സ്വന്തം നാടിനോടും ഭാഷയോടും സ്നേഹം വേണമെന്ന് ആരെങ്കിലും പറഞ്ഞുതരേണ്ടതല്ല. മാതൃഭാഷയെന്നത് മാതാവിനെപ്പോലെയാണെന്ന് അറിവുള്ളവരും അനുഭവസ്ഥരും എത്രയോ കാലമായി പറയുന്നതാണ്. മാതൃഭാഷ പെറ്റമ്മയ്ക്കു തുല്യമാണെന്നും മറ്റുഭാഷകള്‍ കേവലം ധാത്രിമാരാണെന്നും ഉള്ളത് വെറും കവിവചനമല്ല. നേരറിവിന്റെ ചൂടും ചൂരും മാതൃഭാഷയില്‍ കൂടിയല്ലാതെ അനുഭവിക്കാനാവില്ല. അങ്ങനെ അനുഭവിച്ച് സ്ഫുടം വന്നെങ്കില്‍ മാത്രമേ ഭാഷയുടെ ശക്തിയും സൗന്ദര്യവും ഗരിമയും മറ്റുള്ളവര്‍ക്ക് മനസ്സിലാവുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ മലയാളി പലതിലുമെന്നപോലെ ഇക്കാര്യത്തിലും വിഭിന്നനാണ്. മലയാളം പറയുന്നത് തന്റെ പദവിക്കു യോജ്യമല്ലെന്ന അപകര്‍ഷതാബോധത്തിന്റെ ഉപോല്‍പ്പന്നമായ സ്വഭാവമാണ് അവനെ നിരന്തരം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായാണല്ലോ പിഎസ്സിയുടെ പരീക്ഷയെ കാണുന്നത്.
മലയാളം അധ്യാപകനെ തെരഞ്ഞെടുക്കേണ്ട പരീക്ഷയായാലും അത് ആംഗലേയത്തില്‍ വേണമെന്ന ബോധമാണ് നടത്തിപ്പുകാര്‍ക്കുള്ളത്. ഇക്കാര്യത്തിലെ നീചനിലപാടില് പ്രതിഷേധിച്ചുകൊണ്ടാണല്ലോ അടുത്തിടെ സാഹിത്യനായകന്മാരുള്പ്പെടെ ധര്‍ണ നടത്തുകയും പൊതുജനശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്. മലയാളം, മലയാളി, മനോജ്ഞം എന്ന ഭാവം ഉണര്‍ത്തിയാല്‍ മാത്രമേ മാതൃഭാഷയുടെ കനിവും കരുത്തും അറിയാനാവുകയുള്ളൂ. അതിനുവേണ്ടി സമരം നടത്തുന്നതില്‍വരെ എത്തുന്നു എന്നുപറയുന്നത് ഈ നാടിന് ഭൂഷണമല്ല. ഭാരതത്തില്‍ മാതൃഭാഷയെ ഇമ്മട്ടില്‍ ഇകഴ്ത്തുന്ന സംസ്ഥാനം കേരളം പോലെ മറ്റൊരിടവും ഉണ്ടാവില്ല.
ഏതായാലും പിഎസ്സി പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി എന്നതില്‍ ആഹ്ലാദിക്കാം. അമ്മയുടെ വാത്സല്യം ഇപ്പോഴെങ്കിലും തിരിച്ചറിയാന്‍ മലയാളിക്കായല്ലോ. ശ്രേഷ്ഠഭാഷാപദവിക്കായി ആര്‍ത്തുവിളിച്ചു നടന്നവര്‍പോലും മലയാളത്തിന് അര്‍ഹിക്കുന്ന ഇടങ്ങളില്‍ സ്ഥാനം നല്‍കിയില്ല. ഒരു പ്രക്ഷോഭത്തിന്റെ പ്രചാരമൂല്യങ്ങളിലേക്ക് ഓടിക്കയറുക എന്നതില്‍ക്കവിഞ്ഞ സ്നേഹമൊന്നും മാതൃഭാഷയോട് ഉണ്ടായിരുന്നില്ല. എപ്പോഴും മലയാളത്തെക്കുറിച്ച് പറയുമെങ്കിലും സുപ്രധാന സ്ഥാനം നല്കി ആദരിച്ചിരുന്നത് ആംഗലേയഭാഷയെത്തന്നെയായിരുന്നു.
ഭാഷാഭ്രാന്തിനെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ഭാഷാസ്നേഹത്തെ കൈപിടിച്ചാനയിക്കുകയും ചെയ്യുകയെന്ന രീതിയാണ് അഭികാമ്യം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം ഓരോരുത്തരുടെയും വ്യക്തിത്വ വികാസത്തിനും വിഷയങ്ങള്‍ സമഗ്രമായി അറിയാനും അനിവാര്യമാണെന്നത് വെറുതെ പറയുന്നതല്ല. ഒരു വിഷയം മാതൃഭാഷയില്‍ക്കൂടി മനസ്സിലാവുന്നതിന്റെ അത്ര വരില്ല മറ്റൊരു ഭാഷയിലൂടെ അറിയുന്നത്. മാതൃഭാഷയെ സ്നേഹിക്കാനും ആദരിക്കാനും ഏതെങ്കിലും നിയമംകൊണ്ടോ നടപടികൊണ്ടോ കഴിയുമെന്നും തോന്നുന്നില്ല. എന്നാല്‍ ചില ഇടപെടലുകള്‍ അതിന് യുക്തിഭദ്രമായ കരുത്തുപകരുമെന്ന് നിസ്സംശയം പറയാം.
അങ്ങനെയുള്ള ഒരു ഇടപെടലാണ് പിഎസ്സി പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വഴി വന്നിരിക്കുന്നത്. ഇത്രയും കാലം ഇതിനെക്കുറിച്ച് ആരും ചിന്തിച്ചില്ലെന്നതിനെക്കാള് അപമാനകരമായി മറ്റൊന്നുമില്ലതന്നെ. ഇക്കാര്യത്തില്‍ ഭരണകൂടത്തിനും വലിയൊരു ഉത്തരവാദിത്വമുണ്ട്. ഏതുഫയലും ആംഗലേയത്തില്‍ എഴുതിയെങ്കിലേ അതിന് ആധികാരികത വരൂ എന്ന പഴഞ്ചന്‍ മനോഭാവം ഉദ്യോഗസ്ഥരില്‍നിന്ന് ഇറങ്ങിപ്പോവണം. സ്വഭാഷാസ്നേഹംകൊണ്ടേ ഇതരഭാഷകളോടും സ്നേഹം തോന്നുകയുള്ളൂ എന്ന തരത്തിലേക്ക് നമ്മുടെ സംസ്കാരം ഉയരണം. അതിന് പുതിയ നടപടി സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. ആംഗലേയ സ്നേഹികള്‍ ഇതിനെതിരെ എന്തെല്ലാം ഏടാകൂടമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നറിയില്ല. അതൊന്നും പച്ചപിടിക്കില്ലെന്ന ശുഭാപ്തി വിശ്വാസംതന്നെ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: