ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്കയ്ക്കെതിരെ പരാതിയുമായി ബോളിവുഡ് താരം മുകേഷ് ഖന്ന. ഈ സിനിമയില്‍ തനിക്കു പകര്‍പ്പവകാശമുള്ള ശക്തിമാന്റെ വേഷത്തില്‍ മുകേഷ് പ്രത്യക്ഷപ്പെട്ടതിനെതിരെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് മുകേഷ് ഖന്ന പരാതി നല്കി.
1997ല്‍ ദൂരദര്ശന് വേണ്ടി താന്‍ തന്നെ നിര്‍മ്മിച്ച് അഭിനയിച്ച കഥാപാത്രമാണ് ശക്തിമാന് എന്ന് മുകേഷ് ഖന്ന വ്യക്തമാക്കി. ഇതിന്റെ പകര്‍പ്പവകാശം തന്നില്‍ നിലനില്‍ക്കെ, അത് ലംഘിച്ചു കൊണ്ടാണ് മുകേഷ് ശക്തിമാനായി ഒമര്‍ ലുലു ചിത്രത്തില്‍ വേഷമിടുന്നത് എന്നാണ് മുകേഷ് ഖന്നയുടെ പരാതി. ശക്തിമാന് കഥാപാത്രം സിനിമയില്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തിമാന് കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് പകര്‍പ്പവകാശമുള്ളതാണ്. അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും മുകേഷ് ഖന്ന ആരോപിച്ചു. 1997 കളില്‍ ദൂരദര്‍ശനില്‍ ഹിറ്റ് സീരിയലായിരുന്നു ശക്തിമാന്. ഓഗസ്റ്റ് മാസം ‘അന്തസ്സുള്ള ശക്തിമാന്’ എന്ന അടിക്കുറിപ്പോടെയാണ് മുകേഷിന്റെ ശക്തിമാന് വേഷത്തിലെ ചിത്രം ഒമര്‍ ചിത്രം പുറത്തു വിട്ടത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്‍സ്റ്റയില്‍ ചെറിയൊരു വീഡിയോയും ഒമര്‍ ഷെയര്‍ ചെയ്തു.
സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള ഒരു കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നും എന്നിട്ടും അനുമതി ലഭിച്ചില്ലെങ്കില്‍ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു. ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാല താരമായി വന്ന അരുണ്‍ നായകനാവുന്ന ചിത്രമാണ് ധമാക്ക. നായിക നിക്കി ഗില്‍റാണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: