ന്യൂദല്‍ഹി : വിദേശ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് ഈ വര്‍ഷം മാര്‍ച്ച് 28ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്നുമക്കള്‍ക്കുമായാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ഏപ്രില്‍ 12 ന് ഹാജരായി വിശദീകരണം നല്‍കാനായി ആദായനികുതി വകുപ്പ് സിറ്റിങ്ങും ക്രമീകരിച്ചിരുന്നു. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.
അതേസമയം ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയന്‍സ് കമ്പനിയുടെ വക്താവ് നിഷേധിച്ചു. മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയത്. 2004 ഫെബ്രുവരി ഒമ്പതിന് 40 കോടി ഡോളര്‍ റിലയന്‍സ് പോര്‍ട്സ് ആന്‍ഡ് ടെര്‍മിനല്‍സിലേക്ക് നിക്ഷേപമായി ഇവിടെ നിന്ന് എത്തി. എന്നാല്‍ ഈ നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ തുക ആത്യന്തികമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹോള്‍ഡിങ്ങ്സിലേക്ക് എത്തുകയും, മുകേഷ് അംബാനി കുടുംബത്തിലെ നാല് പേരാണ് ഇതിന്റെ ഗുണഭോക്താക്കളുമെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്നും റിപ്പോര്‍ട്ടിലുണ്ട്.
















