കൃഷ്ണന് ഉദ്ധവനോട് പറഞ്ഞു:
ഹേ പുരുഷര്‍ഷഭനായ ഉദ്ധവാ! എല്ലാം എന്നില്‍നിന്ന് പ്രാപിക്കപ്പെട്ടതും സര്‍വവും ദഹിക്കുന്നതും സര്‍വസാക്ഷിയായതുമാണ്.1 ഞാനെന്നറിഞ്ഞാല്‍പ്പിന്നെ എന്നെയല്ലാതെ മറ്റൊന്നും കാണുകയില്ല. അറിയുന്നുവെങ്കില്‍ അതും ഞാനായിത്തോന്നും. ഇനി ഗുണധര്മ്മജ്ഞര് ധരിച്ചിരിക്കുന്ന ഗുണവൃത്തികളുടെ വിധി പറയുന്നു.
ശമം, ദമം, തപസ്സ്, സത്യം, തിതിക്ഷ, ദയ, ധൃതി,* തുഷ്ടി,*1 ത്യാഗം, ശ്രദ്ധ,*2 ശുദ്ധി, അസ്പൃഹ,*3 ക്ഷമ, സ്മൃതി,*4 ലജ്ജ, കാരുണ്യം, തത്ത്വചിന്ത, ദാനശീലം ഇവയെല്ലാം ഫലമുളവാക്കുന്ന സാത്വികലക്ഷണങ്ങളാണ്. കാമം, ഇച്ഛ, മദം, തൃഷ്ണ, സ്തംഭം,*5 ഭേദം,*6 ആശിസ്സ്, സുഖം, മാനസോത്സാഹം, യശസ്സ്, പ്രീതി, ഹര്‍ഷം, വീര്യം,ബലം, ഉദ്യമം, ഭേദബുദ്ധി, ഹാസ്യശീലം, സ്തുതി, പ്രീതി എന്നിവ രജോഗുണവൃത്തികളാകുന്നു. ക്രോധം, ലോഭം, കളവ്, അസ്സത്യം, ഹിംസ, യശസ്സ്, ഡംഭം, തളര്‍ച്ച, കലി, ശോകം, മോഹം, നിദ്ര, വിഷാദം, ഉത്സാഹഹീനത, ആര്‍ത്തി, അന്യോപദ്രവം, ഭ്രമം, ഭീതി, ആശ ഇവയൊക്കെ താമസപ്രകൃതികളാകുന്നു.
ഞാനെന്നും എന്റേതെന്നുമുള്ളവന് സന്നിപാതി*7യാണ്. മനസ്സ്, പ്രാണന്, ഇന്ദ്രിയങ്ങള്‍, എന്നിവയുടെ വ്യാപാരവും സന്നിപാതിക്കുണ്ട്. ധര്‍മ്മത്തിലും അര്‍ത്ഥത്തിലും കാമത്തിലും ശരിക്കും പരിനിഷ്ഠനായിട്ടുള്ളവന് എന്നും ധനമാര്‍ജ്ജിക്കാനുള്ള അത്യാശ, രതി, ശാസ്ത്രങ്ങളില്‍ ശ്രദ്ധ എന്നിവയുമുണ്ടെങ്കില്‍ അവനും സന്നികര്ഷനാണ്. ഗുണസങ്കലനംകൊണ്ട് കര്‍മ്മങ്ങളില്‍ ലക്ഷണനിഷ്ഠനും ആശ്രമത്തിലും ഗൃഹത്തിലും ധര്‍മ്മനിഷ്ഠയും സ്വധര്മ്മസ്ഥൈര്യവുമുള്ളവനും സന്നിപാതിയാണ്. ശമം മുതലായ സദ്ഗുണങ്ങളുള്ളവന് സത്വാഢ്യനാണെന്നും ക്രമത്തിലധികം ആഗ്രഹമുള്ളവന് രജഃപ്രധാനനാണെന്നും അമിതമായി ക്രോധമുള്ളവന്‍ തമഃപ്രധാനനാണെന്നും ധരിക്കുക.
——————————–
* സങ്കടത്തിലും ആപത്തിലും മനസ്സിളകാതെയുള്ള ധൈര്യം.
*1 സന്തോഷം.
*2 ഗുരുമൊഴികളെയും ശാസ്ത്രങ്ങളെയും വിശ്വാസത്തോടെ ഗ്രഹിക്കല്‍ അഥവാ ശാസ്ത്രത്തിലും ഗുരുവിലുമുള്ള വിശ്വാസം.
*3 ആഗ്രഹമില്ലായ്മ.
*4- അനുഭവത്തിന്റെ ഫലമായ ജ്ഞാനം.
*5 ബുദ്ധിയില്ലായ്മ, ജളത്വം.
*6 ഭിന്നിപ്പ്.
*7 ഗുണസ്വഭാവങ്ങളുടെ സങ്കലനമുള്ളവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: