖ സുബ്രഹ്മണ്യ സ്വാമിയെയും ഘോഷയാത്രയില്‍ പല്ലക്കില്‍ എഴുന്നള്ളിക്കും. 26ന് തിരിക്കുന്ന ഘോഷയാത്ര അന്ന് വൈകുന്നേരം കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ വിശ്രമിക്കും. 27ന് രാവിലെ കുഴിത്തുറയില്‍ നിന്നും തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും. രാത്രി നെയ്യാറില്‍ സരസ്വതീദേവിയുടെ ആറാട്ടും നടക്കും.
ഘോഷയാത്ര കടന്നുപോകുന്ന വീഥികളില്‍ ഹൈന്ദവ സംഘടനകളുടെയും മറ്റും നിരവധി സ്വീകരണങ്ങള്‍ ഉണ്ടായിരിക്കും. 28ന് രാവിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരത്തോടെ കരമനയില്‍ എത്തിച്ചേരും. വിശ്രമത്തിനുശേഷം സരസ്വതീ ദേവിയെ വെള്ളിക്കുതിരയുടെ പുറത്ത് എഴുന്നള്ളിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലേക്ക് ആനയിക്കും. തിരുവിതാംകൂര്‍ കൊട്ടാരം പ്രതിനിധികള്‍ ഘോഷയാത്രയെ സ്വീകരിക്കും. പദ്മതീര്‍ത്ഥക്കുളത്തില്‍ നടക്കുന്ന ആറാട്ട് ചടങ്ങുകള്‍ക്ക് ശേഷം സരസ്വതി വിഗ്രഹത്തെ നവരാത്രി മണ്ഡപത്തില്‍ പൂജയ്ക്കായി കുടിയിരുത്തും.
29ന് രാവിലെ മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രിപൂജകള്‍ ആരംഭിക്കും. സരസ്വതി വിഗ്രഹത്തെ അനുഗമിച്ച മൂന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും സുബ്രഹ്ണ്യസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും പൂജകള്‍ക്കായി കുടിയിരുത്തും. തമിഴ്നാട് സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും ഗാര്‍ഡ് ഓഫ് ഓണര്‍ ഘോഷയാത്രക്ക് നല്‍കും. കളിയിക്കാവിളയില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: