രാജ്യംകണ്ട ഏറ്റവും പ്രഗത്ഭ അഭിഭാഷകനായിരുന്ന രാംജത്മലാനി സെപ്തംബര്‍ എട്ടിന് അന്തരിച്ചപ്പോള്‍ രാജ്യം മുഴുവന്‍ കക്ഷിഭേദമെന്യേ അദ്ദേഹത്തെ വാഴ്ത്തി. ഇന്ത്യന്‍ നിയമത്തിന്റെ ഭീഷ്മ പിതാമഹനാണ് വിട്ടുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങള്‍ എഴുതി. ആ ഉപമ ജത്മലാനിയെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാണ് താനും. സകലകലാ വല്ലഭന് മാത്രമല്ല, വിദ്യാവല്ലഭനുമായിരുന്നിട്ടും നിര്‍ണായക ഘട്ടത്തില്‍ ധര്മമേതെന്നറിയുമായിരുന്നിട്ടും, അധര്‍മത്തിന്റെ ചേരിയില്‍ നില്‍ക്കുകയും, ധര്‍മത്തിനെതിരെ യുദ്ധം ചെയ്തു മരിക്കുകയും ചെയ്ത ആചാര്യനായിരുന്നല്ലോ ഭീഷ്മര്‍.
ശാന്തിപര്വംപോലെ മഹാഭാരതത്തിലെ ധര്‍മമവും രാജ്യതന്ത്രവും പ്രതിപാദിക്കുന്ന സര്‍വകാല പ്രസക്തമായ വിഷയങ്ങള്‍ ധര്മപുത്രര്ക്കുപദേശിക്കാന് മാത്രമല്ല, സായുജ്യപ്രാപ്തിക്കായി സഹസ്രനാമ സ്തോത്രം അദ്ദേഹത്തിനു കേള്‍പ്പിക്കുകയും ചെയ്തിരുന്നു. മുക്കാല്‍ നൂറ്റാണ്ട് നീണ്ട ജത്മലാനിയുടെ അഭിഭാഷക വേഷധാരണവും പ്രവൃത്തിയും അന്തംവിട്ടുനിന്നാണ് എതിര്‍കക്ഷികളും, ആദരവോടെ ബെഞ്ചും ശ്രദ്ധിച്ചതെന്ന് അവിടങ്ങളില്‍ നിന്നുവന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
ജത്മലാനിയുടെ ജീവിതവും അത്യന്തം ഉദ്വേഗം നിറഞ്ഞതായിരുന്നു. അവിഭക്ത ഭാരതത്തിലെ സിന്ധു ദേശത്ത് സിക്കര്പൂരിലായിരുന്നു ജനനം. പതിനേഴാം വയസ്സില്‍ അഭിഭാഷകനാകാനുള്ള ബിരുദം നേടാന്‍ സിന്ധ് സര്‍വകലാശാലയുടെ പ്രത്യേകാനുവാദം വേണ്ടിവന്നു. ബിരുദത്തിന് 15 വര്‍ഷവും നിയമപഠനത്തിന് രണ്ടുവര്‍ഷവും വേണ്ടിയിരുന്നുവെന്നോര്ക്കണം. അതിപ്രഗത്ഭര്ക്ക് ഇതിന് നിഷ്കര്‍ഷയോടെയുള്ള നിരീക്ഷണശേഷം പ്രത്യേകാനുമതി നല്കുന്ന പതിവ് അക്കാലത്ത് സര്‍വകലാശാലകളില്‍ നിലനിന്നു. ഭൗതിക ശാസ്ത്ര പ്രതിഭയായിരുന്ന സി.വി. രാമന് അപ്രകാരം പതിനൊന്നാം വയസ്സില്‍ മെട്രിക്കുലേഷന്‍ ജയിച്ച ആളായിരുന്നു. നിയമബിരുദം ലഭിച്ചശേഷം ജത്മലാനി കോടതിയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കാന്‍ സ്വയം വാദിച്ചു ജയിക്കുകയാണു ചെയ്തത്.
1947-ല്‍ രാജ്യം വിഭജിക്കപ്പെട്ട് ജന്മനാടായ സിന്ധ് പാക്കിസ്ഥാനില്പ്പെടുകയും, അവിടത്തെ ഹിന്ദു സമുദായം വംശവിച്ഛേദ ഭീഷണിയെ നേരിടുകയും ചെയ്തപ്പോള്‍ അഭയാര്‍ത്ഥിയായി ഒട്ടേറെപ്പേര്‍ മുംബൈയിലെത്തുകയായിരുന്നു. ദേശീയ നേതാവായിരുന്ന ആചാര്യ കൃപലാനിയും അതേ അവസ്ഥയില്‍ ഭാരതത്തിലെത്തിയതായിരുന്നല്ലോ. കറാച്ചിയിലെ സുപ്രസിദ്ധ ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി രംഗനാഥാനന്ദജി അവിടെ തുടരാന്‍ തീരുമാനിച്ചെങ്കിലും മുസ്ലിംലീഗിന്റെ കൂട്ടക്കൊലയില്‍നിന്ന് രക്ഷിക്കാനുള്ള അപ്രാപ്തി സിന്ധ് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അവരുടെ സഹായത്തോടെ ഭാരതത്തിലേക്ക് സ്വാമിജി രക്ഷപ്പെട്ടുവന്നു.
ഏതായാലും യുവത്വത്തിലേക്കു പ്രവേശിച്ച ജത്മലാനി തന്റെ പ്രതിഭ തെളിയിക്കുകതന്നെ ചെയ്തു. 1950 കളിലെ പ്രമാദമായ നാനാവതി കേസില്‍ പ്രോസിക്യൂട്ടറായിരുന്ന സിഎ. ത്രിവേദിയെ സഹായിക്കുന്ന ചുമതല നിര്വഹിച്ചുകൊണ്ടദ്ദേഹം ശ്രദ്ധയാകര്‍ഷിച്ചു. നാവികസേനയിലെ കമാണ്ടര്‍ നാനാവതിയുടെ പത്നീ കാമുകനായിരുന്ന പ്രേം അഹുജ വധിക്കപ്പെട്ടതിന് നാനാവതിക്കെതിരെ കുറ്റം ചുമത്തപ്പെട്ടു. രാജ്യമാകെ അതീവ താല്‍പ്പര്യം കാട്ടിയ ആ വിചാരണയില്‍ പ്രതി ശിക്ഷിക്കപ്പെട്ടു. സുപ്രീംകോടതിവരെ ശിക്ഷ ശരിവച്ചെങ്കിലും, ഒടുവില്‍ രാഷ്ട്രപതി മാപ്പു നല്‍കിയതില്‍ ജത്മലാനിയുടെ ശ്രമം ഉണ്ടായിരുന്നുവെന്ന് പൊതുധാരണ പരന്നിരുന്നു.
മറ്റഭിഭാഷകര് ധൈര്യപ്പെടാത്ത കേസുകള്‍ വാദിക്കാനും, നിയമത്തിന്റെ നൂലിഴകള്‍ കീറി പരിശോധിച്ച് അനകൂലവിധി നേടാനും ജത്മലാനിക്കു കഴിഞ്ഞിരുന്നു. ഇന്ദിരാഗാന്ധി വധത്തിലേയും, രാജീവ് ഗാന്ധി വധത്തിലേയും പ്രതികള്‍ക്കുവേണ്ടി അദ്ദേഹം വാദിച്ചിട്ടുണ്ട്. നിയമപരിജ്ഞാനവും അതുവേണ്ട സ്ഥലത്തു വേണ്ടരീതിയില്‍ ആയുധമാക്കാനുള്ള അസുലഭ സാമര്‍ത്ഥ്യവും അദ്ദേഹത്തെ പ്രശസ്തനാക്കി.
കോണ്‍ഗ്രസ്സിനോട് അദ്ദേഹത്തിന് കടുത്ത അമര്‍ഷമായിരുന്നു. ഭാരതവിഭജനത്തിനായുള്ള മുസ്ലിംലീഗിന്റെ ശാഠ്യത്തിനും, ബ്രിട്ടീഷ് തന്ത്രത്തിനും വഴങ്ങിയതുതന്നെയായിരുന്നു അടിസ്ഥാന കാരണം. പിന്നീട് തുടര്‍ന്നുവന്ന മുസ്ലിം പ്രീണനം അതിനെ പ്രോത്സാഹിപ്പിച്ചു. അതേസമയം പാര്‍ലമെന്റാക്രമണ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്സല് ഗുരുവിനു ശിക്ഷിയിളവു ചെയ്തു കിട്ടാന്‍ കോടതിയില്‍ പോകുകയും ചെയ്തു.
അടിയന്തരാവസ്ഥക്കെതിരായി കേരള ഹൈക്കോടതിയിലെ രൂക്ഷമായ വാദത്തെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ അറസ്റ്റുവാറണ്ടു പുറപ്പെടുവിക്കപ്പെട്ടുവെങ്കിലും, രാജ്യത്തിനു പുറത്തേക്കു രക്ഷപ്പെട്ട് അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വാജ്പേയിയോടും അദ്വാനിയോടുമുള്ള അടുപ്പംമൂലം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു, ഉപാദ്ധ്യക്ഷനായി. മന്ത്രിസഭയില്‍ നിയമകാര്യം ഏറ്റെടുത്തു. നിയമപരിഷ്കരണത്തിന്റെ ചുമതല ഭംഗിയായി നിര്‍വഹിച്ചു. പരിഷ്കൃത രാജ്യങ്ങളിലെപ്പോലെ സര്‍ക്കാര്‍ സംബന്ധമായ ഏതു വിവരവും അറിയാനുള്ള പൗരന്മാരുടെ മൗലികാവകാശം സ്ഥാപിക്കാനുള്ള നിയമനിര്‍മാണത്തിന്റെ ശ്രേയസ്സ് അദ്ദേഹത്തിന്റെതാണ്. അതു നിയമമായതിനുശേഷം എത്രയെത്ര അഴിമതികളുടെയും ഗൂഢാലോചനകളുടെയും വിവരങ്ങളാണ് പുറത്തുവന്നത്, എത്ര കൊലകൊമ്പന്മാരും കൊമ്പികളുമാണ് അഴിയെണ്ണുന്നതെന്ന് ആലോചിക്കുമ്പോള്‍ ജത്മലാനിയുടെ സേവനത്തിന്റെ മഹിമ തിരിച്ചറിയാന്‍ കഴിയുന്നു.
‘ഡെവിള്‍സ് അഡ്വക്കേറ്റ്’ എന്ന് തമാശയായി വിളിക്കപ്പെട്ട അദ്ദേഹത്തിനൊപ്പം ഈ ലേഖകന്‍ രണ്ടുദിവസം കഴിഞ്ഞതിന്റെ ഓര്‍മകള്‍ വിവരിക്കാനാണിത്രയും എഴുതിയത്.
1999-ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് കേരളത്തില്‍ പ്രചാരണത്തിനെത്തിയ ബിജെപി നേതാക്കളില്‍ ജത്മലാനിയുമുണ്ടായിരുന്നു. തൊടപുഴയിലും തിരുവനന്തപുരത്തുമായിരുന്നു അദ്ദേഹത്തിന് പരിപാടികള്‍ നിശ്ചയിക്കപ്പെട്ടത്. രണ്ടു സ്ഥലത്തും പൊടുന്നനെയാണ് വിവരമെത്തിയത്. ഞാന്‍ ‘ജന്മഭൂമി’യിലിരിക്കുമ്പോള്‍ പി.പി. മുകുന്ദന്റെ ഒരു സന്ദേശം വൈകുന്നേരം തൊടുപുഴയിലെത്തി. ജത്മലാനിയുടെ പ്രസംഗം പരിഭാഷപ്പെടുത്തണമെന്നും, പിറ്റേന്ന് തിരുവനന്തപുരത്തു കൊണ്ടുപോകണമെന്നും. ജന്മഭൂമിയിലെ അന്നത്തെ ജോലി ചെയ്തു തീര്‍ത്ത് തൊടുപുഴയില്‍ എത്തിയപ്പോഴേക്കും യോഗം ആരംഭിച്ചിരുന്നു. ജത്മലാനിയുടെ പ്രസംഗം ആരംഭിക്കുന്നതിന് ഞാനെത്താന്‍ ഉഴറിയിരിക്കുകയായിരുന്നു അവിടത്തെ പ്രവര്‍ത്തകര്‍. അഞ്ചുമിനിട്ട് ശ്വാസം വിട്ടപ്പോഴേക്കും അദ്ദേഹത്തെ അധ്യക്ഷന്‍ ക്ഷണിച്ചു കഴിഞ്ഞു. തൊടുപുഴയിലെ ഇന്നത്തെ ഗാന്ധിസ്ക്വയറിന് സമീപത്തെ ഒരു കടമുറിയുടെ മുകളിലത്തെ പ്രസംഗവേദിയിലെ അദ്ദേഹത്തിന്റെ പ്രസംഗം അളന്നുമുറിച്ച വാക്കുകളില്‍ ആശയവ്യക്തതയുള്ളതായിരുന്നു. കോടതിയില്‍ ഓരോ പോയിന്റ് അവതരിപ്പിക്കുന്നതുപോലുള്ള ഭാഷണമാകയാല് വിവര്‍ത്തനം എളുപ്പമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷണരീതിയില് മറ്റ് ഉത്തരഭാരതീയരുടെതില്നിന്നു വ്യത്യസ്തമായൊരു ശൈലിയുണ്ടായിരുന്നു. അദ്വാനിജിയുടെ പ്രസംഗങ്ങളും അളന്നുമുറിച്ച രീതിയില്‍ വിഷയങ്ങള്‍ അടുക്കിയുള്ളതായിരുന്നതിനാല് വിവര്‍ത്തനം എളുപ്പമായിരുന്നു. ഇരുവരും സിന്ധില്‍, കറാച്ചിയില്ത്തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണെങ്കിലും സമീപനത്തിലും ഭാഷാശൈലിയിലും ഭിന്നത അനുഭവപ്പെട്ടു. തൊടുപുഴയിലെ പ്രസംഗപരിഭാഷ ഒരുവിധം ഒപ്പിച്ചുവെന്നേ പറയാനുള്ളൂ. പിറ്റേന്ന് തിരുവനന്തപുരത്ത് അതു പോരല്ലോ.
രാത്രി ജത്മലാനിക്ക് താമസിക്കാനായി ആയിടെ ആരംഭിച്ച ഹോട്ടലിലെ മുറിയാണ് ഏര്‍പ്പാടു ചെയ്തത്. അവിടെ കൊണ്ടുപോയി. കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ തത്കാലാവസ്ഥയെ വിവരിച്ചുകൊടുക്കേണ്ടിയിരുന്നു. മുന്നണികളുടെ പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാറ് എന്നതിനെയാണ് അദ്ദേഹം വിശദമായി അറിയാന്‍ ആഗ്രഹിച്ചത്. പിറ്റേന്ന് കൂടെ പോകാനുള്ള എന്റെ വിവരങ്ങളും അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. സംഘപ്രചാരകനായിരുന്നതും, ജനസംഘം സംഘടനാകാര്യദര്ശിയായിരുന്നതും, ‘ജന്മഭൂമി’യിലൂടെ മാധ്യമരംഗത്തെത്തിയതുമൊക്കെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സംഭാഷണം ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ എന്നതിനെക്കാള്‍ മാറിയ സമീപനത്തോടെ ആയി.
ആ ഹോട്ടലില്‍ ‘ബാര്‍ ഇല്ലാ’യിരുന്നു. അതിനാല്‍ പരിചാരകനെ വരുത്തി ഐസ് കട്ട എത്തിക്കാന്‍ ആവശ്യപ്പെട്ടു. സ്വന്തം ബാഗില്‍നിന്ന് കുപ്പിയെടുത്ത് കുറേശ്ശെ കഴിച്ചുകൊണ്ടായിരുന്നു സംഭാഷണം. സംഘപ്രചാരകനെതിര്പ്പുണ്ടോ എന്നൊരു കുസൃതി ചോദ്യവും. ബിജെപിക്കാരനായ പ്രബന്ധകനോട് പറഞ്ഞിട്ട് ഞാന്‍ ജത്മലാനിയോട് വിടപറഞ്ഞു. പിറ്റേന്ന് രാവിലെ തിരുവനന്തപുരത്തു പോകാന്‍ തയ്യാറാകാനായി സമീപത്തുള്ള സ്വന്തം വീട്ടിലേക്കു പോന്നു.
പിറ്റേന്ന് കാറില്‍ തിരുവനന്തപുരത്തേക്കു പോകവേ കേരള രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും വിഷയങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മുന്‍ കേരള വരവുകളെല്ലാം കേസ് സംബന്ധമായോ നിയമകാര്യങ്ങള്ക്കോ വേണ്ടിയായിരുന്നു. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകള്‍ അറിയാന്‍ തല്പരനായിരുന്നു. നാലഞ്ചു മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തെത്തി. അവിടെ ഹജൂര്‍ കച്ചേരിക്ക് മുന്‍വശത്തെ മെയിന്‍ റോഡരികില്‍ ആയിടെ ആരംഭിച്ച ഒരു ഹോട്ടല്‍ പങ്കജിന്റെ എട്ടാം നിലയിലെ സ്യൂട്ട് ആയിരുന്നു തിരുവനന്തപുരത്തുകാര്‍ ഏര്‍പ്പാടു ചെയ്തത്. അദ്ദേഹം മുന്‍പ് തിരുവനന്തപുരത്തുവന്നപ്പോഴൊക്കെ മാസ്കറ്റ് ഹോട്ടലിലാണ് താമസിച്ചത്. അതദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട സ്ഥലമാണെന്നു പറഞ്ഞു. ഹോട്ടല്‍ മാനേജുമെന്റ് രാജകീയ സ്വീകരണം കൊടുത്തു. അവിടെ എത്തുന്ന ആദ്യത്തെ വിഐപി അദ്ദേഹമായിരുന്നത്രേ.
ധാരാളം സന്ദര്‍ശകര്‍ അവിടെ എത്തിയിരുന്നു. പ്രചാരണത്തിരക്കിനിടയില്‍ സ്ഥാനാര്‍ത്ഥി കേരളവര്‍മ രാജായും എത്തി. അദ്ദേഹത്തിന് തിരക്കേറിയ പരിപാടികള്‍ നിശ്ചയിച്ചതിനാല്‍ വൈകുന്നേരത്തെ രണ്ടു പരിപാടികളിലും ഉണ്ടാവില്ലെന്നു ഖേദപൂര്‍വം അറിയിച്ചു. വൈകുന്നേരത്തെ പൊതുയോഗങ്ങള്‍ വേണ്ടത്ര ആകര്‍ഷകമായില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ നല്ല രാഷ്ട്രീയ വിശകലനമായിരുന്നെങ്കിലും പൊതുജനങ്ങളെ ഉത്തേജിപ്പിക്കുന്നവിധത്തിലായില്ല. അദ്ദേഹത്തിന്റെ ഭാഷ തലേന്നത്തേക്കാള്‍ പ്രൗഢവും സാഹിത്യസുരഭിലവുമായിരുന്നു. വിവര്‍ത്തനത്തിനു വഴങ്ങാത്തവിധത്തിലുള്ള അവതരണം വിവര്‍ത്തകനെ കുഴപ്പത്തിലാക്കി.
രാത്രിയില്‍ പരിപാടികള്‍ കഴിഞ്ഞു ഹോട്ടലില്‍ ഏതാനും പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അയ്യപ്പന്‍പിള്ള സാറും അശോക് കുമാറും കെ. രാമന്‍പിള്ളയും ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ. അദ്ദേഹത്തിന് തൃപ്തികരമായ ആഹാരം രാത്രിയില്‍ ലഭിച്ചത് എടുത്തു പറയണം. നേരത്തെതന്നെ അവര്‍ വിവരം ശേഖരിച്ചതിനാല്‍ അതിനു പ്രയാസമുണ്ടായില്ല.
പിറ്റേന്ന് ജത്മലാനിയെ ദല്‍ഹിക്ക് വിമാനം കയറ്റിവിടാനുള്ള പ്രവര്‍ത്തകര്‍ അപ്പോഴേക്കും എത്തി. ഞാന്‍ രാത്രിതന്നെ തൊടുപുഴക്കു തിരിച്ചുവന്നു. അദ്ദേഹത്തിന് ഹോട്ടലുകാര്‍ സമ്മാനിച്ച കൗതുകവസ്തുക്കള്‍ ജത്മലാനി എനിക്കു തരികയായിരുന്നു.
അസാധാരണ പരിവേഷമുണ്ടായിരുന്ന അദ്ദേഹത്തോടൊപ്പം രണ്ടുദിവസം ചെലവഴിക്കാന്‍ ലഭിച്ച അവസരം മറക്കാന്‍ കഴിയുന്നതല്ല. കോടതികളില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളും, 96 വയസ്സുവരെ അതുല്യനും അചഞ്ചലനുമായിക്കഴിഞ്ഞതും വിസ്മയത്തോടെയേ ഓര്‍ക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: